സംസ്ഥാനത്താദ്യമായി മൊബൈല്‍ ആപ്പ് വഴി പഠനനേട്ടം വിരല്‍തുമ്പിലെത്തുന്നു

Saturday 14 January 2017 5:40 pm IST

കണ്ണൂര്‍: മൊബൈല്‍ ആപ്പ് വഴി പഠനനേട്ടം വിരല്‍തുമ്പിലെത്തുന്ന പദ്ധതി സംസ്ഥാനത്താദ്യമായി കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തില്‍ നടപ്പിലാക്കുന്നു. കല്ല്യാശ്ശേരി മണ്ഡലം സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ലെന്‍സ്@കല്ല്യാശ്ശേരി എന്ന മൊബൈല്‍ ആപ്പിലൂടെയാണ് മണ്ഡലത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും സമഗ്രവിവരങ്ങളും പഠന-അനുബന്ധമികവുകളുടെയും വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് ലഭിക്കുക. ആപ്പിലൂടെ വിദൂരങ്ങളിലുള്ള രക്ഷിതാക്കള്‍ക്ക് കുട്ടിയുടെ വിവരം ലഭ്യമാകുന്നതിനപ്പുറം അധ്യാപകരുമായി സംവദിക്കുവാനും കഴിയും. മണ്ഡലത്തിലെ മൂപ്പതിനായിരം കുട്ടികളും 1360 അധ്യാപകരും പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. മാട്ടൂല്‍ സെന്‍ട്രല്‍ മുസ്ലീം എല്‍പി സ്‌കൂള്‍ അധ്യാപകന്‍ ടി.പി.ഷാജിയാണ് ലെന്‍സ് ആപ്പ് രൂപകലല്‍പന ചെയ്തത്. രക്ഷിതാക്കള്‍ക്ക് ഗൂഗിള്‍ പ്ലെസ്റ്റോര്‍ വഴി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇതിന് ശേഷം ലോഗിന്‍ സ്‌ക്രീനില്‍ ക്ലിക്ക് ചെയ്തത ശേഷം ഓരോ സ്‌കൂളിനും നിശ്ചിത കോഡുണ്ടായിരിക്കും അത് സ്‌കൂള്‍ അധികൃതരില്‍ നിന്നും ചോദിച്ച് മനസ്സിലാക്കി ടൈപ്പ് ചെയ്യുകയും ചെയ്യണം. യൂസര്‍ നെയിമും പാസ്‌വേര്‍ഡും കുട്ടിയുടെ അഡ്മിഷന്‍ നമ്പര്‍ തന്നെയായിരിക്കും. ഒരു തവണ അഡ്മിഷന്‍ നമ്പര്‍ ഉപയോഗിച്ച് പേജ് ഓപ്പണാക്കിയാല്‍ പിന്നീട് രക്ഷിതാക്കള്‍ക്ക് പാസ്‌വേര്‍ഡ് ഇഷ്ടാനുസരണം മാറ്റാവുന്നതാണ്. ആപ്പിലൂടെ കുട്ടികളുടെ രാവിലെയും ഉച്ചക്കും എടുക്കുന്ന അറ്റന്റന്‍സ്, പ്രോഗ്രസ് കാര്‍ഡ് ഷീറ്റ് എന്നിവയെല്ലാം ലഭ്യമാകും. പിടിഎ മീറ്റിങ്ങിലും രക്ഷിതാക്കളുടെ പ്രത്യേകമായ മീറ്റിങ്ങിലുമെല്ലാം മിക്ക വിദ്യാര്‍ത്ഥികളുടെയും അമ്മമാരായിരിക്കും എത്തുക. അമ്മയ്ക്ക് മാത്രമല്ല അച്ഛനും കുട്ടിയുടെ മേല്‍ ഉത്തരവാദിത്വം ഉണ്ടാകുകയും കുട്ടിയുടെ പഠനനിലാവരം അടുത്തറിയാനും ഈ ആപ്പ് ഉപകാരപ്രദമാകും. ആപ്പിന്റെ സമര്‍പണവും ജനകീയ വിദ്യാഭ്യാസ സംഗമവും 19ന് കാലത്ത് പത്തരക്ക് മാടായി ഗവ. ജിവിഎച്ച്എസ് ഓഡിറ്റോറിയത്തില്‍ ടി.വി.രാജേഷ് എംഎല്‍എയുടെ അധ്യക്ഷതയില്‍ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ മാടായി എഇഒ ടി.സുകുമാരന്‍, പി.യു.രമേശന്‍, പി.നാരായണന്‍കുട്ടി, ബിപിഒ രാജേഷ് കടന്നപ്പള്ളി, ടി.പി.ഷാജി എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.