എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

Wednesday 18 January 2017 10:17 am IST

ചാത്തമംഗലം: കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ സംരംഭമായ കെയര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ചാത്തമംഗലം പഞ്ചായത്തിലെ ചൂലൂരില്‍ സ്ഥാപിച്ച എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. അറിഞ്ഞും അറിയാതെയും ചെയ്തുപോകുന്ന ദോഷപ്രവൃത്തികളുടെ ദുരന്തഫലങ്ങള്‍ നമ്മളും നമ്മുടെ കുട്ടികളും അനുഭവിക്കേണ്ടിവരുന്ന കാലത്തിലൂടെയാണ് നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന തെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലാഭത്തില്‍ മാത്രം കണ്ണ് വെച്ച് നടത്തുന്ന പ്രവൃത്തികള്‍ പരിസ്ഥിതിയില്‍ ഗുണകരമല്ലാത്ത ഒട്ടനവധി മാറ്റം വരുത്തി. പുറം നാടുകളില്‍ പോലും പ്രശംസിക്കപ്പെട്ട കേരളത്തിന്റെ ഭൂപ്രകൃതി തന്നെ നഷ്ടമായി. ഇതോടൊപ്പം നമ്മുടെ ജീവിത ശൈലിയിലും കാര്‍ഷിക രീതിയിലും വലിയ തോതിലുളള മാറ്റമാണുണ്ടായത്. കായികാധ്വാനം കുറഞ്ഞു. കൂടുതല്‍ വിള ലഭിക്കുന്നതിനായി മാരകമായ കീട നാശിനികളും രാസവളങ്ങളും പ്രയോഗിച്ചു തുടങ്ങി. നമ്മുടെ തന്നെയും ഭാവിതലമുറയുടേയും ആരോഗ്യപൂര്‍ണ്ണമായ ജീവിതം പണയപ്പെടുത്തിയാണ് ഇതെല്ലാം ചെയ്തു പോന്നതും ചെയ്തു കൊണ്ടിരിക്കുന്നതും. ഇതിന്റെയൊക്കെ ഫലമായി കാന്‍സര്‍ പോലുളള മാരകരോഗങ്ങള്‍ പടരുകയാണ്. ഭാരിച്ച ചികിത്സാചെലവ് താങ്ങാനാവാതെ ഒട്ടനവധി കുടുംബങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിദിനം 27 പേര്‍ക്ക് സൗജന്യ ഡയാലിസിസും 30 ശതമാനം രോഗികള്‍ക്ക് സൗജന്യ ചികിത്സയും വാഗ്ദാനം ചെയ്യുന്ന എം.വി.ആര്‍ കാന്‍സര്‍ സെന്ററിന്റെ നിലപാട് മുക്തകണ്ഠം പ്രശംസിക്കപ്പെടേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് നടി മഞ്ജു വാര്യര്‍ ദീപം പകര്‍ന്നു. ഹോസ്പിറ്റല്‍ ബ്ലോക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സിറ്റി സര്‍വീസ് ബാങ്ക് എക്‌സ്‌റ്റെന്‍ഷന്‍ കൗണ്ടര്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഫാര്‍മസി ആന്‍ഡ് ലാബ് ടി.പി. രാമകൃഷ്ണനും റേഡിയേഷന്‍ ബ്ലോക്ക് മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണനും ഉദ്ഘാടനം ചെയ്തു. എസ്.ടി.പി പദ്ധതി ഉദ്ഘാടനം കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും തിയറ്റര്‍ ബ്ലോക്ക് ഉദ്ഘാടനം എം.കെ. രാഘവന്‍ എം.പിയും നിര്‍വഹിച്ചു. ഡബ്ല്യു.ടി.പി പദ്ധതി പി.ടി.എ റഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്മാര്‍ട്ട് സ്‌കൂളിന് സി.പി. ജോണ്‍ തറക്കല്ലിട്ടു. സര്‍വീസ് ബ്ലോക്ക് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബീന ഉദ്ഘാടനം ചെയ്തു. എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.വി. വേലായുധന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി. മോഹനന്‍ മാസ്റ്റര്‍, എം.സി. മായിന്‍ ഹാജി, അഡ്വ. ടി. സിദ്ദീഖ്, മനയത്ത് ചന്ദ്രന്‍, മുക്കം മുഹമ്മദ്, ജോണ്‍ പൂതക്കുഴി, എം. ഭാസ്‌കരന്‍, ടി.പി. ബാലകൃഷ്ണന്‍ നായര്‍, രമ്യ ഹരിദാസ്, ഷറഫുന്നീസ ടീച്ചര്‍, എ.കെ.ടി. ചന്ദ്രന്‍, ഷീജ വലിയതൊടികയില്‍, പ്രസാദ് ആലുങ്ങല്‍ എന്നിവര്‍ സംസാരിച്ചു. കാന്‍സര്‍ സെന്റര്‍ വൈസ് ചെയര്‍മാന്‍ ഡോ. നാരായണന്‍കുട്ടി വാര്യര്‍ സ്വാഗതവും കാലിക്കറ്റ് സിറ്റി സര്‍വീസ് ബാങ്ക് ജനറല്‍ മാനേജര്‍ സാജു ജയിംസ് നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് മുമ്പായി ബാലഭാസ്‌കറും സംഘവും വയലിന്‍ ഫ്യൂഷന്‍ അവതരിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.