ഏനാത്ത് പാലത്തിന്റെ രണ്ടും മൂന്നും തൂണുകള്‍ മാറ്റിയാല്‍ പ്രശ്നം തീരും

Thursday 19 January 2017 3:32 pm IST

തിരുവനന്തപുരം: പത്തനം‌തിട്ട - കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന ഏനാത്ത് പാലത്തിന്റെ രണ്ടും മൂന്നും തൂണുകള്‍ മാറ്റി സ്ഥാപിച്ചാല്‍ അപകടാവസ്ഥ പരിഹരിക്കാമെന്ന് വിദഗ്ധ സമിതി. രൂക്ഷമായ മണലെടുപ്പ് മൂലമാണ് ഏനാത്ത് പാലം അപകടാവസ്ഥയിലാകാന്‍ കാരണമെന്ന് വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പാലം പൂര്‍ണമായും പൊളിച്ച് പണിയാതെ തകരാറിലായ തൂണുകള്‍ മാത്രം മാറ്റി സ്ഥാപിച്ചാല്‍ മതിയെന്നും സമിതി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പാലത്തിന്റെ രണ്ടും മൂന്നും തൂണുകള്‍ മാറ്റി സ്ഥാപിച്ചാല്‍ പ്രശ്നം തീരും. മേല്‍‌തട്ടിന് പറയത്തക്ക കേടുപാടുകളില്ലെന്നും ചെന്നൈ ഐ‌ഐടിയില്‍ നിന്നും വിരമിച്ച ഡോ.അരവിന്ദിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. യുദ്ധകാലാടിസ്ഥാനത്തില്‍ പാലം പണി പൂര്‍ത്തിയാക്കാനും കെ‌എസ്‌ടിപിയെ പണി എല്‍പ്പിക്കാനും ധാരണയുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. ആറ് മാസത്തിനകം പാലം ഗതാഗതയോഗ്യമാക്കുമെന്നും സുധാകരന്‍ ഉറപ്പ് നല്‍കി. മണലൂറ്റ് കാരണം സംസ്ഥാനത്ത് നൂറ് പാലങ്ങളെങ്കിലും അപകടാവസ്ഥയിലാണെന്നാണ് കണ്ടെത്തല്‍. വിദഗ്ദ്ധ റിപ്പോര്‍ട്ട് അടുത്തമാസം അവസാനത്തോടെ കിട്ടും. പാലങ്ങളുടെ മേല്‍‌നോട്ടത്തിന് സ്ഥിരം സംവിധാനമാണ് പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിടുന്നത്. പാലങ്ങളുടെ അറ്റകുറ്റപ്പണിക്കും പുനര്‍‌നിര്‍മാണത്തിനും ബജറ്റില്‍ തുക വകയിരുത്തുമെന്നും സുധാകരന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.