ജെല്ലിക്കെട്ടിന് വിലക്ക്: ചെന്നൈയില്‍ പതിനായിരങ്ങളുടെ പ്രതിഷേധം: ഇടപെടാന്‍ കോടതി വിസമ്മതിച്ചു

Wednesday 18 January 2017 8:55 pm IST

ജെല്ലിക്കെട്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് മറീന ബീച്ചില്‍ നടന്ന പ്രതിഷേധ സമരം

ചെന്നൈ: ജെല്ലിക്കെട്ട് അനുവദിക്കുക, മൃഗസ്‌നേഹികളുടെ സംഘടന പെറ്റയെ നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പതിനായിരങ്ങള്‍ മറീനാ ബീച്ചില്‍ പ്രകടനം നടത്തി. ചൊവ്വാഴ്ച രാത്രിയാണ് പ്രകടനം തുടങ്ങിയത് ഇന്നലെയായപ്പോഴേക്കും മറീനാ ബീച്ച് ജനസമുദ്രമായി. കോളേജ് വിദ്യാര്‍ഥികളും യുവാക്കളുമാണ് കൂടുതലും. അലങ്കനല്ലൂരില്‍ ജെല്ലിക്കെട്ട് നടത്തിയ ഏതാനും പേരെ അറസ്റ്റ് ചെയ്തതോടെ തുടങ്ങിയ പ്രതിഷേധങ്ങളാണ് പടര്‍ന്ന് വലിയ പ്രക്ഷോഭമായി മാറിയത്.

മറീനാ ബീച്ചിനു പുറമെ തമിഴ്‌നാടിന്‍രെ പല ഭാഗങ്ങളിലും ജെല്ലിക്കെട്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമരങ്ങള്‍ അരങ്ങേറുന്നുണ്ട്. നാമക്കലില്‍ അഭിഭാഷകര്‍ കോടതി ബഹിഷ്‌ക്കരിക്കാന്‍ ആഹാ്വനം നല്‍കി. പ്രമുഖ താരങ്ങള്‍ ജെല്ലിക്കെട്ടിനെ അനുകൂലിച്ച് രംഗത്തുവന്നതും പ്രക്ഷോഭകര്‍ക്ക് കരുത്തു പകര്‍ന്നു.

ജെല്ലിക്കെട്ട് തമിഴ്‌നാടിന്റെ സംസ്‌ക്കാരത്തിന്റെ ഭാഗമെന്ന് ഇളയ ദളപതി വിജയും സൂര്യയും പറഞ്ഞു. അറസ്റ്റ് ചെയ്തവരെ ഉടന്‍ വിട്ടയക്കുമെന്ന് കരുതുന്നു, വിജയ് തുടര്‍ന്നു. നടന്‍ ജി.വി. പ്രകാശ്, ഗാനരചയിതാവും ഗായകനുമായ അരുണ്‍രാജ കാമരാജ്, സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് തുടങ്ങിയവര്‍ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

അതിനിടെ, വിഷയത്തില്‍ ഇടപെടാന്‍ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചു. ജെല്ലിക്കെട്ട് സുപ്രീം കോടതിയാണ് വിലക്കിയത്. ഈ സാഹചര്യത്തില്‍ ഹൈക്കോടതിക്ക് ഇടപെടാനാവില്ല. ജെല്ലിക്കെട്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ നടക്കുന്ന പ്രക്ഷോഭം ചൂണ്ടിക്കാട്ടിയപ്പോള്‍ കോടതി വ്യക്തമാക്കി. അഭിഭാഷകനായ കെ. ബാലുവാണ് വിഷയം ഉന്നയിച്ചത്.

കാളയോട്ടത്തിനിടെ കര്‍ഷകനെ കാള കുത്തിക്കൊന്നു

വെല്ലൂര്‍: വെല്ലൂര്‍ ജില്ലയിലെ വെള്ളക്കുട്ടയില്‍ കാളയോട്ടത്തിനിടെ കര്‍ഷകനെ കാള കുത്തിക്കൊന്നു. പി. ഷണ്മുഖ(40)മാണ് മരിച്ചത്. എരുത്തു വിടും വിഴയെന്ന കാളയോട്ടത്തില്‍ നൂറു കാളകളെയാണ് ഓടിച്ചത്. അവയിലൊന്ന് കാഴ്ചക്കാര്‍ക്കിടയിലേക്ക് ഓടിക്കയറി കര്‍ഷകനെ കുത്തി. ഇടത്തെ കവിളത്താണ് കുത്തേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.