പയ്യോളി മനോജ് വധം കുറ്റപത്രം റദ്ദാക്കി

Monday 16 January 2017 10:16 pm IST

കൊച്ചി: പയ്യോളി മനോജ് വധക്കേസില്‍ പോലീസ് നല്‍കിയ അന്തിമ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി. അന്വേഷണം സിബിഐ ഏറ്റെടുത്ത സാഹചര്യത്തില്‍ കുറ്റപത്രം സിബിഐ നല്‍കട്ടെയെന്ന് വ്യക്തമാക്കിയാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്. ഓട്ടോറിക്ഷാ ഡ്രൈവറും ബിഎംഎസ് പ്രവര്‍ത്തകനുമായി പയ്യോളി മനോജിനെ 2012 ഫെബ്രുവരി 12 നാണ് ഒരുസംഘം വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ പ്രതികളെ പോലീസ് അറസ്റ്റു ചെയ്തിരുന്നെങ്കിലും തങ്ങള്‍ സംഘടനയ്ക്കു വേണ്ടി കുറ്റം ഏറ്റെടുത്തതാണെന്ന് ഇവര്‍ കോടതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മനോജിന്റെ സുഹൃത്തായ പയ്യോളി സ്വദേശി സാജിദ് ഹൈക്കോടതിയിലെത്തിയത്. ഹര്‍ജി പരിഗണിച്ച സിംഗിള്‍ബെഞ്ച് തുടരന്വേഷണം നടത്താന്‍ സി.ബി.ഐയ്ക്ക് നിര്‍ദ്ദേശവും നല്‍കി. എന്നാല്‍ നേരത്തെ കേസന്വേഷിച്ച പയ്യോളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സ്ഥലം മാറിപ്പോയശേഷം വീണ്ടും പയ്യോളിയില്‍ സ്ഥലം മാറിയെത്തിയത് സിബിഐ അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സാജിദ് വീണ്ടും ഹൈക്കോടതിയിലെത്തി. കേസന്വേഷണത്തില്‍ സിഐ ഇടപെടുന്നുവെന്നും പൊലീസിനു നല്‍കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കാന്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുന്നെന്നും സാജിദ് ആരോപിച്ചിരുന്നു. ഇതിനിടെ സിഐയെ സര്‍ക്കാര്‍ സ്ഥലം മാറ്റി. സിഐയെ സ്ഥലം മാറ്റിയതിനാല്‍ ഹര്‍ജിയില്‍ കഴമ്പില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. പയ്യോളി മനോജ് വധക്കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിന് മതിയായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് സാജിദിന്റെ ഹര്‍ജിയില്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ സിബിഐയ്ക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കിയതോടെ ഈ പ്രശ്‌നവും പരിഹരിച്ചതായി കോടതി വ്യക്തമാക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.