എസ് സി കോളനിയുടെ സംരക്ഷണഭിത്തി നന്നാക്കാന്‍ നടപടിയില്ല

Thursday 19 January 2017 8:31 pm IST

പീരുമേട്: വണ്ടിപ്പെരിയാര്‍ ഇഞ്ചിക്കാട്ട് ആറ്റോരം രമാഭായി അംബേദ്ക്കര്‍ എസ് സി കോളനിയുടെ സംരക്ഷണഭിത്തി തകര്‍ന്നിട്ട് വര്‍ഷങ്ങളായിട്ടും നന്നാക്കാന്‍  നടപടി സ്വീകരിക്കാത്തതില്‍ വ്യാപക പ്രതിഷേധം. 1989 ല്‍ ഗ്രാമപഞ്ചായത്ത് ജെആര്‍വൈ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കരിങ്കല്‍ കെട്ടാണ് തകര്‍ന്നത്. ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും അനുവദിച്ച ഫണ്ടുകള്‍ ഉപയോഗിച്ചാണ് ഈ റോഡിന് ഗതാഗത സൗകര്യമൊരുക്കി വള്ളക്കടവ് ഗവി റോഡുവരെ എത്തിച്ചത്. തുടര്‍ന്ന് ഈ വഴി വാഹനങ്ങള്‍ ഓടുവാന്‍ തുടങ്ങിയതോടെ ഇവിടെ താമസിക്കുന്ന മൂന്നൂറിലധികം വീട്ടുകാര്‍ക്കും മറ്റും ഇത് ഉപകാരപ്രദമായി. കൂടാതെ ഗവ.എല്‍പി സ്‌കൂളിലേയ്ക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും ടൗണ്‍ അംഗന്‍വാടികളില്‍ എത്തുന്നവര്‍ക്കും ഏറെ പ്രയോജനകരമായി. ഈ റോഡിന്റെ ആരംഭഭാഗത്തെ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞ് പോയത്. എന്നാല്‍  റോഡിലെ കോണ്‍ക്രീറ്റ് പാളികള്‍ പൂര്‍ണ്ണമായും താഴെ പോകാത്തതിനാല്‍ ഇതിന് മുകളിലൂടെയാണ് വിദ്യാര്‍ത്ഥികളെ കയറ്റിയുള്ള വാഹനങ്ങള്‍ ഉള്‍പ്പെടെ ദിവസേന നൂറ്കണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്നത്. ഇത് ഏറെ അപകടകരമാണ്. മഴയെത്തിയാല്‍ സ്ലാബിന് താഴത്തെ മണ്ണ് ഒലിച്ച് പോകുവാന്‍ സാദ്ധ്യതയുണ്ട്. ഇത് വന്‍ദുരന്തം വിളിച്ച്  വരുത്തും. ഇത് സംബന്ധിച്ച് പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും വേണ്ട നടപടിയൊന്നും തന്നെ ഉണ്ടായിട്ടില്ല. മുപ്പത് അടി താഴ്ച്ചയിലായാണ് സംരക്ഷണ ഭിത്തി തകര്‍ന്നിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് എഞ്ചിനീയര്‍ സ്ഥലം സന്ദര്‍ശിച്ച് 88  ലക്ഷം രൂപ എസ്റ്റിമേറ്റ് തയ്യാറാക്കിയതുമാണ്. ഇത്രയും വലിയ തുക നല്‍കുവാന്‍ പഞ്ചായത്തിന് സാധിക്കില്ലെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ തൃതലപഞ്ചായത്തും എംപി, എംഎല്‍എ ഫണ്ടും സ്വരൂപിച്ച് സംരക്ഷണ ഭിത്തി നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.