കനാല്‍ പാലം അപകടാവസ്ഥയില്‍

Wednesday 18 January 2017 2:32 pm IST

ഗതാഗതം നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാകുന്നു തൊടുപുഴ: കനാല്‍ പാലം ഇടിഞ്ഞ് വീഴാറായിട്ടും ഗതാഗതം നിയന്ത്രിക്കാനോ സുരക്ഷ ഒരുക്കാനോ തയ്യാറാകാതെ അധികൃതര്‍. പാലം അതീവ ഗുരുതരാവസ്ഥയിലായിട്ടും മുന്നറിയിപ്പ് ബോര്‍ഡ് പോലും ഇവിടെ സ്ഥാപിച്ചിട്ടില്ല. തൊണ്ടിക്കുഴ സ്‌കൂളിന് സമീപമാണ് കനാല്‍പാലം അപകടാവസ്ഥയില്‍ നില്‍ക്കുന്നത്. ഇടവെട്ടി- തൊണ്ടിക്കുഴ ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്. ദിവസവും നൂറ് കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന പാലം മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രൊജക്ടിന്റെ നിര്‍മ്മാണ സമയത്ത് തുറന്ന് നല്‍കിയതാണ്. 1980-കളിലാണ് പാലം തുറക്കുന്നത്. വീതി കുറഞ്ഞ പാലത്തിന്റെ കൈവരികള്‍ തകര്‍ന്നിട്ട് 5 വര്‍ഷത്തിലധികമായി. പാലം നിര്‍മ്മിച്ച ശേഷം നാളിത് വരെ യാതൊരു വിധ മെയിന്റന്‍സും നടത്തിയിട്ടില്ല. പാലത്തിന്റെ അടിഭാഗത്തെ പ്രധാനബീമുകള്‍ രണ്ടും തകര്‍ച്ചയുടെ വക്കിലാണ്. കോണ്‍ക്രീറ്റുകള്‍ തകര്‍ന്ന് കമ്പി തെളിഞ്ഞ നിലയിലാണ്. ഇരു വശങ്ങളിലും പാലം ആരംഭിക്കുന്നിടത്തും ഇതേ അവസ്ഥ തന്നെ. പാലം ആരംഭിക്കുന്ന ഇരു വശങ്ങളിലും കെട്ട് ഇടിഞ്ഞ് കോണ്‍ക്രീറ്റ് ഇളകിയ നിലയിലാണ്. ഭാരവാഹനങ്ങളുടെ ഓട്ടം മൂലം ദിവസം ചെല്ലുന്തോറും കെട്ട് ഇരുന്ന് വരുകയാണ്. ഏത് നിമിഷവും ഇത് തള്ളിപോകാനുള്ള സാധ്യതയും ഉണ്ട്. പാലം ഇത്തരത്തില്‍ ഭീഷണി ഉയര്‍ത്തി നില്‍ക്കാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷം കഴിയുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഓരോ ദിവസം ചെല്ലുന്തോറും കൂടുതല്‍ ഗുരുതരമാകുകയാണ് പാലം. സമീപത്തായി തന്നെയുള്ള അക്വഡേറ്റിന്റെ വിവിധ ഭാഗങ്ങളും തകര്‍ന്ന നിലയിലാണ്. കനാല്‍ തുറന്ന് വിടുമ്പോള്‍ ഇവിടെ അശാസ്ത്രീയമായ കുളിക്കടവ് നിര്‍മ്മാണം മൂലം വെള്ളം ചോരുന്നുമുണ്ടായിരുന്നു. ഇടത്-വലത് കര കനാലുകളിലായി 30 ല്‍ അധികം പാലങ്ങളാണ് ജില്ലയില്‍ മാത്രമുള്ളത.് തൊടുപുഴയില്‍ മാത്രം 12ലധികം പാലങ്ങളാണ് ഇത്തരത്തില്‍ അപകടനിലയിലുള്ളത്. തൊണ്ടിക്കുഴ യുപി സ്‌കൂള്‍, ഇടവെട്ടി സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍, കാരിക്കോട് വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, മൂേ ന്നാളം ക്ഷേത്രങ്ങള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് പോകുന്നതിനുള്ള ഏക പാലമാണിത്. നിലവില്‍ പാലത്തിന്റെ നിര്‍മ്മാണത്തിന്  തുക വകയിരിത്തിട്ടില്ലെന്നും ഇതിനായി ശ്രമം നടത്തിവരികയാണെന്നും എംവിഐപി അധികൃതര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.