കഞ്ചിക്കോട്ടെ സിപി‌എം ആക്രമണത്തില്‍ പരിക്കേറ്റ വീട്ടമ്മ മരിച്ചു

Monday 16 January 2017 10:53 pm IST

പാലക്കാട്: കഞ്ചിക്കോട്ട് സിപിഎമ്മുകാര്‍ ചുട്ടുകൊല്ലാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മയും മരണത്തിന് കീഴടങ്ങി. ചടയന്‍കാലായില്‍ കണ്ണന്റെ ഭാര്യ വിമല (45)യാണ് ഇന്നലെ രാവിലെ എട്ടരയോടെ കോയമ്പത്തൂര്‍ ആശുപത്രിയില്‍ മരിച്ചത്. ഇതോടെ സിപിഎം അക്രമത്തില്‍ മരിച്ചവര്‍ രണ്ടായി. കണ്ണന്റെ സഹോദരന്‍ രാധാകൃഷ്ണന്‍ ജനുവരി ആറിന് മരണമടഞ്ഞിരുന്നു. ബിജെപി മുന്‍പഞ്ചായത്തംഗം കണ്ണന്‍ അതീവ ഗുരുതരാവസ്ഥയില്‍ കോയമ്പത്തൂര്‍ ആശുപത്രിയിലാണ്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്ന വിമലയെ നില ഗുരുതരമായതിനെ തുടര്‍ന്ന് രണ്ടുദിവസം മുമ്പാണ് കോയമ്പത്തൂരിലേക്ക് മാറ്റിയത്. കഞ്ചിക്കോട് സെവന്ത് ഡേ സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിനി അക്ഷയ, മൂന്നാംക്ലാസ് വിദ്യാര്‍ത്ഥി അശ്വിന്‍ എന്നിവരാണ് മക്കള്‍. ഡിസംബര്‍ 28ന് പുലര്‍ച്ചെയായിരുന്നു ആക്രമണം. ഒരേവളപ്പിലാണ് സഹോദരന്മാരുടെ വീടുകള്‍. ഏറ്റവും മുമ്പിലുളള രാധാകൃഷ്ണന്റെ വീടിന് നേരെയായിരുന്നു ആക്രമണം. വീട്ടുമുറ്റത്ത് വച്ചിരുന്ന ബൈക്കുകള്‍ കത്തിക്കുകയായിരുന്നു. ബൈക്കില്‍ നിന്നുള്ള തീ അടുക്കളക്ക് പുറത്തിരുന്ന പുതിയ ഗ്യാസ് സിലിണ്ടറിലേക്ക് പടര്‍ന്ന് പൊട്ടിത്തെറിച്ചു. തീ വീടിനുള്ളിലേക്ക് പടര്‍ന്നു. സ്‌ഫോടനത്തില്‍ സിലിണ്ടര്‍ വച്ചിരുന്നു സ്ഥലം അരയടിയോളം താഴ്ന്നു. മൂന്നു ബൈക്കുകളും ഒരു സൈക്കിളുമാണ് കത്തിനശിച്ചത്. മേല്‍ക്കൂരയും സ്‌ഫോടനത്തില്‍ ദൂരേക്ക് തെറിച്ചു. വൈക്കോല്‍ കൂനയ്ക്കും തൊഴുത്തിനും അക്രമികള്‍ തീയിട്ടിരുന്നു. പശുക്കളെയും ആടുകളെയും പെട്ടെന്ന് അഴിച്ചുമാറ്റിയതിനാല്‍ അവക്ക് ഒന്നും സംഭവിച്ചില്ല. ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ എന്നിവ കത്തിയമര്‍ന്നു. വീടിനകത്തേക്ക് തീപടര്‍ന്നയുടന്‍ രാധാകൃഷ്ണന്റെ മകളെ അതിസാഹസികമായാണ് വിമല രക്ഷിച്ചത്. ഇതിനിടെ വിമല അപകടത്തില്‍പെടുകയായിരുന്നു. രണ്ടുമാസമായി കഞ്ചിക്കോട്ട് സിപിഎമ്മുകാര്‍ അക്രമം അഴിച്ചുവിടുകയാണ്. ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെയുള്ള ആക്രമണങ്ങളില്‍ 11 ബൈക്കുകളും ഒരു ഓട്ടോറിക്ഷയും ഒരു കാറും നിരവധി വീടുകളും നശിപ്പിച്ചു. പ്രതികള്‍ക്കെതിരെ കൊലക്കുറ്റവും ഗൂഢാലോചനയും ചുമത്തിയതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ഇനിയും പലരും അറസ്റ്റിലാകാനുണ്ടെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായ കഞ്ചിക്കോട് സ്വദേശികളായ ജയന്‍ (30), അനീഷ് (32), പ്രസാദ് (28) എന്നിവര്‍ റിമാന്‍ഡിലാണ്. കോയമ്പത്തൂരില്‍ നിന്നും ഉച്ചയ്ക്ക് ഒന്നരയോടെ ജില്ലാ ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ആര്‍എസ്എസ്, ബിജെപി, ബിഎംഎസ് നേതാക്കളായ വി.കെ. സോമസുന്ദരന്‍, കെ. മഹേഷ്, എം. അരവിന്ദാക്ഷന്‍, കെ. സുധീര്‍, എന്‍. ശിവരാജന്‍, സി. കൃഷ്ണകുമാര്‍, അഡ്വ. ഇ. കൃഷ്ണദാസ്, കെ. സുധാകരന്‍, എസ്. രാജേന്ദ്രന്‍, നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍, സി. ബാലചന്ദ്രന്‍, ശശികുമാര്‍, ഗിരീഷ്, കെ.ജി. പ്രദീപ്കുമാര്‍ എന്നിവര്‍ ഏറ്റുവാങ്ങി. വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍, ജില്ലാ സഹസംഘചാലക് എം. അരവിന്ദാക്ഷന്‍ എന്നിവര്‍ കാവിപതാക പുതപ്പിച്ചു. ആര്‍എസ്എസ് സഹപ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍, ബിജെപി ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ് എന്നിവര്‍ കഞ്ചിക്കോട്ടെ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.ബിജെപി പുതുശ്ശേരി പഞ്ചായത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.