ശ്രീകാര്യം ജംഗ്ഷനില്‍ കാല്‍നടയാത്ര ദുരിതപൂര്‍ണ്ണം

Wednesday 18 January 2017 11:08 pm IST

ശ്രീകാര്യം : ഗതാഗതകുരുക്കില്‍ വീര്‍പ്പുമുട്ടുന്ന ശ്രീകാര്യം ജംഗ്ഷനില്‍ റോഡ് മുറിച്ച് കടക്കാന്‍ സ്‌കൂള്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു. നാല് പ്രധാന റോഡുകള്‍ വന്നു ചേരുന്ന ശ്രീകാര്യം ജംഗ്ഷനില്‍ റോഡ് മുറിച്ച് കടക്കുവാന്‍ സീബ്രാ ലൈന്‍ ഇല്ല. ജംഗ്ഷനില്‍ വേണ്ടത്ര വീതിയുമില്ല. റോഡിന്റെ ഇരുവശങ്ങളില്‍ അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്യുന്നതും അലക്ഷ്യമായി വന്നു കയറുന്ന വാഹനങ്ങളും ഗതാഗതകുരുക്കിന് ആക്കം കൂട്ടുന്നു. തിരുവനന്തപുരം ഇഞ്ചിനീയറിംങ് കോളേജ്, കേന്ദ്ര കിഴങ്ങ് വര്‍ഗ്ഗ ഗവേഷണ കേന്ദ്രം, ചെമ്പഴന്തി ഗുരുകുലം, ടെക്‌നോപാര്‍ക്ക്, വിവിധ സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവിടങ്ങളിലേയ്ക്ക് പോകുന്ന ഉദ്യോഗസ്ഥരും, വിദ്യാര്‍ത്ഥികളുമുള്‍പ്പെടെ ആയിരക്കണക്കിന് യാത്രക്കാരാണ് ദിവസേന ഇതു വഴി കടന്ന് പോകുന്നത്. നിരവധി വാഹനങ്ങള്‍ തലങ്ങും വിലങ്ങും എപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന ജംഗ്ഷനില്‍ ഒരു ട്രാഫിക് എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പേര്‍ രാവിലെ മുതല്‍ ഡ്യൂട്ടിക്ക് ഉണ്ടെങ്കിലും വാഹനങ്ങളുടെ ബാഹുല്ല്യം കാരണം പലപ്പോഴും ഇവര്‍ക്ക് നിയന്ത്രിക്കുവാന്‍ കഴിയുന്നില്ല. അത്യാസന്ന നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് രോഗികളെയും കൊണ്ട് പോകുന്ന ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇവിടെ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍പ്പെടുന്നത് നിത്യ സംഭവമാണ്. രാവിലെ മുതല്‍ തുടങ്ങുന്ന കുരുക്ക് രാത്രിയിലും പതിവാണ്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഓടകളിലെ സ്ലാബുകളില്‍ ചിലത് പൊട്ടിപ്പൊളിഞ്ഞും, ഇളികിമാറിയും കിടക്കുന്നു. ഇത് കാല്‍നടയാത്രക്കാരെ വളരെ ബുദ്ധിമുട്ടിലാക്കുന്നു. അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ നിരവധി അപകടങ്ങള്‍ക്ക് ശ്രീകാര്യം ജംഗ്ഷന്‍ സാക്ഷിയാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.