കുളിരണിഞ്ഞ് മൂന്നാര്‍; തണുപ്പ് മൈനസ് ഒരു ഡിഗ്രി

Wednesday 18 January 2017 8:08 pm IST

മൂന്നാറിലെ കന്നിമലയാറിന് സമീപം മഞ്ഞുവീണ് കിടക്കുന്നതിന്റെ ദൃശ്യം

ഇടുക്കി: കനത്ത കുളിരില്‍ മൂന്നാര്‍ തണുത്തു വിറയ്ക്കുന്നു. സാധാരണ ഡിസംബര്‍ പാതിയോടെ എത്തുന്ന ഈ കാലാവസ്ഥാ വ്യതിയാനം ഇത്തവണ വൈകിയാണ് മൂന്നാറിലെത്തിയത്. ശൈത്യം കനത്തതോടെ തണുപ്പ് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ എണ്ണമേറി.

ചൊവ്വാഴ്ച രാത്രി തണുപ്പ് മൈനസ് ഡിഗ്രിയിലെത്തിയിരുന്നു. ഇന്നലെ പുലര്‍ച്ചെ മൈനസ് ഒരു ഡിഗ്രി വരെയെത്തി. വരും ദിവസങ്ങളില്‍ ഇനിയും കൂടുമെന്നാണ് കരുതുന്നത്. മൂന്നാറില്‍ ടൗണ്‍ പരിസരങ്ങളില്‍ ഒരു ഡിഗ്രിയും സമീപത്തുള്ള പെരിയവര, കന്നിമല തുടങ്ങിയ എസ്റ്റേറ്റുകളില്‍ പൂജ്യം മുതല്‍ മൈനസ് ഒരു ഡിഗ്രിയുമാണ് അനുഭവപ്പെട്ടത്.

ഡിസംബര്‍ അവസാനിക്കുമ്പോഴും മൂന്നാറില്‍ കാര്യമായ തണുപ്പ് അനുഭവപ്പെട്ടിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഇതേ സമയം തണുപ്പ് മൈനസ് ഡിഗ്രിയിലെത്തിയിരുന്നു. കന്നിമല എസ്റ്റേറ്റിലെ പുല്‍പ്രതലങ്ങള്‍ മഞ്ഞില്‍ക്കുളിച്ചാണ് കിടന്നിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പുലര്‍ച്ചെ മഞ്ഞിലിറങ്ങി വിനോദസഞ്ചാരികള്‍ കാമറയില്‍ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

പുതുവര്‍ഷത്തോടനുബന്ധിച്ച് ജനുവരി ഒന്നിന് ഒരു ഡിഗ്രി സെല്‍ഷ്യസായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ഒറ്റയക്കമായിരുന്നു മൂന്നാര്‍ ടൗണിലും പരിസരത്തും താപനില രേഖപ്പെടുത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.