സജി ബഷീറിനെ വളര്‍ത്തിയത് മുന്നണികള്‍

Monday 16 January 2017 9:25 pm IST

കൊച്ചി: അഴിമതിക്കേസില്‍ വിജിലന്‍സ് കേസെടുത്ത സിഡ്‌കോ മുന്‍ എംഡി: സജി ബഷീര്‍, ഒന്നര വര്‍ഷം മുമ്പുവരെ, ഒമ്പതുവര്‍ഷം തുടര്‍ച്ചയായി എംഡി സ്ഥാനത്തുണ്ടായിരുന്നു. ചെറുകിട വ്യവസായ വികസന കോര്‍പ്പറേഷന്‍ എന്ന സിഡ്‌കോയെ സജി ബഷീര്‍ അഴിമതിയുടെ വന്‍ വ്യവസായ കേന്ദ്രമാക്കി. ഈ ഇടപാടിന് ബഷീറിന് ഇടത്-വലതു മുന്നണി ഭരണക്കാര്‍ തുണയായി. ബഷീറിനെ ഒന്നാം പ്രതിയാക്കി തിരുവനന്തപുരം വിജിലന്‍സ് എടുത്ത കേസിന്റെ അന്വേഷണം ശരിയായി തുടര്‍ന്നാല്‍ വമ്പന്മാരിലെത്തും. സജിയെ സിഡ്‌കോ എംഡിസ്ഥാനത്തു കൊണ്ടുവന്നത് ഇടതു സര്‍ക്കാരാണ്; വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും എളമരം കരിം വ്യവസായ മന്ത്രിയുമായിരിക്കെ. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെകാലത്തും സജി എംഡിയായി തുടര്‍ന്നു, വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ അനുഗ്രഹത്തോടെ. ഒമ്പതുവര്‍ഷം സ്ഥാനത്തു തുടര്‍ന്ന് ചെയ്തുകൂട്ടിയ എല്ലാ അഴിമതികള്‍ക്കും വമ്പന്മാരുടെ അറിവും അനുമതിയുമുണ്ടായിരുന്നു. പിണറായി മുഖ്യമന്ത്രിയായപ്പോള്‍ വീണ്ടും സുപ്രധാന പദവികളില്‍ കയറിക്കൂടാന്‍ നടത്തിയ ശ്രമങ്ങള്‍ തടയപ്പെട്ടു. യുഡിഎഫ് സര്‍ക്കാരില്‍ വിജിലന്‍സ് ഡയറക്ടറും ആഭ്യന്തര സെക്രട്ടറിയും സര്‍വീസില്‍നിന്നു നീക്കി നിര്‍ത്തണമെന്ന് നല്‍കിയ ശുപാര്‍ശ മറികടന്നത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയായിരിക്കെയാണ്. ബഷീറിന്റെ സ്വാധീനവും ബന്ധങ്ങളും അത്രയക്ക് ശക്തമാണ്. സിഡ്‌കോ ഇന്ന് പരിതാപകരമായ അവസ്ഥയിലാണ്. ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുന്നു. ഗഡുക്കളായാണ് ശമ്പളവിതരണം. പൂട്ടിപ്പോകുമെന്ന് ആശങ്കപ്പെടുന്ന പൊതു മേഖലാസ്ഥാപനങ്ങളിലൊന്നായി. ഈ സ്ഥിതിക്ക് മുഖ്യ കാരണക്കാരന്‍ സജി ബഷീറാണെന്ന് ജീവനക്കാര്‍ ഒന്നടങ്കം പറയുന്നു. പക്ഷേ, യൂണിയനുകള്‍ ഔദ്യോഗികമായി പറയാന്‍ തയ്യാറാകുന്നില്ല. ഓഡിയോ വിഷ്വല്‍ ആന്‍ഡ് റിപ്രോഗ്രാഫിക് സെന്ററില്‍ മാനേജര്‍ സ്ഥാനത്തുനിന്ന് എളമരം കരിമാണ് സജി ബഷീറിനെ സിഡ്‌കോ തലപ്പത്ത് കൊണ്ടുവന്നത്. സിപിഎമ്മിലെ പല ഉന്നതരും അതിന് അണിയറയില്‍ പ്രവര്‍ത്തിച്ചു. അവരുടെ അറിവോടെയാണ് സിഡ്‌കോയുടെ ഭൂമിയും വസ്തുക്കളും ചുളുവിലയ്ക്ക് വില്‍ക്കാനും പാട്ടത്തിനു കൈമാറാനും മറ്റും ബഷീര്‍ ശ്രമിച്ചത്. സിപിഎമ്മിലെ പ്രമുഖരുടെ പങ്ക്, അന്ന് മുഖ്യമന്ത്രിയായിരിക്കെ വ്യക്തമായി അറിയാവുന്നതിനാലാണ്, വി.എസ്. അച്യുതാനന്ദന്‍ സജി ബഷീറിനെതിരേ നിയമസഭയില്‍ ആരോപണം ഉന്നയിച്ചത്. 23 പേരെ മാനേജര്‍ പദവികളില്‍ അനധികൃതമായി നിയമിച്ചുവെന്ന കേസിലാണ് ഇപ്പോള്‍ കേസെടുത്തത്. 40 അവിദഗ്ദ്ധ തൊഴിലാളികളെ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ മറവില്‍ 157 പേരെ നിയമിച്ച കേസിലും അന്വേഷണം നടക്കുന്നുണ്ട്. ഉന്നത നേതാക്കള്‍ മുതല്‍ ചില യൂണിയന്‍ നേതാക്കള്‍ക്കുവരെ വിഹിതം കിട്ടിയ ഇടപാടാണിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.