സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന് ജില്ലക്ക് തടസ്സങ്ങളേറെ

Thursday 19 January 2017 7:14 pm IST

കല്‍പ്പറ്റ : വയനാട് ജില്ലാ സമ്പൂര്‍ണ്ണ വൈദ്യുതീകരി ക്കുന്നതിന് തടസ്സങ്ങളേറെ. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ചില്‍പ്പെട്ട ചെട്യാലത്തുര്‍, മണിമുണ്ട, പുത്തൂര്‍,പാമ്പന്‍കൊല്ലി എന്നീ ജനവാസകേന്ദ്രള്‍ വൈദ്യുതീകരിക്കുന്നതിനു കെഎസ്ഇബി നടത്തുന്ന നീക്കങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. ഈ ഗ്രാമങ്ങളില്‍ വൈദ്യുതിയെത്തിക്കുന്നതിനു വനത്തിലൂടെ ഭൂഗര്‍ഭ കേബിള്‍ വലിക്കുന്നതിനു കെഎസ്ഇബി നല്‍കിയ അപേക്ഷ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മേലുദ്യോഗസ്ഥന്റെ പരിഗണനയ്ക്ക് വിട്ടു. സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വനഗ്രാമങ്ങളായതിനാല്‍ ഇവിടേക്ക് ഭൂഗര്‍ഭ ലൈന്‍ വലിക്കുന്നതിനു അനുമതി നല്‍കുന്നതില്‍ സ്വയം തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന നിലപാട് സ്വീകരിച്ച വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അപേക്ഷ പാലക്കാടുള്ള നോര്‍ത്തേണ്‍ റീജിയണ്‍ ചീഫ് കണ്‍സര്‍വേറ്റര്‍ക്ക് വിടുകയായിരുന്നു. അപേക്ഷയില്‍ ചീഫ് കണ്‍സര്‍വേറ്ററുടെ തീരുമാനം വൈകുകയോ പ്രതികൂലമാകുകയോ ചെയ്താല്‍ സമ്പൂര്‍ണ വൈദ്യുതീകരണമെന്ന ലക്ഷ്യം ജില്ലയില്‍ മാര്‍ച്ച് 31നകം കൈവരിക്കാനാകില്ലെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പറയുന്നു. വയനാട് വന്യജീവി സങ്കേതത്തില്‍ പ്രാവര്‍ത്തികമാക്കുന്നത് ആളുകള്‍ക്ക് താത്പര്യം ഉണ്ടെങ്കില്‍ വനത്തിനു പുറേത്തേക്ക് മാറാവുന്ന സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയാണ്. എന്നിരക്കെ അപേക്ഷ വൈല്‍ഡ് വൈഫ് വാര്‍ഡന് അനുവദിക്കാമായിരുന്നുവെന്ന അഭിപ്രായവും ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കുണ്ട്. ചെട്യാലത്തൂരില്‍ താമസം തുടരണമെന്ന് ആഗ്രഹമാണ് ഗ്രാമവാസികളില്‍ പലര്‍ക്കും. നൂല്‍പ്പുഴ പഞ്ചായത്ത് പരിധിയിലുള്ള ചെട്യാലത്തൂര്‍ ഗ്രാമത്തില്‍ 107 വീടുകളാണ് ഉള്ളത്. ഇതില്‍ 57-ഉം തതലമുറകളായി താമസിച്ചുവരുന്ന ആദിവാസികളുടേതാണ്. ചെട്ടിമാരുടേതാണ് പൊതുവിഭാഗത്തില്‍പ്പെട്ട വീടുകളില്‍ അധികവും. വൈദ്യുതിക്കായുള്ള ചെട്യാലത്തൂര്‍ ഗ്രാമവാസികളുടെ കാത്തിരിപ്പിനു പതിറ്റാണ്ടുകളാണ് പഴക്കം. വനത്തിലൂടെ ഗ്രാമത്തിലേക്ക് ഓവര്‍ ഹെഡ്(ഒഎച്ച്) ലൈന്‍ വലിക്കുന്നത് എതിര്‍ത്ത വനം-വന്യജീവി വകുപ്പുതന്നെയാണ് ഭൂഗര്‍ഭ ലൈന്‍ നിര്‍ദേശിച്ചത്. എന്നാല്‍ വൈദ്യുതി വകുപ്പ് ഭൂഗര്‍ഭ കേബിള്‍ പദ്ധതിയുമായി എത്തിയപ്പോഴും വനം-വന്യജീവി വകുപ്പ് ഉടക്കിടുകയായിരുന്നു. നൂല്‍പ്പുഴ പമ്പ്ഹൗസ് പരിസരത്തുനിന്ന് വനാതിര്‍ത്തിവരെ രണ്ടര കിലോമീറ്റര്‍ 11 കെവി ഒഎച്ച് ലൈനും കാട്ടിലൂടെ 1.8 കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിളും