ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ദ്യോക്കോ, നദാല്‍, സെറീന രണ്ടാം റൗണ്ടില്‍

Wednesday 18 January 2017 3:31 am IST

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ പുരുഷ-വനിതാ സിംഗിള്‍സില്‍ പ്രമുഖര്‍ രണ്ടാം റൗണ്ടില്‍. വനിതാ വിഭാഗത്തില്‍ രണ്ടാം സീഡ് സെറീന വില്ല്യംസ്, മൂന്നാം സീഡ് ആഗ്നിയേസ്‌ക റഡ്‌വാന്‍സ്, ആറാം സീഡ് ഡൊമിനിക്ക സിബുല്‍ക്കോവ തുടങ്ങിയവരും പുരുഷ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യനും രണ്ടാം സീഡുമായ നൊവാക് ദ്യോക്കോവിച്ച്, ആറാം സീഡ് ഗെയ്ല്‍ മോണ്‍ഫില്‍സ്, ഒമ്പതാം സീഡ് റാഫേല്‍ നദാല്‍ തുടങ്ങിയവരും രണ്ടാം റൗണ്ടിലെത്തി. വനിതകൡ നിലവിലെ രണ്ടാം സ്ഥാനക്കാരിയായ അമേരിക്കയുടെ സെറീന വില്ല്യംസ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ബെലിന്‍ഡ ബെന്‍സിക്കിനെ പരാജയപ്പെടുത്തി. 75 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 6-4, 6-3 എന്ന സ്‌കോറിനായിരുന്നു സെറീനയുടെ വിജയം. പരിക്കിനെ തുടര്‍ന്ന് മൂന്നു മാസം വിശ്രമത്തിലായിരുന്ന സെറീന മത്സരിക്കുന്ന ആദ്യ പ്രധാന ടൂര്‍ണമെന്റാണിത്. രണ്ടാം റൗണ്ടില്‍ ലുസി സഫറോവയാണ് സെറീനയുടെ എതിരാളി. മൂന്നാം സീഡ് പോളണ്ടിന്റെ ആഗ്നിയേസ്‌ക റഡ്‌വാന്‍സ്‌ക നാട്ടുകാരിയായ സ്വെറ്റാനാ പിരണ്‍കോവയെ മൂന്നുസെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. സ്‌കോര്‍: 6-1, 4-6, 6-1. അഞ്ചാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പില്‍സ്‌കോവ 6-2, 6-0 എന്ന ക്രമത്തില്‍ സ്പാനിഷ് സുന്ദരി സാറ ടോര്‍മോയെ പരാജയപ്പെടുത്തി. സ്ലൊവാക്യന്‍ താരം ഡൊമിനിക്ക സിബുല്‍ക്കോ 7-5, 6-2 എന്ന സ്‌കോറിന് ചെക്ക് റിപ്പബ്ലിക്കിന്റെ ഡെനിസ അല്ലര്‍ടോവയെ പരാജയപ്പെടുത്തി. ഒമ്പതാം സീഡ് ബ്രിട്ടന്റെ ജോഹന കോണ്‍ട ബല്‍ജിയത്തിന്റെ ക്രിസ്റ്റിയന്‍ ഫ്‌ളിപ്‌കെന്‍സിനെയും 17-ാം സീഡ് സ്വിസ് സുന്ദരി കരോലിന വോസ്‌നിയാക്കി ഓസ്‌ട്രേലിയന്‍ താരം അഡിന റോഡിനോവയെയും പരാജയപ്പെടുത്തിയാണ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. ബാര്‍ബോറ സ്‌ട്രൈക്കോവ, സാറാ ഇറാനി, ലൂസി സഫറോവ, കരോലിനെ ഗാര്‍ഷ്യ, ഏകത്‌റീന മകരോവ, ഹീതര്‍ വാട്‌സണ്‍ തുടങ്ങിയവരും അടുത്ത റൗണ്ടിലെത്തി. അതേസമയം 18-ാം സീഡ് ഓസീസിന്റെ സാമന്ത സ്‌റ്റോസര്‍ ആദ്യ റൗണ്ടില്‍ അട്ടിമറിക്കപ്പെട്ടു. പുരുഷ സിംഗിള്‍സില്‍ ലോക രണ്ടാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്ക് സ്പാനിഷ് താരം ഫെര്‍ണാണ്ടോ വെര്‍ഡാസ്‌കോയെ തകര്‍ത്ത് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. സ്‌കോര്‍: 6-1, 7-6 (7-4), 6-2. ഒന്നും മൂന്നും സെറ്റുകള്‍ അനായാസം സ്വന്തമാക്കിയ ദ്യോക്കോക്ക് രണ്ടാം സെറ്റില്‍ കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ വെര്‍ഡാസ്‌കോക്ക് കഴിഞ്ഞു. രണ്ടാം റൗണ്ടില്‍ ഉസ്ബക്കിസ്ഥാന്റെ ഡെനിം ഇസ്‌റ്റോമിനാണ് ദ്യോക്കോയുടെ എതിരാളി. മൂന്നാം സീഡ് കാനഡയുടെ മിലോസ് റാവോനിക്ക് 6-3, 6-4, 6-2 എന്ന നേരിട്ടുള്ള ക്രമത്തില്‍ ജര്‍മ്മനിയുടെ ഡസ്റ്റിന്‍ ബ്രൗണിനെ പരാജയപ്പെടുത്തിയപ്പോള്‍ സ്പാനിഷ് താരം റാഫേല്‍ നദാല്‍ 6-3, 6-4, 6-4 എന്ന സ്‌കോറിന് ജര്‍മ്മനിയുടെ ഫ്‌ളോറിയന്‍ മേയറെ തകര്‍ത്ത് അടുത്ത റൗണ്ടിലേക്ക് മുന്നേറി. സൈപ്രസിന്റെ മാര്‍ക്കോ ബാഗ്ദാത്തിസ് രണ്ടാം റൗണ്ടില്‍ നദാലിന്റെ എതിരാളി. ബള്‍ഗേറിയന്‍ താരം ഗ്രിഗര്‍ ദിമിത്രോവ് ഓസീസ് താരം ക്രിസ്റ്റഫര്‍ ഒകോണലിനെ 7-6 (7-2), 6-3, 6-3 എന്ന സ്‌കോറിനും സ്പാനിഷ് താരം ഡേവിഡ് ഫെറര്‍ 6-3, 6-0, 6-2 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് ഓസ്‌ട്രേലിയയുടെ ഒമര്‍ ജസിക്കയെയും പരാജയപ്പെടുത്തി രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ഫ്രഞ്ച് താരം ഗെയ്ല്‍ മോണ്‍ഫില്‍സ് ചെക്ക് റിപ്പബ്ലിക്കിന്റെ ജിറി വെസ്ലിയെയും ഗില്ലസ് സിമോണ്‍ യുഎസിന്റെ മിഖായേലിനെയും പരാജയപ്പെടുത്തിയാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.