സിഡ്‌കോ മുന്‍ എംഡിക്കെതിരെ വീണ്ടും വിജിലന്‍സ് കേസ്

Monday 16 January 2017 9:08 pm IST

തിരുവനന്തപുരം: സിഡ്‌കോ മുന്‍ എംഡി സജി ബഷീറിനെതിരെ ഒരു വിജിലന്‍സ് കേസുകൂടി രജിസ്റ്റര്‍ ചെയ്തു. എംഡിയായിരിക്കെ അനധികൃത നിയമനം നടത്തിയെന്ന പരാതിയിലാണ് കേസ്. ഇതോടെ അഞ്ചാമത്തെ കേസന്വേഷണമാണ് സജിബഷീര്‍ നേരിടുന്നത്. അനധികൃത സ്വത്ത് സമ്പാദനകേസ്, ടെലികോം സിറ്റിയുടെ മറവില്‍ കോടികളുടെ അഴിമതി, സര്‍ക്കാര്‍ ഭൂമി സ്വകാര്യ ജൂവല്ലറിക്കാര്‍ക്ക് പാട്ടത്തിന് നല്‍കിയത്, സിഡ്‌കോ എസ്‌റ്റേറ്റില്‍ ഷെഡുകള്‍ അനുവദിച്ചതിലെ ക്രമക്കേട് എന്നിവയാണ് മറ്റ് കേസുകള്‍. ബഷീറിന്റെ മുന്‍ അഡീഷണല്‍ സെക്രട്ടറി കാസിമിനെതിരെയും കേസെടുത്തു. ബഷീറിന്റെ കാലത്ത് നിരവധി പേരെ അനധികൃതമായി നിയമിച്ചെന്ന് പരാതിയില്‍ പറയുന്നു. 2008 മുതല്‍ 2015 വരെ സിഡ്‌കോ, കേരള ഇന്‍ഡസ്ട്രയില്‍ എന്റര്‍പ്രൈസസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ എംഡിയായിരുന്ന കാലത്ത് കാല്‍ക്കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് ഒരു കേസ്. നിയമനങ്ങള്‍ നല്‍കാന്‍ ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങി സ്വത്ത് സമ്പാദനം നടത്തി. ഇത് സംബന്ധിച്ച് തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റ് ബഷീറിനെതിരെ നേരത്തെ കേസെടുത്തിരുന്നു. സ്വത്ത് സമ്പാദന കേസില്‍ ബഷീറിന്റെ ഫ്‌ളാറ്റിലും ഭാര്യവീട്ടിലും വിജിലന്‍സ് റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തിരുന്നു. 23 ലക്ഷത്തിന്റെ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നും കണ്ടെത്തി. ഈ കേസിന്റെ നടപടിക്രമങ്ങള്‍ വിജിലന്‍സ് കോടതിയില്‍ നടന്നു വരുന്നതിനിടയിലാണ് അനധികൃത നിയമനം നടത്തിയതിന് കേസ്സെടുത്തത്. കടവന്ത്രയില്‍ 5.13 ഏക്കര്‍ ഭൂമി 15 കോടി രൂപ മുന്‍കൂര്‍ വാങ്ങി സ്വകാര്യ ജൂവല്ലറി ഗ്രൂപ്പിന് നല്‍കാന്‍ തീരുമാനിച്ചതിനും ബഷീറിനെതിരെ കേസെടുത്തിരുന്നു. 500 കോടി വിലമതിക്കുന്ന ഭൂമി 80 വര്‍ഷത്തേക്ക് കൈമാറാനായിരുന്നു തീരുമാനം. പാലക്കാട് സിഡ്‌കോ എസ്‌റ്റേറ്റില്‍ ഷെഡ്ഡുകള്‍ അനുവദിച്ചതില്‍ ഒരു കോടി 18 ലക്ഷം രൂപയുടെ അഴിമതി നടന്നതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ തിരുവനന്തപുരത്ത് മേനംകുളത്ത് ടെലികോം സിറ്റി നിര്‍മ്മാണത്തിന്റെ മറവില്‍ മണല്‍ വിറ്റതുമായി ബന്ധപ്പെട്ട് 5.19 കോടി രൂപയുടെ അഴിമതി നടത്തിയെന്നാരോപിച്ച് സജി ബഷീറിനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്ത് അന്വേഷണം നടന്നുവരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതി സംബന്ധിച്ച് സജിബഷീറിനെ സസ്‌പെന്റ് ചെയ്യണമെന്ന് വിജിലന്‍സ് ശൂപാര്‍ശ ചെയ്‌തെങ്കിലും മുസ്ലീം ലീഗ് ഇടപെട്ട് തടയുകയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നെങ്കിലും സസ്‌പെന്റ് ചെയ്യാതെ ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തി. പകരം ബന്ധുനിയമനത്തില്‍ വിവാദത്തില്‍ പെട്ട സുധീര്‍നമ്പ്യാരെ എംഡിയാക്കാനായിരുന്നു നീക്കം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.