സുപ്രീംകോടതി വിധി നാവികരുടെ മോചനത്തിന്റെ ആദ്യപടി - ഇറ്റലി

Thursday 3 May 2012 4:59 pm IST

ന്യൂദല്‍ഹി: കടലിലെ വെടിവയ്പ്പ് കേസില്‍ എന്‍റിക്ക ലക്സി ഉപാധികളോടെ വിട്ടു നല്‍കാനുള്ള സുപ്രീംകോടതി വിധി നാവികരുടെ മോചനത്തിന്റെ ആദ്യ പടിയാണെന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ഗിലിയൊ ടെര്‍സി പറഞ്ഞു. ആഫ്രിക്കയിലേക്കുള്ള യാത്രയ്ക്കിടെയാണ് അദ്ദേഹം പ്രതികരിച്ചത്. കേരളത്തിലെ ജയിലിലുള്ള ഇറ്റാലിയന്‍ നാവികരെ ഉടന്‍ മോചിപ്പിക്കാന്‍ കഴിയും. വിചാരണയുടെ എല്ലാ ഘട്ടങ്ങളിലും കേസ് നടത്താനുള്ള അവകാശം ഇറ്റാലിയന്‍ സര്‍ക്കാരിനാണ്. ഇത് ഒടുവില്‍ സ്ഥിരീകരിക്കപ്പെടും. നാവികരെ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി നയതന്ത്ര ചര്‍ച്ചകള്‍ തുടരുകയാണെന്നും ടെര്‍സി വ്യക്തമാക്കി. അതേസമയം കപ്പല്‍ വിട്ടുകിട്ടുന്നതിനുള്ള അപേക്ഷ കപ്പലുടമകള്‍ നാളെ കേരള ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. സുപ്രീംകോടതി ഉത്തരവിടെ അടിസ്ഥാ‍നത്തിലുള്ള ഉറപ്പ് ഹൈക്കോടതിക്ക് നല്‍കുന്നതിനായി കപ്പല്‍ കമ്പനിയുടെ എം.ഡി കൊച്ചിയില്‍ എത്തുന്നുണ്ട്. മൂന്ന് കോടിയുടെ ബാങ്ക് ഗാരന്റിയും കേസിന്റെ വിചാരണയ്ക്ക് സാക്ഷികളായ കപ്പല്‍ ജീവനക്കാരെയും ഇറ്റാലിയന്‍ സൈനികരെയും ഇന്ത്യയിലെത്തിക്കണമെന്ന വ്യവസ്ഥയും അംഗീകരിച്ചാല്‍ കപ്പല്‍ വിട്ടുകൊടുക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. ഹൈക്കോടതിയിലെ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം പോര്‍ട്ടിന്റെയും കസ്റ്റംസിന്റെയും കൂടി അനുമതി കിട്ടിയാല്‍ എന്‍‌റിക്ക ലെക്സിക്ക് കൊച്ചി തീരം വിട്ടുപോകാന്‍ കഴിയും. കടലിലെ വെടിവയ്പിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 15നാണ് കപ്പല്‍ കൊച്ചിയിലെത്തിച്ചത്. ഇതിനിടെ മത്സ്യത്തൊഴിലാളികളുടെ ആശ്രിതരുമായി ഇറ്റലി ഉണ്ടാക്കിയ വിവാദ ഒത്തുതീര്‍പ്പ് കരാറിനെതിരെ അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ സുപ്രീംകോടതി ഉത്തരവ് കിട്ടിയ ശേഷം സംസ്ഥാന സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.