സിപിഎം നേതാവിന്റെ പ്രസ്താവന: പ്രതിഷേധമുയരുന്നു

Wednesday 18 January 2017 9:14 pm IST

മാവേലിക്കര: അന്യസംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹോസ്റ്റലുകളില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മുന്നോക്ക ജാതിക്കാര്‍ താമസിക്കില്ലെന്ന സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം. കഴിഞ്ഞ ദിവസം മാവേലിക്കരയില്‍ പട്ടികജാതി ക്ഷേമ സഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രോഹിത് വെമൂല അനുസ്മരണത്തിലാണ് സജി ചെറിയാന്‍ ഇത്തരത്തിലുള്ള പ്രസ്താവന നടത്തിയത്. മുന്നോക്ക-പിന്നോക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച് താമസിക്കുന്നത് ബിജെപിക്കാര്‍ തെളിയിച്ചാല്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറണെന്നും സജി ചെറിയാന്‍ പ്രസംഗിച്ചു. വ്യാജ കഥകള്‍ പ്രചരിപ്പിച്ച് സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്താനാണ് സിപിഎം നേതാവിന്റെ ശ്രമമെന്ന് വിവിധ ഹൈന്ദവ സംഘടനാ നേതാക്കള്‍ പറഞ്ഞു. സിപിഎം വോട്ടു ബാങ്കായി കൊണ്ടു നടന്ന വിഭാഗം യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കി തുടങ്ങി. ഇതോടെ സിപിഎമ്മില്‍ നിന്നും ഇവര്‍ കൂട്ടമായി സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലേക്ക് എത്തിത്തുടങ്ങി. ഇതാണ് സിപിഎമ്മിനെ വിറളി പിടിപ്പിച്ചിരിക്കുന്നത്. ഭിന്നതകള്‍ ഇല്ലാതായി ഹൈന്ദവ വിഭാഗം ഒന്നിച്ചാല്‍ സിപിഎം തകരും. ഇതു മനസ്സിലാക്കി ജാതിയുടെ പേരില്‍ തമ്മിലടിപ്പിച്ച് മുതലെടുക്കാനാണ് സിപിഎം നേതാവിന്റെ ശ്രമമെന്നും നേതാക്കള്‍ പറഞ്ഞു. വെല്ലുവിളി ഏറ്റെടുക്കുന്നു: കെ. സോമന്‍ മാവേലിക്കര: അന്യസംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുന്നോക്ക-പിന്നോക്ക വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച് താമസിക്കുന്നത് തെളിയിക്കാമോയെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദളിത് വിദ്യാര്‍ത്ഥിയും സവര്‍ണ്ണനും ഒന്നിച്ച് കഴിയുന്ന നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് കാണിച്ച് കൊടുക്കാന്‍ തയ്യാറാണ്. ഒപ്പം വരാന്‍ തയ്യാറാണോയെന്ന് സജി ചെറിയാന്‍ വ്യക്തമാക്കണം. സ്വന്തം കണ്ണിലെ കോലെടുക്കാതെ അന്യന്റെ കണ്ണിലെ കരടെടുക്കുന്ന പരിഹാസ്യമായ സമീപനമാണ് സിപിഎം ജില്ലാ സെക്രട്ടറിയുടേത്. സംസ്ഥാന ഭരണത്തിലെ ദളിത് പിഢനം മറയ്ക്കാനാണ് ഇത്തരം കള്ള പ്രചരണവുമായി സിപിഎം ഇറങ്ങിയിരിക്കുന്നത്. വ്യാജ പ്രചരണം നടത്തുന്ന സജിചെറിയാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും കെ.സോമന്‍ ആവശ്യപ്പെട്ടു. ജാതീയത വളര്‍ത്തുന്നത് ഇടതുപക്ഷം: ഹിന്ദുഐക്യവേദി മാവേലിക്കര: ജാതി വ്യവസ്ഥ ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്നത് കേരളത്തിലാണ്, ഇതിനു കാരണം ഇടതുപക്ഷമാണെന്നും ഹിന്ദുഐക്യവേദി മാവേലിക്കര താലൂക്ക് കമ്മറ്റി അഭിപ്രായപ്പെട്ടു. ദളിത് വിഭാഗത്തെ കൂട്ടുപിടിച്ച് അധികാരത്തില്‍ കയറിയ ശേഷം അവരെ അടിയാന്മാരായി ഇരുത്തി ഭരണം നടത്തുകയാണ് സിപിഎം നേതൃത്വത്തിലുള്ള ഇടതുപക്ഷം കേരളത്തില്‍ നടത്തിയിരിക്കുന്നത്. എല്ലാ കാലത്തും സവര്‍ണ്ണ മേധാവിത്വം അടിച്ചേല്‍പ്പിക്കാനാണ് സിപിഎം ശ്രമിച്ചിരിക്കുന്നത്. എന്നാല്‍ ബിജെപി ഭരിക്കുന്ന ഇതര സംസ്ഥാനങ്ങളില്‍ മുന്നോക്ക-പിന്നോക്ക വ്യത്യാസം ഒരു മേഖലയിലുമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതിനോ താമസിക്കുന്നതിനോ ഇവിടെ ജാതിഭിന്നതയില്ല. ഇക്കാര്യം നേരിട്ടു ബോധ്യപ്പെടുത്താന്‍ ഹിന്ദുഐക്യവേദി തയ്യാറാണ്. സിപിഎം ജില്ലാ സെക്രട്ടറി വരാന്‍ തയ്യാറാവണം. മാവേലിക്കര താലൂക്ക് കമ്മറ്റി പ്രസിഡന്റ്‌രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.