തുടര്‍ന്ന് മൂന്ന് കിലോമീറ്റര്‍ ഒഎച്ച് ത്രീഫേസ് ലൈനും ഒരു ട്രാന്‍സ്‌ഫോര്‍മറുമാണ് ചെട്യാലത്തൂര്‍ ഗ്രാമം വൈദ്യുതീകരിക്കുന്നതിനു ആവശ്യം. ഇതിനായി 75 ലക്ഷം രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിയാണ് വൈദ്യുതി ബോര്‍ഡ് തയാറാക്കിയത്. മുത്തങ്ങ വൈല്‍ഡ് ലൈഫ് റേഞ്ചില്‍ അടുത്തടുത്തായാണ് മണിമുണ്ട, പുത്തൂര്‍, പാമ്പന്‍കൊല്ലി പ്രദേശങ്ങളുടെ കിടപ്പ്. മൂന്ന് ഗ്രാമങ്ങളിലുമായി 63 വീടുകളാണ് ഉള്ളത്. ഇവിടങ്ങളില്‍ വൈദ്യുതിയെത്തിക്കുന്നതിനു 50 ലക്ഷം രൂപ അടങ്കലുള്ള പദ്ധതിയാണ് കെഎസ്ഇബി തയാറാക്കിയത്. നൂല്‍പ്പുഴ നായ്‌ക്കെട്ടി പിലാക്കാവില്‍നിന്നു 1.8 കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിളും ഒരു ട്രാന്‍സ്‌ഫോര്‍മറും മൂന്ന് കിലോമീറ്റര്‍ ലോ ടെന്‍ഷന്‍ ത്രീഫേസ് ലൈനുമാണ് വൈദ്യുതീകരണത്തിനു ആവശ്യം. ഈ നാലെണ്ണം ഒഴികെ ജില്ലയിലെ വനഗ്രാമങ്ങളില്‍ വൈദ്യുതീകരണ ജോലികള്‍ പുരോഗതിയിലാണ്. സൗത്ത് വയനാട് വനം ഡിവിഷനിലെ നെയ്ക്കുപ്പ, മണല്‍യല്‍ പ്രദേശങ്ങളില്‍ ഒരു മാസത്തിനകം വൈദ്യുതിയെത്തും. ആദിവാസി വിഭാഗത്തില്‍പ്പെട്ട 18-ഉം പൊതുവിഭാഗത്തില്‍പ്പെട്ട രണ്ടും കുടുംബങ്ങളാണിവിടെ. തിരുനെല്ലി മധ്യപ്പാടിയില്‍ 27 കുടുംബങ്ങളുടെ വൈദ്യുതിക്കായുള്ള കാത്തിരിപ്പിനു ഒരാഴ്ചക്കുള്ളില്‍ വിരാമമാകും. തിരുനെല്ലി നാഗമന, പുല്‍പള്ളി ചുള്ളിക്കാട്, തോട്ടാമൂല പങ്കളം എന്നിവിടങ്ങളിലും പ്രവൃത്തി ത്വരിതഗതിയിലാണ്. വനഗ്രാമങ്ങളിലുളളവര്‍ക്ക് പൊതുവെ സോളാര്‍ വൈദ്യുതി പദ്ധതിയോട് താത്പര്യമില്ല. സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയില്‍ വയനാട്ടില്‍ ഇതുവരെ ലഭിച്ചത് 13,981 അപേക്ഷകള്‍. വീടുകളുടെ വൈദ്യൂതീകരണത്തിനു ബത്തേരി നിയോജകമണ്ഡലത്തില്‍ 6213-ഉം കല്‍പ്പറ്റ യില്‍ 4364-ഉം മാനന്തവാടി മണ്ഡലത്തില്‍ 3,404-ഉം അപേക്ഷരാണുള്ളത്. അപേക്ഷകരില്‍ 2856 പേര്‍ക്ക് ഇതിനകം കണക്ഷന്‍ നല്‍കി. ബത്തേരി മണ്ഡലത്തില്‍ 1040-ഉം കല്‍പ്പറ്റയില്‍ 818-ഉം മാനന്തവാടിയില്‍ 998-ഉം പദ്ധതി പ്രഖ്യാപനത്തിനുശേഷം വൈദ്യുതി ലഭിച്ചത്. വീടുകളുടെ വയറിംഗ് നടത്താത്തവരാണ് 9000 അപേക്ഷകര്‍. വയറിംഗ് നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന മുറയ്ക്കാണ് കണക്ഷന്‍ നല്‍കുന്നത്. 215209 സിംഗിള്‍ ഫേസും 2479 ത്രീ ഫേസും അടക്കം 2,17,688 ഗാര്‍ഹിക ഗുണഭോക്താക്കളാണ് കെഎസ്ഇബിക്ക് ജില്ലയിലുള്ളത്. സമ്പൂര്‍ണ വൈത്യുതീകരണം എന്ന ലക്ഷ്യം കൈവരിക്കുന്നതിനു 23 കിലോമീറ്റര്‍ 11 കെവി ഒഎച്ച് ലൈനും 20 കിലോമീറ്റര്‍ ലോ ടെന്‍ഷന്‍ ഒഎച്ച് ത്രീഫേസ് ലൈനും 260 കിലോമീറ്റര്‍ ലോ ടെന്‍ഷന്‍ ഒഎച്ച് സിംഗിള്‍ ഫേസ് ലൈനും നാല് കിലോമീറ്റര്‍ ഹൈ ടെന്‍ഷന്‍ ഭൂഗര്‍ഭ ലൈനുമാണ് വലിക്കാനുള്ളത്. 17 ട്രാന്‍സ്‌ഫോര്‍മറുകളും സ്ഥാപിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.