ജെല്ലിക്കെട്ട് നിരോധനം: പ്രതിഷേധം അക്രമാസക്തം

Saturday 14 January 2017 3:25 pm IST

മധുര: ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് മധുരയില്‍ പ്രതിഷേധം. ആവണിയാപുരത്ത് നടന്ന പ്രതിഷേധ റാലി അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് ലാത്തിവീശി. സംഭവവുമായി ബന്ധപ്പെട്ട്  മുപ്പത് പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് വ്യക്തമാക്കി. സംഘര്‍ഷത്തില്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ക്കും കേടുപാട് ഉണ്ടായി. ക്രമസമാധാനം നിലനിര്‍ത്താനുളള എല്ലാ നടപടികളും സ്വീകരിച്ചുകഴിഞ്ഞതായി പോലീസ് വ്യക്തമാക്കി. അതേസമയം കോടതിയുടെ വിധിയെ വെല്ലുവിളിച്ച് തമിഴ്‌നാട്ടിലെ ചില ഗ്രാമങ്ങളില്‍ ജെല്ലിക്കെട്ട് മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ നീക്കം നടന്നു. കാളപ്പോര് മത്സരങ്ങളുടെ കേന്ദ്രമായ മധുര, പഴനി, നാഗപട്ടിണം, കോയമ്പത്തൂര്‍ മേഖലകളിലാണ് തീവ്ര തമിഴ് അനുകൂല സംഘടനകളുടെ പിന്‍ബലത്തോടെ യുവാക്കള്‍ കാള കൂറ്റന്‍മാരുമായി രംഗത്തെത്തിയത്. മധുര ജില്ലയിലെ കരൈസല്‍ കുളത്തെ മൈതാനത്ത് കാളപ്പോര് സംഘടിപ്പിക്കുന്നതിനായി അന്‍പതോളം യുവാക്കള്‍ അഞ്ച് കാളകളുമായി എത്തിയിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തത്തെിയ പോലീസ് മത്സരം തടയുകയായിരുന്നു. എന്നാല്‍, ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പഴനിക്ക് സമീപം ആണ്ടിപ്പട്ടി ഗ്രാമത്തിലും നാഗപട്ടിണം ജില്ലയിലെ വലിവാളം പഞ്ചായത്തിലെ കൊടിയലാനത്തൂര്‍ ഗ്രാമത്തിലും ജെല്ലിക്കെട്ട് മത്സരം സംഘടിപ്പിച്ചു. നാംതമിഴര്‍ കക്ഷി പ്രവര്‍ത്തകരാണ് മിക്കയിടത്തും സംഘാടകരായി രംഗത്തുള്ളത്. കോയമ്പത്തൂര്‍ - പാലക്കാട് ദേശീയ പാതയില്‍ എട്ടിമടൈക്ക് സമീപം നൂറോളം കര്‍ഷകരുടെ നേതൃത്വത്തില്‍ കാളവണ്ടിയോട്ട മത്സരം നടന്നു. 100 കാളവണ്ടികളും 200 കാളകളും പങ്കെടുത്തതായി മത്സരം സംഘടിപ്പിച്ച കാളവണ്ടിയോട്ട കമ്മിറ്റി പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിരുന്നെങ്കിലും പോലീസ് സംയമനം പാലിച്ചു. സുരക്ഷയുടെ ഭാഗമായി കോയമ്പത്തൂര്‍- പാലക്കാട് ദേശീയ പാതയില്‍ നൂറോളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. വന്യജീവി പട്ടികയിലുള്ള കാളകളെ യാതൊരു മത്സരങ്ങള്‍ക്കും ഉപയോഗിക്കാന്‍ പാടില്ലെന്നാണ് സുപ്രീംകോടതി നിര്‍ദേശം. കഴിഞ്ഞദിവസം നാം തമിഴര്‍ കക്ഷി നേതൃത്വത്തില്‍ കടലൂരില്‍ കാളപ്പോര് സംഘടിപ്പിച്ച 28 പേരെ അറസ്റ്റ് ചെയ്തിരുന്നു. പൊങ്കല്‍ദിനമായതിനാല്‍ ജെല്ലിക്കെട്ടിന്റെ പേരില്‍ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ആവണിയാപുരം, പലമേട്, അലന്‍ഗനല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കി. ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഇന്നലെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രവര്‍ത്തകര്‍ കാലികളുമായി എത്തി കളക്ട്രേറ്റിനുമുന്നില്‍ കുത്തിയിരുന്നു പ്രതിഷേധ പ്രകടനം നടത്തി. ചെന്നൈ മറീനാ ബീച്ചിലും മധുരെയിലും വന്‍ പ്രതിഷേധമാണ് നടന്നു വരുന്നത്. ജെല്ലിക്കെട്ടിന്റെ വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം പരിഗണിച്ചിരുന്നുവെങ്കിലും തമിഴ്‌നാടിന്റെ ഹര്‍ജി തള്ളുകയായിരുന്നു. പൊങ്കലിനോട് അനുബന്ധിച്ച നടത്തുന്ന ജെല്ലിക്കെട്ട് അതുകൊണ്ട് തന്നെ ഇക്കുറിയും മുടങ്ങുകയായിരുന്നു. എന്നാല്‍ വിലക്ക് മറികടന്ന് ജെല്ലിക്കെട്ട് സംഘടിപ്പിക്കുമെന്ന് പല സംഘടനകളും നേരത്തെ പ്രചാരണം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിഷേധം നടന്നത്. 2014 ലാണ് ജെല്ലിക്കെട്ട് സുപ്രീംകോടതി നിരോധിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.