പരിമിതിയില്‍ വീര്‍പ്പുമുട്ടി ചെറുതാഴം ആയുര്‍വ്വേദ കേന്ദ്രം

Friday 20 January 2017 1:47 am IST

പിലാത്തറ: ചെറുതാഴം പഞ്ചായത്ത് അധീനതയില്‍ മണ്ടൂരില്‍ പ്രവര്‍ത്തിക്കുന്ന ഗവ: ആയുര്‍വ്വേദ ഡിസ്‌പെന്‍സറി പരിമിതികളില്‍ വീര്‍പ്പുമുട്ടുന്നു. ആറു വര്‍ഷമായി താല്‍ക്കാലിക സംവിധാനമെന്ന നിലയില്‍ ബാങ്കിന്റെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ഈ ചികിത്സാ കേന്ദ്രത്തില്‍ രോഗികള്‍ക്ക് നിന്നുതിരിയാന്‍ പോലും പറ്റാത്ത സ്ഥിതിയിലാണ്. ചെറുതാഴം പഞ്ചായത്ത് അധീനതയില്‍ മണ്ടൂരില്‍ ആയുര്‍വ്വേദ ഡിസ്‌പെന്‍സറി തുടങ്ങാന്‍ നടപടിയായപ്പോള്‍ ചെറുതാഴം സര്‍വീസ് ബേങ്ക് പഴയ കെട്ടിടം താല്‍ക്കാലികമായി നല്‍കുകയായിരുന്നു. ഡോക്ടറുടെ പരിശോധനാമുറിയും മരുന്ന് നല്‍കുന്ന മുറിയും മാത്രമായി ഇവിടത്തെ സൗകര്യങ്ങള്‍ ഒതുങ്ങുന്നു. കേവലം നാലു കസേരകളിലൊതുങ്ങുന്ന വരാന്തയില്‍ വിരലിലെണ്ണാവുന്ന രോഗികള്‍ എത്തിയാല്‍പ്പോലും കുടുങ്ങിപ്പോകുന്ന അവസ്ഥയാണ്. പരിശോധനാമുറിയും മരുന്ന് കൊടുക്കുന്ന മുറിയും ചാക്കുകളും പെട്ടികളും കൊണ്ട് നിറഞ്ഞ നിലയിലാണ്. കെഎസ്ടിപി റോഡിനോട് ചേര്‍ന്ന ഈ കെട്ടിടത്തിന് മുറ്റം പോലുമില്ല. റോഡില്‍ തന്നെ വണ്ടി നിര്‍ത്തിയിട്ടാണ് രോഗികളെ ഇറക്കുന്നത്. റോഡില്‍ നിന്ന് ഇവിടേക്കുള്ള പടിയിറങ്ങാന്‍ പ്രായമായവര്‍ ഏറെ പ്രയാസപ്പെടുന്നു. വരാന്തക്കുള്ള ഗ്രില്‍സ് പോലും തുരുമ്പിച്ചതു കാരണം പാതി മാത്രം തുറക്കാന്‍ പറ്റുന്ന നിലയിലാണ്. ഇവിടെയെത്തുന്ന രോഗികള്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും പ്രാഥമിക സൗകര്യത്തിനുള്ള സൗകര്യം പോലുമില്ല. വ്യദ്ധരും സ്ത്രീകളും അടങ്ങുന്ന നൂറോളം രോഗികള്‍ നിത്യേന ചികിത്സ തേടിയെത്തുന്ന ഇവിടെ വര്‍ഷത്തില്‍ അഞ്ചു ലക്ഷത്തിലേറെ രൂപയുടെ മരുന്നുകള്‍ നല്‍കി വരുന്നുണ്ട്. ഡോക്ടറുടെ സേവനം കൃത്യമായി ലഭ്യമാകുന്ന ഇവിടെ ഫാര്‍മസിസ്റ്റ്, ക്ലര്‍ക്ക് തുടങ്ങിയ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. അറ്റന്‍ഡറും പാര്‍ട്ട് ടൈം സ്വീപ്പറുമാണ് മരുന്ന് വിതരണം ചെയ്യുന്നത്. ഡിസ്‌പെന്‍സറിയില്‍ നിന്ന് വിളിപ്പാടകലത്ത് മണ്ടൂരിലെ എം.പി.ഗോവിന്ദന്‍ എന്നയാള്‍ പത്തു സെന്റ് സ്ഥലം കെട്ടിടം നിര്‍മ്മിക്കാന്‍ സൗജന്യമായി നല്‍കിയിരുന്നു. ഇവിടെ ആവശ്യമായ കെടിടവും മറ്റ് ഭൗതിക സൗകര്യങ്ങളുമൊരുക്കി ആയുര്‍വ്വേദ ചികിത്സാലയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണ തോതിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.