മകരജ്യോതി തെളിഞ്ഞു, പുണ്യം നേടി പുല്ലുമേടിറങ്ങി

Saturday 14 January 2017 8:56 pm IST

പൊന്നമ്പലമേട്ടില്‍ തെളിഞ്ഞ മകരജ്യോതി ദര്‍ശിച്ച് ശരണം വിളിക്കുന്ന പുല്ലുമേട്ടിലെ അയ്യപ്പ ഭക്തര്‍

ഇടുക്കി: പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞതോടെ പുല്ലുമേട്ടില്‍ മണിക്കൂറുകളോളം കാത്തിരുന്ന അയ്യപ്പഭക്തര്‍ ദര്‍ശന സായൂജ്യത്തോടെ ശരണം വിളിച്ചു. മകരജ്യോതി ഭക്തരുടെ മനസ്സിനും പുണ്യം പകര്‍ന്നതോടെ ദിവസങ്ങള്‍ക്കുമുമ്പേ പുല്ലുമേട്ടില്‍ തമ്പടിച്ചിരുന്ന ഭക്തര്‍ മേടിറങ്ങി. ഇക്കുറിയും സുഗമ മകരജ്യോതി ദര്‍ശനത്തിനായി വിവിധ സ്ഥലങ്ങളില്‍ വിപുലമായ സുരക്ഷാ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്.

ബി.എസ്.എന്‍.എല്‍ താല്‍ക്കാലിക ടവര്‍ പുല്ലുമേട്ടില്‍ സജ്ജീകരിച്ചത് വാര്‍ത്താവിനിമയത്തിനും ആശയവിനിമയത്തിനും ഏറെ സഹായകരമായി. മകരവിളക്ക് ദിവസം ഇടുക്കി ആര്‍.ഡി.ഒ പി.ജി. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പുല്ലുമേട് ക്യാമ്പ് ചെയ്ത് സജ്ജീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. മകരജ്യോതി ദര്‍ശിക്കാന്‍ ഭക്തര്‍ എത്തുന്ന ഒന്‍പത് ഇടങ്ങളില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരും ക്യാമ്പ് ചെയ്ത് സുരക്ഷ ഉറപ്പാക്കി.

ജില്ലാ കളക്ടര്‍ ജി.ആര്‍ ഗോകുല്‍, ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാല്‍, ആര്‍.ഡി.ഒ പി.ജി രാധാകൃഷ്ണന്‍, പുല്ലുമേട്ടില്‍ നേരിട്ട് സന്നിഹിതരായി സുരക്ഷ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് ( ഈസ്റ്റ് ഡിവിഷന്‍) ഡെപ്യൂട്ടി ഡയറക്ടര്‍ കിഷന്‍കുമാര്‍, വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും മകരവിളക്ക് ദിവസം പുല്ലുമേട്ടില്‍ സന്നിഹിതരായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.