മകരജ്യോതി കണ്ട് ലക്ഷങ്ങള്‍ക്ക് സായൂജ്യം

Saturday 14 January 2017 10:59 pm IST

ദിവ്യദര്‍ശനം… സന്നിധാനത്ത് മകരജ്യോതി ദര്‍ശിക്കുന്ന ഭക്തര്‍

ശബരിമല: മകരനക്ഷത്രവും പൊന്നമ്പലമേട്ടില്‍ തെളിഞ്ഞ മകരജ്യോതിയും സര്‍വ്വാഭരണ വിഭൂഷിതനായ മണികണ്ഠ സ്വാമിയെയും കണ്ട് ഭക്തജനലക്ഷങ്ങള്‍ക്ക് സായൂജ്യം. പന്തളത്തു നിന്ന് കൊണ്ടുവന്ന തിരുവാഭരണം വൈകിട്ട് 6.15ന് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ശ്രീകോവിലിനുള്ളിലേക്ക് ഏറ്റുവാങ്ങി. 6.40ന് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയ്ക്ക് മണിനാദം മുഴങ്ങിയതോടെ മാനത്ത് മകര നക്ഷത്രമുദിച്ചു.

ഭക്തജന ലക്ഷങ്ങളുടെ ശരണ മന്ത്രങ്ങള്‍ക്കിടയില്‍ പൊന്നമ്പലമേട്ടില്‍ കൃത്യം 6.43ന് ആദ്യതവണ ജ്യോതി തെളിഞ്ഞുമറഞ്ഞു. വീണ്ടും 9 സെക്കന്റും 16 സെക്കന്റും പിന്നിട്ട് രണ്ടുതവണകൂടി ജ്യോതി തെളിഞ്ഞതോടെ സന്നിധാനം നാമജപ മുഖരിതമായി.
രാവിലെ 7.40ന് സംക്രമപൂജ നടന്നു. ഉച്ചപ്പൂജവരെ പതിനായിരങ്ങള്‍ ദര്‍ശനം നേടി. പന്തളം കൊട്ടാരത്തില്‍നിന്നും പുറപ്പെട്ട തിരുവാഭരണ ഘോഷയാത്രയെ വൈകിട്ട് 5.30ന് ശരംകുത്തിയില്‍ ദേവസ്വം എക്സി. ഓഫീസര്‍ ആര്‍. രവിശങ്കര്‍, പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ എസ്. സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

തുടര്‍ന്ന് കൊടിമരച്ചുവട്ടിലെത്തിയ തിരുവാഭരണ പേടകം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗങ്ങളായ അജയ് തറയില്‍, കെ. രാഘവന്‍, രാജു എബ്രഹാം എംഎല്‍എ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി ടി.എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ശ്രീകോവിലിനുള്ളിലേക്ക് തിരുവാഭരണം എത്തിച്ചു. ലക്ഷോപലക്ഷം ഭക്തരാണ് പൂങ്കാവനത്തിലെ 18 മലകളിലുമായി പര്‍ണ്ണശാലകള്‍കെട്ടി കാത്തിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.