കടം വാങ്ങിവന്ന ഓസ്റ്റിന് എ ഗ്രേഡ്

Wednesday 18 January 2017 2:24 am IST

അമ്മ ഉഷയ്ക്കും അച്ഛന്‍ വിജിക്കുമൊപ്പം ഓസ്റ്റിന്‍ റോയ്‌

കണ്ണൂര്‍: എച്ച്എസ് വിഭാഗം കുച്ചുപ്പുടിയില്‍ ഓസ്റ്റിന്‍ റോയ് എ ഗ്രേഡ് നേടിയപ്പോഴും അച്ഛന്‍ വിജിയുടെയും അമ്മ ഉഷയുടെയും മനസില്‍ ആധിയാണ്. മകന്റെ വിജയത്തില്‍ ഏറെ സന്തോഷിക്കുന്നുണ്ടെങ്കിലും ഇനിയുള്ള കാര്യം ആലോചിക്കുമ്പോള്‍ ഇരുവര്‍ക്കും ഭയം. കലോത്സവത്തിനെത്താന്‍ കടംവാങ്ങിയ എണ്ണായിരം ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കണം. ഈ മാസത്തെ വീട്ടുവാടക നല്‍കിയിട്ടില്ല. നൃത്താധ്യാപകനും മേക്കപ്പിനുമൊക്കെയുള്ളത് വേറെയും കണ്ടെത്തണം. കടം വാങ്ങിയ തുക തിരികെ നല്‍കണമെങ്കില്‍ എണ്‍പത് ദിവസമെങ്കിലും തുടര്‍ച്ചയായി പണിക്ക് പോകേണ്ടിവരുമെന്ന് വിജി പറയുന്നു.

മലപ്പുറം ബൈപ്പാസില്‍ കാവുങ്കല്‍ ആശിര്‍വാദില്‍ വിജി-ഉഷ ദമ്പതികളുടെ മകന്‍ ഓസ്റ്റിന്‍ റോയ് നാലാം വയസില്‍ തുടങ്ങിയതാണ് നൃത്തപഠനം. കൂലിപ്പണിക്കരനായ വിജിക്കും തുന്നല്‍ ജോലിചെയ്യുന്ന ഉഷക്കും മകന്റെ നൃത്തത്തിനുള്ള ചെലവ് താങ്ങാനാകുന്നതിലുമപ്പുറമാണ്. നൃത്തത്തോടുള്ള മകന്റെ അഭിനിവേശത്തിന് മുന്നില്‍ തങ്ങളുടെ കഷ്ടപ്പാടുകള്‍ ഇവര്‍ മറക്കുന്നു. കഴിഞ്ഞ വര്‍ഷം കലോത്സവത്തിനെത്താനായി ആകെയുള്ള നാല് സെന്റ് കെഎസ്എഫ്ഇയില്‍ പണയംവച്ചു. അതിന്റെ അടവ് പലതവണ മുടങ്ങി. ഏറെ താമസിയാതെ ആകെയുള്ള നാല് സെന്റും നഷ്ടപ്പെടുമെന്ന് പറയുമ്പോള്‍ വിജിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. ഓസ്റ്റിന്റെ കഴിവുകളും വിജിയുടെ ബുദ്ധിമുട്ടുകളും നന്നായി അറിയാവുന്ന നൃത്താധ്യാപകന്‍ പ്രമോദ്കുമാര്‍ തൃപ്പനച്ചി ഫീസ് ചോദിക്കാറില്ലെന്ന് മാത്രം.

സ്വന്തമായൊരു വീടും നൃത്തത്തില്‍ ഉന്നത പഠനവുമാണ് ഓസ്റ്റിന്റെ ആഗ്രഹം. നന്നായി കാര്‍ട്ടൂണ്‍ വരയ്ക്കുന്ന ഓസ്റ്റിന് അനിമേഷന്‍ പഠിക്കാനും താത്പര്യമുണ്ട്. എന്നാല്‍, കുടുംബത്തിന്റെ കഷ്ടപ്പാടുകള്‍ അറിയാവുന്ന ഓസ്റ്റിന്‍ ഒന്നും ആവശ്യപ്പെടാറില്ല. കഴിഞ്ഞ തവണ കുച്ചുപ്പുടിക്ക് രണ്ടാംസ്ഥാനവും ഭരതനാട്യം, കേരള നടനം എന്നിവയക്ക് എ ഗ്രേഡും ലഭിച്ചു. ഇത്തവണയും ഈ മൂന്ന് ഇനങ്ങളിലും മത്സരിക്കുന്നു മലപ്പുറം എംഎസ്പി എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.