മലയാളികളുടെ ലാലേട്ടനെ കാണാന്‍ അമീറെത്തി

Thursday 3 May 2012 10:49 pm IST

കൊച്ചി: മലയാളത്തിന്റെ മഹാനടനെ കാണാന്‍ ബോളിവുഡ്‌ സൂപ്പര്‍താരമെത്തി. ബുധനാഴ്ച രാത്രിയാണ്‌ അമീര്‍ഖാന്‍ മോഹന്‍ലാലിനെ കാണുവാനായി കൊച്ചിയിലെ വസതിയിലെത്തിയത്‌. വീട്ടിലെത്തിയ അമീര്‍ഖാനെ കേരളീയ വേഷത്തിലാണ്‌ മോഹന്‍ലാല്‍ എതിരേറ്റത്‌. മഞ്ഞ സില്‍ക്ക്മുണ്ടും സില്‍ക്ക്‌ ഷര്‍ട്ടും നെറ്റിയില്‍ ചന്ദനവും അണിഞ്ഞാണ്‌ ലാല്‍ സ്വീകരിക്കാന്‍ കാത്തുനിന്നത്‌. അമീര്‍ഖാന്‍ എത്തിയ വിവരമറിഞ്ഞ്‌ നടന്‍ ദിലീപും മോഹന്‍ലാലിന്റെ വസതിയിലെത്തി. ലാലിന്റെ വീട്ടിലെ അപൂര്‍വ പുരാവസ്തുശേഖരവും ഈയിടെ അപ്പച്ചനില്‍നിന്ന്‌ വാങ്ങിയ മൂവിക്യാമറകളുമടക്കമുള്ള വസ്തുക്കളും ഖാന്‌ വിസ്മയമായി. വിവാദമായ ആനക്കൊമ്പും ലാല്‍ അമീര്‍ഖാനെ കാണിച്ചു. വസതിയിലെ വിലപിടിപ്പുള്ള പുല്‍ത്തകിടിയും മറ്റും കണ്ട്‌ അമീര്‍ഖാന്‍ അത്ഭുതം കൂറി. ലാലിന്റെ സ്വകാര്യ മുറിയില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. അമീര്‍ഖാന്‍ വന്നതറിഞ്ഞ്‌ ലാലിന്റെ വസതിക്ക്‌ മുമ്പില്‍ ആരാധകരുടെ വന്‍നിരതന്നെ തടിച്ചുകൂടി. ലാലിനും ദിലീപിനുമൊപ്പം വൈവിധ്യങ്ങളായ ഫോട്ടോകളെടുത്ത ശേഷമാണ്‌ രാത്രി 11 മണിയോടെ അമീര്‍ഖാന്‍ മടങ്ങിയത്‌. സ്വകാര്യ ചാനലിലെ സീരിയലുമായി ബന്ധപ്പെട്ടാണ്‌ അമീര്‍ഖാന്‍ കൊച്ചിയിലെത്തിയത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.