കാസര്‍കോട് സിഡിഎസ് മുന്‍ മെമ്പര്‍ സെക്രട്ടറിക്കെതിരെ വിജിലന്‍സ് കേസ്

Wednesday 18 January 2017 12:26 pm IST

കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ നടന്ന ഭവന പുനരുദ്ധാരണ പദ്ധതിയില്‍ നടന്ന ലക്ഷങ്ങളുടെ അഴിമതിയുമായി ബന്ധപ്പെട്ട് സിഡിഎസ് മുന്‍ മെമ്പര്‍ സെക്രട്ടറിക്കെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കാസര്‍കോട് നഗരസഭാ സിഡിഎസ് മുന്‍ മെമ്പര്‍ സെക്രട്ടറിയും ഭവന പുനരുദ്ധാര പദ്ധതിയുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥനുമായിരുന്ന കെ.പി.രാജഗോപാലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അഴിമതി നിരോധന നിയമം, കൃത്രിമ രേഖ ചമക്കല്‍, വഞ്ചന അടക്കമുള്ള ഇന്ത്യന്‍ ശിക്ഷന്‍ നിയമങ്ങള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നതെന്ന് കാസര്‍കോട് വിജിലന്‍സ് ഡിവൈഎസ്‌പി രഘുരാമന്‍ പറഞ്ഞു. വിജിലന്‍സ് സിഐ അനില്‍ കുമാറിന് അന്വേഷണ ചുമതല. നഗരസഭയില്‍ 2015- 2016 വര്‍ഷത്തെ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ 60 പേര്‍ക്കാണ് കാല്‍ ലക്ഷം രൂപ വീതം നല്‍കിയത്. എന്നാല്‍ ശരിയായ രീതിയിലല്ല ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കിയതെന്നും വിജിലന്‍സിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ചെക്ക് തിരുത്തി കൃത്രിമം നടത്തിയതടക്കമുള്ള കാര്യങ്ങളും കണ്ടെത്തിയിരുന്നു. ഇപ്പോള്‍ മെമ്പര്‍ സെക്രട്ടറിക്കെതിരെ മാത്രമാണ് കേസെടുത്തിരിക്കുന്നത്. കൂടുതുല്‍ അന്വേഷണം നടത്തുമ്പോള്‍ മറ്റു ഉദ്യോഗസ്ഥര്‍ക്കെതിരെയും ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പെട്ട ജനപ്രതിനിധികളടക്കമുള്ളവര്‍ക്കെതിരെയും കേസെടുക്കുമെന്ന് വിജിലന്‍സ് ഡിവൈഎസ്‌പി സൂചിപ്പിച്ചു. 60 ഓളം പേര്‍ക്ക് വീട് റിപ്പയര്‍ നല്‍കിയതില്‍ അഞ്ചു വീടുകള്‍ പരിശോധിച്ചിട്ടുണ്ടെന്നും ഇവര്‍ അറ്റകുറ്റപ്പണി നടത്തിയിട്ടില്ലെന്ന് തെളിഞ്ഞതായും ഇവര്‍ക്ക് സഹായത്തിന് അര്‍ഹതയില്ലെന്നും അറ്റകുറ്റപ്പണി നടത്താതെ പണം വാങ്ങിയതായി തെളിഞ്ഞിട്ടുണ്ടെന്നും വിജിലന്‍സ് വ്യക്തമാക്കി. അഴിമതി വിരുദ്ധ സംഘടനയായ ജിഎച്ച്എമ്മിനു വേണ്ടി ബുര്‍ഹാന്‍ തളങ്കരയാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സിഐ പി.ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ വിജിലന്‍സ് സംഘം നഗരസഭാ ഓഫീസിലെത്തി പരിശോധന നടത്തുകയും രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. 200 ഓളം അപേക്ഷകര്‍ നിലവിലുണ്ടായിട്ടും മുന്‍ഗണനാക്രമം മറികടന്ന് ആനുകൂല്യങ്ങള്‍ക്കായി ആശ്രിതരെ തിരുകിക്കയറ്റിയെന്നാണ് പരാതി. സഹായം ലഭിച്ച 60 പേരില്‍ 23 പേര്‍ വീട്ടുടമസ്ഥരല്ലെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. 20 അപേക്ഷകര്‍ പണം ചെലവാക്കിയതിന്റെ രേഖകള്‍ നഗരസഭയ്ക്ക് സമര്‍പിച്ചിട്ടില്ല. ബിപിഎല്‍ ലിസ്റ്റിലുള്ളവര്‍ക്കാണ് അനുവദിക്കാന്‍ തീരുമാനിച്ചതെങ്കിലും ഇതൊന്നും പാലിച്ചിട്ടില്ലെന്നും വിജിലന്‍സ് അന്വേഷണത്തില്‍ വ്യക്തമായി. നഗരസഭയില്‍ നടന്ന അഴിമതികള്‍ ചൂണ്ടിക്കാട്ടി ബിജെപി അംഗങ്ങള്‍ കൗണ്‍സില്‍ യോഗങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയര്‍പേഴ്‌സണെ ഉപരോധിക്കുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.