ഒബാമയെ വധിക്കാന്‍ ലാദന്‍ പദ്ധതിയിട്ടിരുന്നു

Friday 4 May 2012 4:26 pm IST

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ വധിക്കാന്‍ അല്‍-ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ പദ്ധതി ആസൂത്രണം ചെയ്തിരുന്നതായി വെളിപ്പെടുത്തല്‍. അബോട്ടബാദിലെ ലാദന്റെ വസതിയില്‍ നിന്നു പിടിച്ചെടുത്ത 17 രേഖകളില്‍ നിന്നുമാണ് ഈ വെളിപ്പെടുത്തല്‍. സംഘടനാ കാര്യത്തിലും പാക്കിസ്ഥാനിലെ ഒളിത്താവളം യുഎസ് കണ്ടെത്തുമോയെന്ന കാര്യത്തിലും ഒബാമയ്ക്ക് ആശങ്കയുണ്ടായിരുന്നു. 2010ല്‍ ലാദന്‍ എഴുതിയ കത്തിലാണ് ഒബാമയെയോ അഫ്ഗാനിലെ നാറ്റോ കമാന്‍ഡര്‍ ജനറല്‍ ഡേവിഡ് പെട്രേയസിനെയോ വക വരുത്തുന്നതിനെക്കുറിച്ചു വ്യക്തമാക്കിയത്. ഇവരുടെ വിമാനങ്ങള്‍ ആക്രമിക്കാന്‍ രണ്ടു ഗ്രൂപ്പുകളെ തയാറാക്കിയിരുന്നു. ഒബാമ കൊല്ലപ്പെട്ടാല്‍ അപ്രതീക്ഷിതമായി വൈസ് പ്രസിഡന്റ് ജോ ബൈഡനു സ്ഥാനമേറ്റെടുക്കേണ്ടി വരും. ഇതു യു.എസിനെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തില്‍ ആക്രമണം നടത്താമെന്നായിരുന്നു ലാദന്റെ കണക്കു കൂട്ടല്‍. അല്‍-ക്വയ്ദയുടേതടക്കം ജിഹാദി സംഘടനകളുടെ പ്രതിച്ഛായ നഷ്ടപ്പെട്ടതായി ലാദന്‍ മനസിലാക്കിയിരുന്നു. ലോകത്തുള്ള എല്ലാ ജിഹാദി സംഘടനകളെയും വാഴ്ത്തുന്ന ആളായിരുന്നില്ല ലാദന്‍. ജിഹാദിനിടെ മുസ്ലീമുകള്‍ കൊല്ലപ്പെടുന്നതില്‍ വേദനിച്ചിരുന്ന ലാദന്‍ ഇതാണ് അവരുടെ പരാജയമെന്നും വിലയിരുത്തിയിരുന്നു. സ്ത്രീകളെയും കുട്ടികളെയും അപായപ്പെടുത്തരുതെന്ന് എപ്പോഴും ആവശ്യപ്പെട്ടിരുന്നു. സുരക്ഷ മുന്‍നിര്‍ത്തി സംഘടനയുടെ പാതയോര പൊതുയോഗങ്ങളെയും നേതാക്കളുടെ കാര്‍ യാത്രകളെയും എതിര്‍ത്തിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് രണ്ടിനാണ് യു.എസ്. പ്രത്യേക സേന ഒസാമയെ വധിച്ചത്. അതിനുശേഷം ഇവിടെനിന്ന് കണ്ടെടുത്ത രേഖകള്‍ യു.എസ്. മിലിറ്ററി അക്കാദമിയുടെ ഭീകരവിരുദ്ധ കേന്ദ്രമായ കോമ്പാറ്റിങ് ടെററിസം സെന്ററിന്റെ വെബ്‌സൈറ്റില്‍ വ്യാഴാഴ്ച പ്രസിദ്ധപ്പെടുത്തി. 6000 രേഖകളില്‍ 17 എണ്ണമാണ് പ്രസിദ്ധീകരിച്ചത്. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച രേഖകള്‍ 175 പേജുണ്ട്. 2006 സപ്തംബര്‍ മുതല്‍ 2011 ഏപ്രില്‍ വരെയുള്ളവയാണിവ. ഇറാഖിലെ അല്‍-ക്വയ്ദയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഒസാമയെ അദ്ദേഹത്തിന്റെ മാധ്യമ ഉപദേശകന്‍ ആദം ഗദാന്‍ ഉപദേശിച്ചിരുന്നു എന്ന് രേഖ പറയുന്നു. യെമന്‍ സര്‍ക്കാരിന്റെ സുരക്ഷാസേനയെ ആക്രമിക്കുന്നതിന് പകരം യു.എസിനുനേരെ ആക്രമണം അഴിച്ചുവിടാന്‍ അറേബ്യയിലെ അല്‍-ക്വയ്ദയോടെ ഒസാമ ആഹ്വാനം ചെയ്യുന്ന കത്തും ഇക്കൂട്ടത്തിലുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.