സ്വകാര്യ വ്യക്തി പെരിയാര്‍ കയ്യേറി

Monday 16 January 2017 9:56 pm IST

പീരുമേട്:  പെരിയാര്‍ നദിയില്‍ വീണ്ടും കയ്യേറ്റം. വണ്ടിപ്പെരിയാറില്‍ പുതിയ പാലം നിര്‍മ്മിക്കുന്നതിനായി വന്ന തൊഴിലാളികള്‍ക്ക് താമസിക്കുന്നതിനായി താല്‍ക്കാലിക ഷെഡ് നിര്‍മ്മിച്ച സ്ഥലമാണ് സ്വകാര്യ വ്യക്തി കുടില്‍ കെട്ടി കയ്യേറിയത്. പുതിയ പാലത്തിനായി പില്ലറുകള്‍ നിര്‍മ്മിക്കുന്നതിനായി നീക്കം ചെയ്ത മണ്ണ് നിരത്തിയാണ് ഷെഡ് നിര്‍മ്മിച്ചത്. പാലം പണി പൂര്‍ത്തീകരിച്ചതിന് ശേഷം ഷെഡ് പൊളിച്ച് നീക്കുകയും ഷെഡ് നിര്‍മ്മാണത്തിനായി നികത്തിയ മണ്ണ് ജീവനക്കാര്‍ ജെസിബി ഉപയോഗിച്ച് നീക്കം ചെയ്യാന്‍ ശ്രമിക്കവേ അത് തടഞ്ഞതിന് ശേഷമാണ് ഇവര്‍ അനധികൃതമായി കുടില്‍ നിര്‍മ്മിച്ചത്. ഷെഡ് നിര്‍മ്മാണത്തിനായി മണ്ണ് പെരിയാര്‍ നദിയിലേക്കാണ് നീക്കിയത്. ഈ മണ്ണ് നീക്കം ചെയ്തില്ലെങ്കില്‍ നദിയിലെ നീരോഴുക്കിന് തടസമാവുകയും ചെയ്യും.കയ്യേറ്റം ഒഴിപ്പിച്ച് മണ്ണ് നീക്കം ചെയ്യണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഡിസംബര്‍ അവസാനത്തോടെയാണ് പണി പൂര്‍ത്തിയാകുന്നതിന് മുമ്പ് പുതിയപാലം ഗതാഗതത്തിനായി തുറന്നത്. നിരവധി കെട്ടിടങ്ങളും അപ്രോച്ച് റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പൊളിച്ച് നീക്കിയിരുന്നു. പഴയപാലത്തിന് സമീപത്ത് തന്നെ സമാന്തരമായാണ് പുതിയ പാലവും നിര്‍മ്മിച്ചിരിക്കുന്നത്. പെരിയാറില്‍ കയ്യേറ്റങ്ങള്‍ പെരുകുമ്പോഴും അധികൃതര്‍ കണ്ണടുക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.