സ്‌കൂള്‍ കലോത്സവം വിജിലന്‍സ് നിരീക്ഷിക്കും

Saturday 14 January 2017 10:28 pm IST

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവത്തിന്റെ നടത്തിപ്പും വിധിനിര്‍ണയവും വിജിലന്‍സ് നിരീക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കലോത്സവങ്ങളുടെ നടത്തിപ്പും വിധിനിര്‍ണയവുമെല്ലാം നിരീക്ഷിക്കാന്‍ വിജിലന്‍സ് ഡയറക്ടറോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അപ്പീലുകള്‍ നീതിപൂര്‍വകമായി തീര്‍പ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വിദ്യാഭ്യാസവകുപ്പിനും വേദികളിലെ ഒത്തുകളികളും കയ്യാങ്കളിയും ഇല്ലാതാക്കാന്‍ നിര്‍ദ്ദേശങ്ങളും മാര്‍ഗരേഖകളും നടപ്പാക്കണമെന്ന് വിദ്യാഭ്യാസമന്ത്രിക്കും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. സ്‌കൂള്‍ കലോത്സവവേദികളില്‍ തഴയപ്പെട്ട നര്‍ത്തകി മുഖ്യമന്ത്രിക്ക് എഴുതിയ കത്താണ് ഉത്തരവു നല്‍കാന്‍ പ്രേരണയായത്. തിരുവനന്തപുരം നാലാഞ്ചിറ സെന്റ്‌ജോണ്‍സ് മോഡല്‍ എച്ച്എസ്എസിലെ ഐ.എസ്. അനര്‍ഘ എന്ന കുട്ടിയുടെ പരാതി കുട്ടിയെ വിളിച്ചുവരുത്തി മുഖ്യമന്ത്രി കേട്ടു. സബ്ജില്ലാകലോത്സവത്തില്‍ കേരളനടനത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ച കുട്ടിക്ക് ജില്ലാ കലോത്സവത്തില്‍ അംഗീകാരം നിരസിച്ചുവെന്നും സ്ഥാനവും ഗ്രേഡും നല്‍കുന്നത് കലോത്സവ മാഫിയയുടെ താല്പര്യമനുസരിച്ചു മാത്രമാണെന്നുമാണ് അനര്‍ഘ മുഖ്യമന്ത്രിയോട് വിശദീകരിച്ചത്. വിധിനിര്‍ണയത്തിലും അപ്പീലുകളിലും കലോത്സവ മാഫിയ സജീവമായി പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ തെളിവുകളും കുട്ടി ഹാജരാക്കി. ഈ വര്‍ഷം ജില്ലാകലോത്സവത്തില്‍ കേരളനടനത്തിലും കുച്ചുപ്പുടിയിലും താന്‍ പിന്തള്ളപ്പെട്ടത് അട്ടിമറിയിലൂടെയാണെന്നും കുട്ടി ബോധിപ്പിച്ചു. ഒന്നേകാല്‍ വയസ്സുള്ളപ്പോള്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട അനര്‍ഘയെ വളര്‍ത്തുന്നത് അമ്മാവനായ പി. രാധാകൃഷ്ണന്‍നായരാണ്. നാലാഞ്ചിറയില്‍ ഓട്ടോഡ്രൈവറായ ഇദ്ദേഹം അനര്‍ഘയെ തന്റെ രണ്ടു പെണ്‍മക്കള്‍ക്കൊപ്പം വളര്‍ത്തി പഠിപ്പിക്കുകയാണ്. പഠനത്തിലും നൃത്തത്തിലും ഏറെ മികവു കാണിക്കുന്ന കുട്ടിയുടെ പഠനച്ചെലവ് പോലും താങ്ങാനാകാത്ത ഇദ്ദേഹത്തിന് ഓരോ ഇനത്തിലും പണമടച്ച് അപ്പീലുകള്‍ ഫയല്‍ ചെയ്യാനാകുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.