സ്‌കൂള്‍ പ്രവേശനം: വിചിത്ര നിലപാടുമായി സ്‌കൂള്‍ അധികൃതര്‍

Sunday 15 January 2017 3:15 pm IST

ന്യൂദല്‍ഹി: രണ്ടു കുട്ടികളില്‍ കൂടുതലുള്ള ദമ്പതിമാരുടെ കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ് ദല്‍ഹിയിലെ സല്‍വാന്‍ സ്‌കൂള്‍ അധികൃതര്‍. രണ്ടു കുട്ടികളില്‍ കൂടുതലുണ്ടെങ്കില്‍ ഈ സ്‌കൂളില്‍ നിങ്ങളുടെ കുട്ടിയ്ക്ക് അഡ്മിഷന്‍ ലഭിക്കില്ല. പടിഞ്ഞാറന്‍ ദല്‍ഹിയിലെ രാാജേന്ദ്ര നഗറില്‍ സ്ഥിതി ചെയ്യുന്ന സല്‍വാന്‍ സ്‌കൂളധികൃതരാണ് ഇത്തരമൊരു വിചിത്ര നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. സ്‌കൂളില്‍ ചേര്‍ക്കുന്നതിനുള്ള അപേക്ഷ ഫോറത്തില്‍ മാതാപിതാക്കള്‍ക്ക് എത്ര കുട്ടികളുണ്ടെന്ന വിവരം രേഖപ്പെടുത്തണം. സല്‍വാന്‍ സ്‌കൂളിന്റെ മോണ്ടിസോറി, ജി.ഡി സല്‍വാന്‍ എന്നീ ശാഖകളിലാണ് ഈ വ്യവസ്ഥ. രണ്ടു കുട്ടികളില്‍ കൂടുതലുള്ള രക്ഷിതാക്കള്‍ പ്രവേശനത്തിന് അപേക്ഷിക്കേണ്ടതില്ലെന്നാണ് രജിസ്‌ട്രേഷന്‍ ഫോറത്തില്‍ അറിയിക്കുന്നത്. ഈ സ്‌കൂളുകളിലെ അധ്യാപകര്‍ക്കും ഈ വ്യവസ്ഥ ബാധകമാണ്. അതേസമയം ദമ്പതിമാര്‍ മക്കളുടെ എണ്ണം കുറയ്ക്കുന്നത് പ്രോത്സാപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു വ്യവസ്ഥ കൊണ്ടുവന്നതെന്ന വാദമാണ് ഇതിന് ബലകമായി മാനേജ്‌മെന്റ് മുന്നോട്ട് വയ്ക്കുന്നത്. രക്ഷിതാക്കളുടെ വിദ്യാഭ്യാസം, ജോലി, വയസ്, പരീക്ഷ, അഭിമുഖം തുടങ്ങിയ നിയമവിധേയമല്ലാത്തതും ഏകപക്ഷീയവുമായ നിബന്ധനകള്‍ കഴിഞ്ഞവര്‍ഷം ദല്‍ഹി സര്‍ക്കാര്‍ നീക്കിയിരുന്നു. എന്നാല്‍ സാല്‍വാന്‍ സ്‌കൂളിന്റെ നിബന്ധനകളെ കുറിച്ച് ഈ ലിസ്റ്റില്‍ പരാമര്‍ശിക്കുന്നില്ല. ദല്‍ഹിയിലെ 298 സ്വകാര്യ സ്‌കൂളുകളിലെ നഴ്‌സറികളിലേക്ക് ജനുവരി രണ്ടിനാണ് പ്രവേശനം ആരംഭിച്ചത്. ഇ.ഡബ്‌ളിയു.എസ്, ഡി.ജി കാറ്റഗറികളിലേക്ക് ജനുവരി 10നാണ് പ്രവേശനം ആരംഭിക്കുന്നത്. നഴ്‌സറി പ്രവേശനം 23നും മറ്റ് വിഭാഗങ്ങളിലേക്കുള്ളത് 30നും അവസാനിക്കും. ഫെബ്രുവരി 28ന് ആദ്യ ലിസ്റ്റും മാര്‍ച്ച് 15നും 31നും അവസാന രണ്ട് പ്രവേശന പട്ടികകളും പ്രസിദ്ധീകരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.