വൈദ്യുതി നിരക്ക് കുത്തനെ വര്‍ദ്ധിപ്പിക്കുന്നു

Wednesday 18 January 2017 2:30 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും വര്‍ദ്ധിപ്പിക്കുന്നു. വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നത്. അടുത്ത മാസം മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുത്താനാണ് നീക്കം. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റ് ഒന്നിന് 23 പൈസ മുതല്‍ 30 പൈസ വരെയും മറ്റുള്ളവര്‍ക്ക് 50 പൈസയുടെയും വര്‍ദ്ധന ഉണ്ടാകും. താരിഫ് പുതുക്കി നല്‍കണമെന്ന് വൈദ്യുതി ബോര്‍ഡിനോട് 2016 ജൂണില്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയിട്ടില്ല. അതിനാലാണ് സ്വന്തം നിലയില്‍ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ കമ്മീഷന്‍ നീക്കം നടത്തുന്നത്. വൈദ്യുതി വകുപ്പിന് നിരക്ക് വര്‍ദ്ധിപ്പിക്കണമെങ്കില്‍ പുതുക്കിയ നിരക്കുകളുടെ താരിഫ് റെഗുലേറ്ററി കമ്മീഷന് സമര്‍പ്പിക്കണം. അതോടൊപ്പം കെഎസ്ഇബിയുടെ വരവ് ചെലവ് കണക്കുകളും നല്‍കണം. എന്നാല്‍, അയ്യായിരത്തോളം കോടി രൂപയുടെ നഷ്ടം ഉണ്ടെന്ന് കെഎസ്ഇബി കമ്മീഷനു മുമ്പാകെ പറയുന്നതല്ലാതെ വ്യക്തമായ കണക്ക് നല്‍കുന്നില്ല. കെഎസ്ഇബിയോട് വിശദമായ കണക്കുകള്‍ സമര്‍പ്പിക്കണം എന്ന് നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും സമര്‍പ്പിച്ചിട്ടില്ല. നഷ്ടക്കണക്കുകള്‍ സമര്‍പ്പിക്കാന്‍ കെഎസ്ഇബിക്ക് സാധിക്കാത്തതിനാലാണ് കമ്മീഷനു മുമ്പാകെ യഥാസമയം നിരക്ക് പുതുക്കി നല്‍കാത്തത്. എന്നാല്‍, സുപ്രീം കോടതി വിധിയനുസരിച്ച് കാലാകാലങ്ങളില്‍ റെഗുലേറ്ററി കമ്മീഷന് താരിഫ് നിരക്ക് വര്‍ദ്ധിപ്പിക്കണം. അപ്പോള്‍ വിവിധ മേഖലകളില്‍ നല്‍കിവരുന്ന പ്രത്യേക ഇളവുകള്‍ പരിഗണിക്കാന്‍ സാധിച്ചെന്ന് വരില്ല. ഏതൊക്കെ മേഖലകളില്‍ ഇളവ് നല്‍കണമെന്ന് സര്‍ക്കാരും വൈദ്യുതി ബോര്‍ഡും ചേര്‍ന്ന് തീരുമാനിച്ച് കമ്മീഷന് നല്‍കണം. ബോര്‍ഡ് ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ നല്‍കാത്താതിനാല്‍ കമ്മീഷന്‍ നിശ്ചയിക്കുന്ന നിരക്കായിരിക്കും ഇളവുകള്‍ നല്‍കിയവര്‍ക്കും ബാധകമാവുക. കമ്മീഷന്‍ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന നടപ്പാക്കിയാല്‍ ഗാര്‍ഹിക ഉപഭോക്താക്കളെയാകും ബാധിക്കുക. സംസ്ഥാനത്ത് 81 ശതമാനം ഗാര്‍ഹിക ഉപഭോക്താക്കളുണ്ട്. ഇവര്‍ സംസ്ഥാനത്തെ അമ്പത് ശതമാനം വൈദ്യുതി ഉപയോഗിക്കുന്നു. ഇവരുടെ നിരക്ക് പൊതു വിപണിയില്‍ നിന്നു 30 ശതമാനം കുറവാണ്. എന്നാല്‍, 13 ശതമാനം വൈദ്യുതി ഉപയോഗിക്കുന്ന വ്യവസായ വിഭാഗത്തില്‍ നിന്ന് 26 ശതമാനം അധിക തുകയും ഈടാക്കുന്നു. അധികം ഉപയോഗിക്കുന്നവര്‍ക്ക് കുറവും കുറച്ച് ഉപയോഗിക്കുന്നവര്‍ക്ക് കൂടുതലും. കമ്മീഷന്‍ ഇത് അംഗീകരിക്കുന്നില്ല. ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് കെഎസ്ഇബി ചെയ്യുന്നില്ലെന്ന് റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ ടി.എം. മനോഹരന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.