ഇത് കണ്ണൂരിന്റെ മാലാഖ. മലാല അക്ഷരങ്ങളുടെ മാലാഖ എന്ന ഏകപാത്ര നാടകത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ ചൊക്ലി രാമവിലാസം ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി നിഹാരിക.എസ്.മോഹന്‍ കലോത്സവ വേദിയിലെ മിന്നും താരമായി. ആദ്യ മത്സരത്തില്‍ത്തന്നെ തന്റെ വരവറിയിച്ച് കൊണ്ട് കഥകളിയില്‍ എ ഗ്രേഡോടു കൂടി ഒന്നാംസ്ഥാനം നേടിയ ഈ കലാകാരി നാങ്ങ്യാര്കൂത്ത്, മോണോആക്ട്, നാടകം എന്നിവയിലും മത്സരിക്കുന്നു. കഥകളിയില്‍ രാമായണത്തിലെ കഥാസന്ദര്‍ഭത്തെ മനോഹരമാക്കിയ നിഹാരികയുടെ ഓരോ ചുവടുകളും ഭാവങ്ങളും ആകര്‍ഷകമായിരുന്നു. കലാമണ്ഡലം വെങ്കട്ടരാമനാണ് കഥകളിയിലെ ഗുരു. മലാല അക്ഷരങ്ങളുടെ മാലാഖ എന്ന നാടകത്തിലൂടെ ഏറെ ശ്രദ്ധേയയായ നിഹാരിക സിനിമ-സീരിയല്‍ രംഗത്തും സാന്നിധ്യമറിയിച്ചിട്ടുണ്ട്. ചെറിയ വേഷങ്ങള്‍ക്കു ശേഷം ഒരു നായിക കഥാപാത്രത്തിനായുളള അവസരവും ഈ കലാകാരിയെത്തേടി വന്നിട്ടുണ്ട്. അതിന്റെ പ്രാരംഭ ചര്‍ച്ചകളും നടക്കുന്നു. നൃത്തം, അഭിനയം എന്നിവയില്‍ എല്ലാം തന്റെ കലാവൈഭവം പുറത്തെടുത്ത നിഹാരിക കലോത്സവത്തില്‍ കണ്ണൂരിന്റെ അഭിമാനം ഉയര്‍ത്തുമെന്നുറപ്പ്. ചൊക്ലി നീഹാരം ഭവനില്‍ മോഹനന്-ഷൈനി ദമ്പതികളുടെ ഏക മകളാണ് നിഹാരിക. 75 വേദികളില്‍ ഏകപാത്ര നാടകം അഭിനയിച്ച നിഹാരികയെത്തേടി അവസരങ്ങള്‍ ഒരുപാട് വരുന്നുണ്ടെന്ന് അച്ഛന് മോഹനന് പറയുന്നു. കലോത്സവങ്ങളിലൂടെ സിനിമാലോകത്തേക്കു മറ്റൊരു കൊച്ചുകലാകാരി കൂടി കാല്‍ചുവടു വെയ്ക്കാന്‍ ഒരുങ്ങുമ്പോള്‍ കണ്ണൂരിന് അഭിമാനിക്കാം, മലാല എന്ന മാലാഖയിലൂടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: