കളക്ടറുടെ മോചനം: രഹസ്യധാരണ ഇല്ല-മുഖ്യമന്ത്രി രമണ്‍സിംഗ്‌

Friday 4 May 2012 8:44 pm IST

റായ്പൂര്‍: കളക്ടര്‍ അലക്സ്പോളിന്റെ മോചനവുമായി ബന്ധപ്പെട്ട്‌ മാവോയിസ്റ്റുകളുമായി രഹസ്യധാരണയൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന്‌ ഛത്തീസ്ഗഢ്‌ മുഖ്യമന്ത്രി രമണ്‍സിംഗ്‌ വ്യക്തമാക്കി. കളക്ടറുടെ മോചനത്തിന്‌ പകരമായി ജയിലില്‍ കിടക്കുന്ന ചില തടവുകാരെ വിട്ടയക്കാമെന്ന്‌ സര്‍ക്കാര്‍ ഉറപ്പ്‌ നല്‍കിയതായി മാവോയിസ്റ്റുകള്‍ അവകാശപ്പെട്ടിരുന്നു. ഇതിനോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന നിരപരാധികളായവര്‍ക്കെതിരായുള്ള കേസുകള്‍ പരിശോധിക്കുന്നതിന്‌ ചീഫ്‌ സെക്രട്ടറിയുടെ കീഴിലുള്ള കമ്മറ്റി അവരുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാവോയിസ്റ്റുകളുമായി മറ്റൊരു തരത്തിലുമുള്ള ഉടമ്പടികളില്‍ ഒപ്പുവെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സുക്മയ്ക്കു സമീപം പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ കളക്ടറെ കഴിഞ്ഞമാസം 21 നാണ്‌ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയത്‌. തുടര്‍ന്ന്‌ ഛത്തീസ്ഗഢ്‌ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കും മധ്യസ്ഥ ശ്രമങ്ങള്‍ക്കുമൊടുവിലാണ്‌ വ്യാഴാഴ്ച കളക്ടറെ മോചിപ്പിച്ചത്‌. റായ്പൂരില്‍നിന്ന്‌ 500 കിലോമീറ്റര്‍ അകലെ തര്‍മേത്ല വനമേഖലയിലെ കാടിനുള്ളിലെ 'റെഡ്സോണി'ലുള്ള രഹസ്യകേന്ദ്രത്തില്‍ വെച്ചാണ്‌ കളക്ടറെ കൈമാറിയത്‌.
മാവോയിസ്റ്റുകള്‍ നിര്‍ദ്ദേശിച്ച മധ്യസ്ഥരായ പ്രൊഫ.ജി.ഹര്‍ഗോപാല്‍, ബി.ഡി.ശര്‍മ്മ എന്നിവര്‍ക്കാണ്‌ അലക്സ്‌ പോള്‍ മേനോനെ കൈമാറിയത്‌. വ്യാഴാഴ്ച രാത്രി ചിന്തല്‍നഗറിലെ സിആര്‍പിഎഫ്‌ ക്യാമ്പിലെത്തിയ അലക്സ്‌ പോള്‍, സര്‍ക്കാരിനോട്‌ നന്ദി അറിയിച്ചു. ക്യാമ്പില്‍ വിശ്രമിച്ച കളക്ടര്‍ ഇന്നലെ രാവിലെ സുക്മയിലെ വീട്ടിലെത്തി. പടക്കം പൊട്ടിച്ചും മധുരം നല്‍കിയുമാണ്‌ കളക്ടറുടെ മോചനം സുക്മയിലെ പ്രദേശവാസികള്‍ ആഘോഷിച്ചത്‌.
മാവോയിസ്റ്റുകള്‍ വിട്ടയച്ച സുക്മ കളക്ടര്‍ അലക്സ്‌ പോള്‍ മേനോന്‍ കളക്ടറായി തുടരുമെന്ന്‌ ഛത്തീസ്ഗഢ്‌ മുഖ്യമന്ത്രി രമണ്‍സിംഗ്‌ പറഞ്ഞു. ഇന്നലെ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ സുക്മയിലെ വീട്ടില്‍ മടങ്ങിയെത്തിയ കളക്ടറെ ആരതി ഉഴിഞ്ഞാണ്‌ ബന്ധുക്കള്‍ സ്വീകരിച്ചത്‌.
ഇതിനിടെ, മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ സുക്മ കളക്ടര്‍ അലക്സ്‌ പോള്‍ മേനോന്റെ മോചനം സാധ്യമായ സാഹചര്യത്തില്‍ ഛത്തീസ്ഗഢ്‌ ജയിലില്‍ കഴിയുന്ന 400 ഓളം ആദിവാസികള്‍ക്കെതിരായുള്ള കേസുകള്‍ ഉടന്‍ പരിഗണിക്കണമെന്ന്‌ മാവോയിസ്റ്റുകളുടെ മധ്യസ്ഥര്‍ ആവശ്യപ്പെട്ടു. ഇവരെ വിട്ടയക്കുന്നത്‌ സംബന്ധിച്ച്‌ തീരുമാനം വേഗത്തിലാക്കണമെന്നും അവര്‍ പറഞ്ഞു. നിര്‍മലാ ബുച്ച്‌ കമ്മറ്റിയുടെ നേതൃത്വത്തില്‍ കേസുകള്‍ പുനഃപരിശോധിക്കുന്നത്‌ അതിവേഗമാക്കണമെന്നും പ്രദേശത്തെ മുഴുവന്‍ ആദിവാസികള്‍ക്കുമെതിരായുള്ള കേസുകള്‍ പരിഗണിക്കണമെന്നും ഇവരുടെ മോചനം എത്രയും പെട്ടെന്ന്‌ സാധ്യമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അലക്സ്പോള്‍ മേനോന്റെ മോചനത്തിനുശേഷം മധ്യസ്ഥരായ പ്രൊഫ.ജി.ഹര്‍ഗോപാല്‍, ബി.ഡി.ശര്‍മ്മ എന്നിവര്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു. ഏറ്റവും കുറവ്‌ കേസുകള്‍ ഉള്ളവരെ ആദ്യം വിട്ടയയ്ക്കുക എന്ന നിലപാടായിരിക്കും സര്‍ക്കാര്‍ പരിഗണിക്കുകയെന്നും ഹര്‍ഗോപാല്‍ പറഞ്ഞു. ജയിലില്‍ കഴിയുന്ന 400 പേരുടെ കേസുകള്‍ കമ്മറ്റി പുനഃപരിശോധിക്കുമെന്ന്‌ ശര്‍മ്മ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.
മാവോയിസ്റ്റുകളുമായുള്ള മധ്യസ്ഥ ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച്‌ സര്‍ക്കാരിന്‌ വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നും എന്നാല്‍ ഇതിനുവേണ്ടി പ്രത്യേകിച്ച്‌ ഉടമ്പടികളുടെ ആവശ്യം ഉണ്ടായിരുന്നില്ലെന്നും മധ്യസ്ഥര്‍ പറഞ്ഞു. ഇപ്പോള്‍ കളക്ടര്‍ മോചിതനായിരിക്കുകയാണ്‌. എന്താണോ അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌ അത്‌ എത്രയും പെട്ടെന്ന്‌ സാധ്യമാകുകയാണ്‌ ചെയ്യേണ്ടതെന്നും അവര്‍ പറഞ്ഞു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.