ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന

Saturday 14 January 2017 11:02 pm IST

കൊച്ചി: മലയാള സിനിമാ മേഖലയെ പ്രതിസന്ധിയിലാക്കിയ തിയേറ്റര്‍ സമരം പിന്‍വലിച്ചു. നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ തിയേറ്റര്‍ ഉടമകളുടെ പുതിയ സംഘടന രൂപീകരിച്ചു. 'എ' ക്ലാസ് തിയേറ്റര്‍ ഉടമകളുടെ സംഘടന ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചക്ക് വിളിച്ച സാഹചര്യത്തിലാണ് സമരത്തില്‍നിന്ന് പിന്മാറിയതെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് ബദലായി പുതിയ സംഘടന നിലവില്‍വന്നു. നിര്‍മ്മാതാക്കളും വിതരണക്കാരും തീയറ്റര്‍ ഉടമകളും സംവിധായകരും ചേരുന്നതാണ് പുതിയ സംഘടന. ഈ സംഘടനയുടെ ഭാഗമായി അറുപതോളം തീയറ്റര്‍ ഉടമകള്‍ ചേര്‍ന്ന് നടന്‍ ദിലീപ് ചെയര്‍മാനും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വൈസ്‌ചെയര്‍മാനുമായി കൂട്ടായ്മയ്ക്കും രൂപം നല്‍കി. കൊച്ചിയില്‍ ചേര്‍ന്ന യോഗമാണ് സംഘടനക്ക് രൂപം നല്‍കിയത്. തീയറ്റര്‍ ഉടമകളുടെ കൂട്ടായ്മയ്ക്ക് ശക്തിപകരാന്‍ നിര്‍മ്മാതാക്കളും സംവിധായകരും വിതരണക്കാരും ചേരുന്ന കണ്‍സോര്‍ഷ്യമാണ് പുതിയ സംഘടന. ഇതിന്റെ പേരും പ്രവര്‍ത്തനരീതിയും ഭാരവാഹികളുടെ പട്ടികയും ഒരാഴ്ചയ്ക്കകം തീരുമാനിക്കുമെന്ന് ദിലീപ് അറിയിച്ചു. ആഴ്ചകളായി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നടത്തുന്ന തീയറ്റുകള്‍ അടച്ചുള്ള സമരവും ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ ഏകപക്ഷീയ നിലപാടുകളുമാണ് പുതിയ സംഘടനയുടെ രൂപീകരണത്തിന് കാരണമായത്. ഇനി പുതിയ സംഘടനയായിരിക്കും ഏതൊക്കെ സിനിമകള്‍ ഏതൊക്കെ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് തീരുമാനിക്കുകയെന്ന് ദിലീപ് പറഞ്ഞു. നിര്‍മ്മാതാക്കളായ ജി. സുരേഷ്‌കുമാര്‍, വിബികെ മേനോന്‍, സിയാദ് കോക്കര്‍ തുടങ്ങിയവരായിരിക്കും ഉപദേശകസമിതിയംഗങ്ങള്‍. ഒരു സ്റ്റിയറിങ് കമ്മിറ്റിക്കും രൂപം നല്‍കിയിട്ടുണ്ട്. ബി. ഉണ്ണികൃഷ്ണന്‍, സത്യന്‍ അന്തിക്കാട്, സിദ്ദിഖ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.