പശ്ചിമഘട്ട സംരക്ഷണത്തിന് പരിസ്ഥിതി സംഘടനകളുടെ യോജിച്ച പ്രക്ഷോഭം

Wednesday 18 January 2017 10:49 pm IST

കോഴിക്കോട്: കേരളം അതിരൂക്ഷമായ വരള്‍ച്ചയും ജലദൗര്‍ലഭ്യവും നേരിടുന്ന സാഹചര്യത്തില്‍ പശ്ചിമഘട്ട സംരക്ഷണ മുദ്രാവാക്യവുമായി പരിസ്ഥിതി സംഘടനകള്‍ യോജിച്ച പ്രക്ഷോഭത്തിനൊരുങ്ങുന്നു. അധികാരത്തിലേറിയ ഇടതു മുന്നണി സര്‍ക്കാര്‍ പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണത്തിന് യാതൊന്നും ചെയ്യുന്നില്ലെന്ന തിരിച്ചറിവിലാണ് സംഘടനകള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങാന്‍ തീരുമാനിച്ചത്. യുഡിഎഫ് എടുത്ത അതേ നിലപാടാണ് എല്‍ഡിഎഫും പരിസ്ഥിതി സംരക്ഷണത്തില്‍ പിന്തുടരുന്നതെന്ന് പരിസ്ഥിതി സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. മലയോര ഹൈവേ പദ്ധതി നടപ്പാക്കുന്നതിനെ പ്രതിരോധിക്കാനും യോഗത്തില്‍ തീരുമാനമായി. ഭിന്നതകള്‍ മാറ്റിവെച്ച് പശ്ചിമഘട്ട സംരക്ഷണമെന്ന ഒറ്റ വിഷയത്തില്‍ വിവിധ സംഘടനകളെ ഏകോപിപ്പിക്കാനായിരിക്കും ആദ്യനീക്കം. സൈലന്റ്‌വാലി പ്രക്ഷോഭ മാതൃകയില്‍ യോജിക്കാവുന്ന മുഴുവന്‍ സംഘടനകളേയും ഗ്രൂപ്പുകളേയും ഒന്നിപ്പിക്കും. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി വിവിധ ജില്ലകളില്‍ വിപുരമായ കണ്‍ െവന്‍ഷ നുകള്‍ നടക്കും. പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരില്‍ പുറത്തിറങ്ങിയ ഗാഡ്ഗില്‍, കസ്തൂരിരംഗന്‍, ഉമ്മന്‍ പി. ഉമ്മന്‍ റിപ്പോര്‍ട്ടുകളെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിന് പശ്ചിമഘട്ടസംരക്ഷണം എന്ന വിഷയത്തില്‍ കേന്ദ്രീകരിക്കാനാണ് സംഘടനകളുടെ തീരുമാനം. കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിന് പശ്ചിമഘട്ടസംരക്ഷണം അനിവാര്യമാണെന്ന കാര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഒഴിഞ്ഞുനില്‍ക്കാനാവില്ലെന്നാണ് പരിസ്ഥിതി സംഘടനകള്‍ കണക്കുകൂട്ടുന്നത്. സംസ്ഥാന നിയമസഭയില്‍ പതിനൊന്നോളം ഹരിത എംഎല്‍എമാരുണ്ടെങ്കിലും ഇവരാരും പശ്ചിമഘട്ട സംരക്ഷണത്തിന് മുന്‍കൈയ്യെടുത്തില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. സര്‍ക്കാറിന്റേയോ മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുടെയോ സാമ്പത്തിക സഹായമില്ലാതെ ജനങ്ങളില്‍ നിന്ന് വിഭവ സമാഹരണം നടത്തി മാത്രമേ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താവൂ എന്നും തീരുമാനിച്ചിട്ടുണ്ട്. പ്രക്ഷോഭത്തിന്റെ മുന്നോടിയായി പശ്ചിമഘട്ട സംരക്ഷണ സമരത്തില്‍ മുന്‍നിര പ്രവര്‍ത്തനായ ഗോവാപീ സ്ഫുള്‍ സൊസൈറ്റി ഡയറക്ടറും പശ്ചിമഘട്ട സംരക്ഷണ സമിതികോര്‍ഡിനേറ്ററുമായ കുമാര്‍ കലാനന്ദമണി വിവിധ ജില്ലകളില്‍ പര്യടനം നടത്തും. പ്രക്ഷോഭത്തിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി മലബാര്‍ മേഖലയിലെ വിവിധ സംഘടനകളുടെ യോഗം കോഴിക്കോട്ട് ചേര്‍ന്നിരുന്നു. ഡോ. എ. എച്യുതന്‍, പ്രൊഫ. ടി. ശോഭീന്ദ്രന്‍, തായാട്ട് ബാലന്‍, ഇ.കെ. ശ്രീനിവാസന്‍, ടി.വി. രാജന്‍, ബാദുഷ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സപ്തംബറില്‍ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ പരിസ്ഥിതി സംവാദ യാത്ര നടത്താന്‍ യോഗം തീരുമാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.