ഇടുക്കിയില്‍ 2338.78 അടി വെള്ളം

Wednesday 18 January 2017 7:59 pm IST

ഇടുക്കി: സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയില്‍ അവശേഷിക്കുന്നത് 37 ശതമാനം വെള്ളം മാത്രം. 2338.78 അടിയാണ് ഇന്നലെ രാവിലെ ലഭിച്ച കണക്ക് പ്രകാരം ഇടുക്കി ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് പിടിച്ചു നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഉത്പാദനം കുറച്ചിരുന്നെങ്കിലും വീണ്ടും വര്‍ദ്ധിപ്പിച്ചു. പദ്ധതി പ്രദേശത്ത് ദിവസങ്ങളായി മഴ ലഭിക്കുന്നുമില്ല. 2.653 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ചൊവ്വാഴ്ച ഉത്പാദിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇത് 1.5-1.85 വരെ. ഉപയോഗം കൂടിയതോടെ ഉത്പാദനവും കൂട്ടി. സംസ്ഥാനത്തെ ഡാമുകളില്‍ 1842.395 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. 1.554 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം ഡാമുകളില്‍ ഇന്നലെ ഒഴുകിയെത്തി. സംസ്ഥാനത്താകെ 7.3576 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചപ്പോള്‍ ഉപയോഗം 64.2972 യൂണിറ്റെത്തി. ബാക്കിയുള്ള 56.9396 ദശലക്ഷം യൂണിറ്റും കേന്ദ്ര വിഹിതവും പുറത്ത് നിന്ന് പണം നല്‍കി വാങ്ങിയതാണ്. വേനല്‍ക്കാലങ്ങളിലും വറ്റാതെ ഒഴുകിയിരുന്ന തൊടുപുഴയാറിലെ ജലനിരപ്പ് കുത്തനെ താഴ്ന്നത് വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് വരാനിരിക്കുന്ന കടുത്ത കുടിവെള്ള-വൈദ്യുതി ക്ഷാമത്തിന്റെ സൂചനയാണ്. മൂലമറ്റത്തെ വൈദ്യുതി ഉത്പാദനത്തിന് ശേഷം ഒഴുകിയെത്തുന്ന വെള്ളം മലങ്കര ഡാമിലും വൈദ്യുതി ഉത്പാദിപ്പിച്ച ശേഷമാണ് തൊടുപുഴ ആറിലൂടെ ഒഴുകി മൂവാറ്റുപുഴയാറില്‍ ചേരുന്നത്. എന്നാല്‍, ജല ലഭ്യത കുറഞ്ഞതോടെ വരുന്ന വെള്ളം സംഭരിക്കാനാകാതെ അപ്പാടെ ഒഴുക്കി വിടേണ്ട ഗതികേടിലെത്തി നില്‍ക്കുകയാണ് കെഎസ്ഇബി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.