കാളിപ്പാറ ശുദ്ധജല പദ്ധതി: കരാര്‍ തൊഴിലാളികള്‍ക്ക് ദുരിതം

Monday 16 January 2017 11:33 pm IST

കാട്ടാക്കട: കാളിപ്പാറ ശുദ്ധജല പദ്ധതിയില്‍ കാരാര്‍ അടിസ്ഥാനത്തില്‍ ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ദുരിത ജീവിതം. ഒരുവിഭാഗം തൊഴിലാളികളോട് അധികൃതര്‍ പുലര്‍ത്തുന്നത് ചിറ്റമ്മ നയമെന്ന് ആക്ഷേപം. കുറഞ്ഞ വേതനം നിശ്ചയിച്ചിട്ടുള്ള കരാര്‍ ജീവനക്കാര്‍ക്ക് പണിയെടുക്കാന്‍ സാഹചര്യമില്ലാത്ത സ്ഥിതിയാണ് ഇവിടെയുള്ളത്. പലര്‍ക്കും മാസം പത്തു ഡ്യൂട്ടി പോലും തികച്ചു ചെയ്യാന്‍ സാധിക്കുന്നില്ല. ഉന്നത സ്വാധീനത്തിലും ശുപാര്‍ശയിലും എത്തിയ ഒരു വിഭാഗത്തിന് ജോലിയും ശമ്പളവും കൃത്യമായി കിട്ടുന്നുമുണ്ട്. സാധാരണ തൊഴിലാളികള്‍ക്കൊപ്പം വാട്ടര്‍ അതോറിറ്റിയില്‍ നിന്നു വിരമിച്ചവരെ തിരുകിക്കയറ്റിയതാണ് ഇവിടത്തെ പ്രതിസന്ധിക്ക് കാരണം. പ്രതിമാസം മുപ്പതിനായിരത്തോളം രൂപ പെന്‍ഷന്‍ കൈപ്പറ്റുന്ന വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരെ ഇവിടെ കരാര്‍ തൊഴിലാളികളായി നിലനിര്‍ത്തിയിട്ടുണ്ട്. ഇവര്‍ക്കാകട്ടെ മുന്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാരെന്ന പരിഗണനയും ഉദ്യോഗസ്ഥര്‍ക്കിടയില്‍ സ്വാധീനവും ഉള്ളതുകാരണം ജോലിയില്‍ മുന്‍ഗണനയുണ്ട്. മറ്റു തൊഴിലാളികളെ അപേക്ഷിച്ച് മാസം ഇരുപത്തിയഞ്ചോളം ഡ്യൂട്ടി ഇവര്‍ക്കായി നീക്കിവയ്ക്കുന്നു. ദിവസ വേതനമായി നല്‍കുന്ന 360 രൂപ ഇക്കൂട്ടര്‍ക്ക് കൃത്യമായി കൊടുക്കാനും അധികൃതര്‍ ശ്രദ്ധിക്കുന്നു. എന്നാല്‍ മറ്റു വരുമാന മാര്‍ഗ്ഗം ഒന്നുമില്ലാത്ത തൊഴിലാളികള്‍ക്ക് മാസം പതിനഞ്ചു ഡ്യൂട്ടി പോലും നല്‍കുന്നില്ല. കിട്ടുന്ന വിരലിലെണ്ണാവുന്ന ഡ്യൂട്ടിക്കാവട്ടെ യഥാസമയം ശമ്പളം ലഭിക്കുന്നുമില്ല. കാളിപ്പാറ പദ്ധതി പ്രദേശത്ത് 25 തൊഴിലാളികള്‍ക്ക് ചെയ്യുവാനുള്ള ജോലി മാത്രമെ നിലവിലുള്ളു. എന്നാല്‍ വിരമിച്ച വെള്ളാനകളുള്‍പ്പടെ 47 പേരാണ് നിലവില്‍ ഇവിടെ തൊഴിലാളികളായി ഉള്ളത്. യാതൊരു വരുമാനവും ഇല്ലാത്തവര്‍ക്ക് ആശ്വാസകരമാണ് ഇവിടുത്തെ കരാര്‍ ജോലി. വന്‍ തുകകള്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ സ്വാധീനം ചെലുത്തി ജോലി തരപ്പെടുത്തിയതോടെ ഇക്കൂട്ടരുടെ അന്നം മുട്ടുകയാണ്. അടിയന്തിരമായി സര്‍ക്കാര്‍ ഇടപ്പെട്ട് പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നതാണ് തൊഴിലാളികളുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.