തെരുവുനായയുടെ കടിയേറ്റ് ആറുപേര്‍ക്ക് പരിക്ക്

Thursday 19 January 2017 7:58 pm IST

ഹരിപ്പാട്: റെയില്‍വേ സ്റ്റേഷന് സമീപം തെരുവു നായയുടെ പരക്കംപാച്ചിലില്‍ ആറുപേര്‍ക്ക് കടിയേറ്റു. ഹരിപ്പാട് കിളിയന്തറ വടക്കതില്‍ ജയശ്രീ (36), തുണ്ടില്‍ ശരവണയില്‍ സിദ്ധാര്‍ത്ഥ് (14), ചിറയ്ക്കല്‍ ശിവരാമന്‍ (76), പെരുവാക്കാട്ടു കിഴക്കതില്‍ ഇന്ദിര (70), മുട്ടാണിശ്ശേരില്‍ രജി (40), ഹരിപ്പാട് വെട്ടുവേനി സ്വപ്‌ന ഭവനത്തില്‍ ശാന്ത (38) എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇടതുകയ്യിലും തുടയ്ക്കും കാര്യമായി മുറിവേറ്റ ജയശ്രീയെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ ഹരിപ്പാട് താലൂക്കാശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ വീട്ടുമുറ്റത്ത് തുണി കഴുകിക്കൊണ്ടു നില്‍ക്കുമ്പോഴാണ് ജയശ്രീയെ നായ കടിച്ചത്. ഇതിനു ശേഷം അയല്‍വാസിയായ സിദ്ധാര്‍ത്ഥ് വിവാഹവീട്ടില്‍ നില്‍ക്കവെ നായകടിച്ചു. ഇതേ നായ തന്നെ മറ്റുള്ളവരെയും ഓടി നടന്ന് കടിക്കുകയായിരുന്നു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് താവളമാക്കിയ തെരുവ് നായ ആയിരുന്നു ഇത്. കടിച്ചശേഷം തെക്കുഭാഗത്തേക്ക് ഓടിപ്പോയ നായയെ നാട്ടുകാര്‍ പിന്‍തുടര്‍ന്നെങ്കിലും പിടിക്കാന്‍ കഴിഞ്ഞില്ല. സമീപ പ്രദേശങ്ങളില്‍ കോഴി മാലിന്യങ്ങള്‍ ഉള്‍പ്പെടെ നിക്ഷേപിക്കുന്നത് പതിവാണ്. ഇക്കാരണത്താലാണ് തെരുവുനായ ഇവിടെ തമ്പടിച്ചിരിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.