ബദല്‍ തേടുന്ന രാഷ്ട്രീയം

Wednesday 18 January 2017 10:03 pm IST

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്ന വികസന രാഷ്ട്രീയത്തോടൊപ്പം നില്‍ക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് ബിജെപി സംസ്ഥാന നേതൃയോഗം കോട്ടയത്ത് അവസാനിച്ചത്. റേഷന്‍ പ്രതിസന്ധി, ദളിത് പീഡനം, ഭൂമി പ്രശ്‌നം, അക്രമ രാഷ്ട്രീയം എന്നിവ മൂലം നട്ടംതിരുയുന്ന കേരളജനതയ്ക്ക് പ്രതീക്ഷ നല്‍കുന്ന തീരുമാനങ്ങളാണ് കോട്ടയത്തുണ്ടായത്.നീതി നിഷേധിക്കപ്പെടുന്ന ജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്താന്‍, ഇരുമുന്നണികളും ദുരിതക്കയത്തിലാക്കിയ ജനങ്ങള്‍ക്ക് ആശ്വാസവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിന് നേതൃത്വം നല്‍കാന്‍ കാവലാളായി ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കുന്ന ബിജെപി, അതു പാലിക്കാന്‍ കര്‍മ്മ പദ്ധതികളും ആവിഷ്‌ക്കരിച്ചു. പിണറായി സര്‍ക്കാര്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അന്നം നിഷേധിക്കുകയാണ്. യുഡിഎഫ് ഭരണത്തില്‍ തുടങ്ങിയ റേഷന്‍ സ്തംഭനം അവസാനിപ്പിക്കാനായില്ല. രാജ്യത്തിന് തന്നെ മാതൃകയായിരുന്ന കേരളത്തിലെ പൊതുവിതരണ സമ്പ്രദായം തകര്‍ത്തതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഇരുമുന്നണികള്‍ക്കും ഒഴിഞ്ഞു മാറാനാവില്ല. ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ ക്രിസ്തുമസ്സിനും പുതുവത്സരത്തിലും റേഷന്‍ മുടങ്ങി. 1965 മുതല്‍ സംസ്ഥാനത്ത് വിജയകരമായി നടന്നു വന്ന സ്റ്റാറ്റിയൂട്ടറി റേഷന്‍ സമ്പ്രദായമാണിവിടെ തകിടംമറിഞ്ഞത്. ആവശ്യമുള്ള ഭക്ഷ്യധാന്യത്തിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന സംസ്ഥാനത്തെ സംബന്ധിച്ച് റേഷന്‍ വിതരണം നിലച്ചത് ഇരുട്ടടിയായി. ഇതേതുടര്‍ന്ന് പൊതുവിപണിയില്‍ അരി വില 40 രൂപക്ക് മുകളിലാവുകയും ചെയ്തു. 2013 ലെ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കാന്‍ സംസ്ഥാനം തയ്യാറാകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. നിയമം നടപ്പാക്കാന്‍ ആറ് തവണയാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സാവകാശം ചോദിച്ചത്. പിന്നീട് ഭരണത്തിലെത്തിയ ഇടതുമുന്നണിയും അതേ പാത പിന്തുടര്‍ന്നതോടെയാണ് കേന്ദ്രം അന്ത്യശാസനം നല്‍കിയത്. നിയമം നടപ്പാക്കാതെ റേഷന്‍ അനുവദിക്കില്ലെന്ന നിലപാട് സാധാരണക്കാരെ മുന്നില്‍ കണ്ട് ഇളവ് വരുത്താന്‍ കേന്ദ്രം തയ്യാറായി. കേരളത്തിന് ആവശ്യമുള്ള ഭക്ഷ്യധാന്യം എഫ്‌സിഐ ഗോഡൗണുകളില്‍ എത്തിച്ചു. തൊഴിലാളി പണിമുടക്കും സംഭരണ ശാലകളുടെ അപര്യാപ്തതയും മൂലം റേഷന്‍ ജനങ്ങളിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ല. കേന്ദ്രനിയമം നടപ്പാക്കുമ്പോള്‍ ഭക്ഷ്യധാന്യം കുറവുണ്ടാകുമെന്ന ആക്ഷേപമാണ് മുന്നണികള്‍ ഉന്നയിക്കുന്നത്. എന്നാല്‍ പട്ടികയില്‍ ലക്ഷക്കണക്കിന് അനര്‍ഹരുണ്ടെന്ന ആക്ഷേപം കണക്കിലെടുക്കാതെ കരിഞ്ചന്തക്ക് കൂട്ടുനില്‍ക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. ആകെയുള്ള ഉപഭോക്താക്കളില്‍ 45 ശതമാനം പേരും റേഷന്‍ വാങ്ങുന്നില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. യാഥാര്‍ത്ഥ്യം ഇതായിരിക്കെ കേന്ദ്രത്തിനെതിരെ രാഷ്ട്രീയം കളിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. കേരളത്തിലെ റേഷന്‍കാര്‍ഡ് പുതുക്കേണ്ടത് 2012ലായിരുന്നു. നാലുവര്‍ഷമായി ഈ പ്രശ്‌നം തട്ടിക്കളിക്കുകയാണ്. ആദ്യം തയ്യാറാക്കിയ പട്ടിക തെറ്റുകളുടെ കൂമ്പാരമാണ്. തെറ്റുതിരുത്തി പുതിയ കരട് പ്രസിദ്ധീകരിക്കുമെന്ന ഇടതുമുന്നണി പ്രഖ്യാപനവും നടന്നില്ല. കേരളപ്പിറവിയുടെ ആറ് പതിറ്റാണ്ട് പിന്നിടുമ്പോഴും കയറിക്കിടക്കാന്‍ ഒരു കൂരപോലുമില്ലാത്തവര്‍ കേരളത്തിന്റെ സാമൂഹ്യ ബോധത്തിന് മുന്നില്‍ ചോദ്യചിഹ്നമാവുകയാണ്. മൂന്നു ലക്ഷം കുടുംബങ്ങള്‍ക്ക് ഒരു സെന്റ് ഭൂമി പോലും ഇല്ലെന്ന കണക്ക് ഞെട്ടിക്കുന്നതാണ്. നിസ്സഹായരായ പട്ടിണിപ്പാവങ്ങളും ആദിവാസികളും ദളിതരും അടക്കമുള്ള ജനങ്ങള്‍ നടത്തുന്ന ഭൂസമരങ്ങളെ അവഗണിക്കാനും തല്ലിത്തകര്‍ക്കാനുമാണ് സര്‍ക്കാര്‍ ശ്രമം. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ദളിത്, സ്ത്രീ പീഡനങ്ങള്‍ ഉത്കണ്ഠയും ആശങ്കയും ഉണ്ടാക്കുന്നവയാണ്. പിണറായി വിജയന്‍ അധികാരത്തിലെത്തിയ ശേഷം 400 ദളിത് പീഡനക്കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 35 പട്ടികജാതി ആദിവാസി പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ ജനദ്രോഹ നടപടികളുമായി പിണറായി വിജയന്‍ സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴും പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ മൗനം ദുരൂഹമാണ്. മുന്‍ സര്‍ക്കാരിന്റെ അതേ പാതയിലൂടെ നീങ്ങുന്ന പിണറായി വിജയനെ തുറന്നെതിര്‍ക്കാന്‍ പറ്റാത്ത ഗതികേടിലാണ് കോണ്‍ഗ്രസ്. ഒത്തുതീര്‍പ്പ് രാഷ്ട്രീയമെന്ന ബിജെപിയുടെ ആരോപണം ശരിവെക്കുന്ന സംഭവങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. രാജ്യമെങ്ങും നേരിടുന്ന തകര്‍ച്ചയുടെ അതേ പാതയിലാണ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയും. ബിജെപി മുന്നോട്ട് വെക്കുന്ന ബദല്‍ രാഷ്ട്രീയത്തിന്റെ പ്രസക്തി ഇവിടെയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.