കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിച്ച് ഏറ്റെടുക്കണം: മിശ്ര

Friday 20 January 2017 1:31 am IST

  തിരുവനന്തപുരം: കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ശരിയായ താങ്ങുവില പ്രഖ്യാപിച്ച് മുഴുവന്‍ ഉത്പന്നങ്ങളും സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഭാരതീയ കിസാന്‍ സംഘ് അഖിലഭാരതീയ സെക്രട്ടറി മോഹിനിമോഹന്‍ മിശ്ര. കര്‍ഷകര്‍ക്കു വേണ്ടി എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും അഭിപ്രായവ്യത്യാസം മറന്ന് ഒരുമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അഞ്ചുലക്ഷം കര്‍ഷകരുടെ ഒപ്പോടു കൂടിയ ഭീമ ഹര്‍ജി കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന് സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ഭാരതീയ കിസാന്‍ സംഘ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 70 വര്‍ഷമായി കര്‍ഷകരെ കുറിച്ച് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും ചിന്തിക്കാത്തതിന്റെ ഫലമാണ് രാജ്യത്ത് രണ്ടുലക്ഷം കര്‍ഷകരുടെ ആത്മഹത്യ. കര്‍ഷകരുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിലും അസംബ്ലികളിലും പ്രത്യേക കര്‍ഷക സെഷന്‍ വിളിച്ചു ചേര്‍ക്കണം. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ശരിയായ വില ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ കൃഷി വെടിഞ്ഞ് മറ്റു ജോലികളിലേക്കും നഗരങ്ങളിലേക്കും ചേക്കേറുകയാണ്. ഇത് അവസാനിപ്പിക്കാന്‍ ഉചിതമായ വില നല്‍കി കാര്‍ഷിക ഉത്പന്നങ്ങള്‍ സംസ്ഥാനസര്‍ക്കാരുകള്‍ സംഭരിക്കണം. നെല്ല് ഒരു ക്വിന്റലിന് 3000 രൂപയും പച്ചത്തേങ്ങ കിലോക്ക് 50 രൂപയും താങ്ങുവില പ്രഖ്യാപിക്കണം. രാസവളങ്ങളുടെയും കീടനാശിനികളുടെയും തിക്തഫലം കൂടുതല്‍ അനുഭവിക്കുന്ന കേരളത്തില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ ജൈവസര്‍വകലാശാല ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യത്യസ്ത കാലാവസ്ഥ സാഹചര്യമുള്ള കേരളത്തിന്റെ പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ ശരിയായി ബോധ്യപ്പെടുത്താന്‍ സംസ്ഥാനസര്‍ക്കാരും എംപിമാരും എംഎല്‍എമാരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് തുടര്‍ന്നു സംസാരിച്ച കിസാന്‍ സംഘ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഇ. നാരായണന്‍കുട്ടി ആവശ്യപ്പെട്ടു. പരമ്പരാഗത കൃഷിരീതി തകര്‍ന്ന കേരളം ഇന്ന് കൊടുംവരള്‍ച്ചയുടെ പിടിയിലാണ്. ഒപ്പം വന്യജീവി ആക്രമണവും കര്‍ഷകര്‍ക്ക് വലിയ ഭീഷണിയായിരിക്കുകയാണ്. ജൈവകൃഷിയുടെ പേരില്‍ കോടികള്‍ പൊടിക്കുന്ന സര്‍ക്കാര്‍ കന്നുകാലി സംരക്ഷണത്തിന് ഒരുനടപടിയും സ്വീകരിക്കുന്നില്ല. അതുപോലെ കര്‍ഷകര്‍ക്ക് സബ്‌സിഡി നേരിട്ട് നല്‍കണമെന്നും ഏജന്റുമാരെ ഇടനിലക്കാരാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നെല്ലിനുള്‍പ്പെടെ താങ്ങുവില ഇനത്തില്‍ കേന്ദ്രം നല്‍കിയ പണം വകമാറ്റി ചെലവഴിച്ച് സംസ്ഥാനസര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനസെക്രട്ടറി കെ.വി. സഹദേവന്‍, സംഘടനാസെക്രട്ടറി സി.എച്ച്. രമേഷ് എന്നിവര്‍ നേതൃത്വം നല്‍കി. ആയുര്‍വേദ കോളേജില്‍ നിന്നാരംഭിച്ച ജാഥയില്‍ നൂറുകണക്കിന് കിസാന്‍സംഘ് പ്രവര്‍ത്തകര്‍ അണിനിരന്നു. കലപ്പയേന്തിയ കര്‍ഷകനാണ് മാര്‍ച്ച് നയിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.