ജില്ലാ കഥകളിമേള ഇന്ന് സമാപിക്കും

Saturday 14 January 2017 10:28 pm IST

പത്തനംതിട്ട: അയിരൂര്‍ ചെറുകോല്‍പ്പുഴ പമ്പാ മണല്‍പ്പുറത്ത് നടക്കുന്ന കഥകളി മേള ഇന്ന് സമാപിക്കും. വിദ്യാര്‍ത്ഥികളുടെ കലാപഠനം യുവജനോത്സവ മത്സരങ്ങള്‍ക്കു വേണ്ടി മാത്രമാകരുതെന്നും അത്തരം പ്രവണത ഉപേക്ഷിച്ച് കലാപഠനത്തെ ഗൗരവമായി കാണുന്ന ഒരു രീതി കടന്നു വരേണ്ടത് അനിവാര്യമാണെന്നും കേരളകലാമണ്ഡലം കല്‍പിത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ പി. എന്‍. സുരേഷ്. കഥകളിമേളയോടനുബന്ധിച്ച് ക്ലാസിക്കല്‍ കലാമത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എം. അയ്യപ്പന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി കഥകളി സംഗീതം, തായമ്പക, മലയാളം ഇംഗ്ലീഷ് പ്രസംഗം, ശാസ്ത്രീയ സംഗീതം, വഞ്ചിപ്പാട്ട് എന്നീ മത്സരങ്ങള്‍ നടന്നു. വൈകിട്ട് 4 ന് കഥകളിയിലെ തൗരത്രിക സൗന്ദര്യം എന്ന വിഷയത്തില്‍ നടന്ന സെമിനാറിന് കലാമണ്ഡലം സൂര്യനാരായണന്‍ നേത്യത്വം നല്‍കി. റ്റി. സി. സുനില്‍ദത്ത് മോഡറേറ്ററായിരുന്നു.6 ന് കെ. ചെല്ലമ്മ ആട്ടവിളക്ക് തെളിയിച്ചു. തുടര്‍ന്ന് പത്മശ്രീ കലാമണ്ഡലം ഗോപി പങ്കെടുത്ത കിര്‍മ്മീരവധം കഥകളി നടന്നു. കഥകളിമേളയില്‍ ഇന്ന് രാവിലെ 10 ന് കലാമണ്ഡലം ഹൈദരാലി സ്മാരക അഖിലകേരളാ കഥകളി ക്വിസ് മത്സരവും ചിത്രരചനാ മത്സരവും റ്റി. കെ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് ജോയിന്റ് സെക്രട്ടറി ജി. ജയറാം അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 3.30 ന് ശ്രുതിലയം കഥകളി സോപാന-ചലച്ചിത്ര സംഗീത സമന്വയം നടത്തപ്പെടും. ഇത്തവണത്തെ അയിരൂര്‍ സദാശിവന്‍ അവാര്‍ഡ് ജേതാവ് ഏലൂര്‍ ബിജു, കലാമണ്ഡലം ജയപ്രകാശ്, കലാമണ്ഡലം കൃഷ്ണകുമാര്‍, ശ്രീകുമാര്‍ സദാശിവന്‍, ശ്രീലാല്‍ സദാശിവന്‍ എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് 5.30 ന് കഥകളിമേള സമാപന സമ്മേളനം സാംസ്‌കാരിക വകുപ്പു മന്ത്രി എ. കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. അയിരൂര്‍ രാമന്‍പിള്ള അവാര്‍ഡ്, അയിരൂര്‍ സദാശിവന്‍ അവാര്‍ഡ് എന്നിവ വി. ആര്‍. വിമല്‍രാജ്, ഏലൂര്‍ ബിജു എന്നിവര്‍ക്ക് നല്‍കും. ക്ലബ്ബ് രക്ഷാധികാരി പി. എസ്. നായര്‍ അദ്ധ്യക്ഷം വഹിക്കും. രാജു ഏബ്രഹാം എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും. ഡോ. ബി. ഉദയനന്‍, തോമസ് തമ്പി, വി.എന്‍. ഉണ്ണി, പ്രസാദ് കൈലാത്ത്, എസ്.ദിലീപ് കുമാര്‍ എന്നിവര്‍ പ്രസംഗിക്കും. 6.30 മുതല്‍ ദുര്യോധനവധം കഥകളി നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.