ദേശീയപാത ചോരക്കളമാകുന്നു

Wednesday 18 January 2017 9:14 pm IST

മുഹമ്മ: ദേശീയപാത ചോരക്കളമാകുന്നു. പാതിരപ്പള്ളി-കഞ്ഞിക്കുഴി ജങ്ഷനിടയില്‍ അപകടത്തില്‍പ്പെട്ട് നിരവധി പേരുടെ ജീവനാണ് പൊലിയുന്നത്. നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കാല്‍നടയാത്രികരും അലക്ഷ്യമായി വാഹനമോടിക്കുന്നവരുമാണ് അപകടത്തില്‍പ്പെടുന്നതിലേറെയും. ട്രാഫിക് പോലീസിന്റെ പരിശോധന വേണ്ടത്ര കാര്യക്ഷമമല്ലാത്തതും സിഗ്നല്‍ലൈറ്റുകളോ മറ്റു അപകട ബോര്‍ഡുകളോ ഇല്ലാത്തതും അപകടങ്ങള്‍പെരുകാന്‍ കാരണമാകുന്നു. ദേശീയപാതയില്‍ വളവനാട് ജങ്ഷന് സമീപം ഇന്നലെ രാവിലെ 11ഓടെ ഇന്‍സുലേറ്റഡ് വാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപോര്‍ മരിക്കുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയതു. പത്തനം തിട്ട റാന്നി തെക്കുംമൂട്ടില്‍ ടി ഡി രാജന്‍(56), മഹാരാഷ്ട്ര നവിമുബൈ ബിങ്കോമന്തിര്‍ നഗര്‍ പാസ്റ്റര്‍ ജോണ്‍ഗ്ലാഡ്സ്റ്റന്‍(65)എന്നിവരുടെ ജീവനാണ് അവസാനമായി പൊലിഞ്ഞത്. കഞ്ഞിക്കുഴി കുരിശടി ജങ്ഷന് സമീപം റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് മാരാരിക്കുളം വടക്ക് പഞ്ചായത്ത് 10-ാം വാര്‍ഡ് പരപ്പില്‍ സദാശിവന്‍ ചൊവ്വാഴ്ചയും ഒരാഴ്ച മുമ്പ് പ്ലാക്കിപറമ്പില്‍ ശശിയും മരിച്ചിരുന്നു. കലവൂര്‍ ബിവറേജിന് സമീപം കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ച് കൊല്ലം കാവനാട് ശ്രീവിലാസം പുത്തന്‍വീട്ടില്‍ അംബികാദേവി(60)മരിച്ചിട്ട് ഏറെനാളായിട്ടില്ല. ഇവിടെ വാഹനാപകടങ്ങള്‍ നിത്യസംഭവമാണ്. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ വൃദ്ധ ലോറിയിടിച്ച് മരിച്ചിരുന്നു. വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്കുചെയ്യുന്നത് മൂലം മറ്റുവാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്തവസ്ഥയാണുള്ളത്. പാതിരപ്പള്ളി ജങ്ഷന് സമീപം കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ആലപ്പുഴ എആര്‍ ക്യാമ്പിലെ പോലീസുകാരന്‍ മണ്ണഞ്ചേരി പഞ്ചായത്ത് 20-ാം വാര്‍ഡില്‍ ഞാറകുളങ്ങര വടക്കേവെളിയില്‍ അനില്‍കുമാര്‍ റോഡിലെ കുഴിയില്‍പെട്ട് ബൈക്ക് മറിഞ്ഞ് മരിച്ചിരുന്നു. അപകടങ്ങള്‍ പെരുകിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും വേണ്ടത്ര നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണാക്ഷേപം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.