ജെല്ലിക്കെട്ട്: പ്രതിഷേധം പടരുന്നു

Friday 20 January 2017 9:32 am IST

ന്യൂദല്‍ഹി: ജെല്ലിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തിയതിനെതിരെ തമിഴ്‌നാട്ടിലെ പ്രതിഷേധ സമരം വ്യാപകമാവുന്നു. മറീന ബിച്ചിലെ പ്രതിഷേധ പ്രകടനത്തില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ഇത് മറ്റു നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വ്യാപിക്കുകയാണ്. പ്രതിഷേധ സമരം കണക്കിലെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ അഭിഭാഷകര്‍ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും സുപ്രീംകോടതി അത് തള്ളി. മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജെല്ലിക്കെട്ട് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള സമരം ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ അവസാനിപ്പക്കണമെന്ന് നിര്‍ദ്ദേശിച്ചെങ്കിലും സമരം തുടരുകയാണ്.ചെന്നൈ സഗരത്തിലെ ബസ് സര്‍വ്വീസ് തകരാറിലായി. 31ഓളം കോളേജുകള്‍ അടച്ചിട്ടു. സമൂഹ മാധ്യമങ്ങളിലൂടേയും മറ്റും പ്രതിഷേധം വ്യാപിക്കാതിരിക്കാന്‍ കലാപ പ്രദേശങ്ങളിലെ ഇന്റര്‍നെറ്റ് നിര്‍ത്തിവെച്ചെങ്കിലും പ്രതിഷേധക്കാര്‍ പിന്മാറാന്‍ തയ്യാറിയില്ല. കോയമ്പത്തൂരില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ചെന്നൈ, താംബരം, ഗുഡുവാഞ്ചേരി, പുതേരി എന്നിവിടങ്ങളിലേക്കും വ്യാപിച്ചു.പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ) എന്ന സംഘടനയാണ് ജെല്ലിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. അതിനിടെ ജെല്ലിക്കെട്ട് പുനസ്ഥാപിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പനീര്‍സെല്‍വം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചെങ്കിലും വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായില്ല. ജെല്ലിക്കെട്ട് സുപ്രീംകോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ വിധി പ്രസ്താവന വന്നശേഷം നിലപാടെടുക്കാമെന്ന് മോദി അറിയിക്കുകയായിരുന്നു എന്നാല്‍ ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട തമിഴ്‌നാടിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന് കേന്ദ്രം പ്രാധാന്യം നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ജെല്ലിക്കെട്ടിനെതിരായ നിരോധനം നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ വഴികളും തേടുമെന്ന് പ്രതിഷേധക്കാര്‍ക്ക് പനീര്‍ശെല്‍വം കഴിഞ്ഞദിവസം ഉറപ്പു നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ജെല്ലിക്കെട്ടിനെ പിന്തുണച്ച് ഇന്ന് നിരാഹാരം സമരം നടത്തുമെന്ന് സംഗീത സംവിധായകന്‍ എ. ആര്‍ റഹ്മാന്‍ അറിയിച്ചു. തമിഴ്‌നാടിന്റെ ആത്മാവിനു വേണ്ടിയാണ് തന്റെ നിരാഹാരമെന്നും റഹ്മാന്‍ പറഞ്ഞു. കൂടാതെ മുന്‍ ലോകചെസ് ചാംപ്യന്‍ വിശ്വനാഥന്‍ ആനന്ദ്, ആത്മീയ ഗുരു രവിശങ്കര്‍. പിഎംകെ നേതാവ് അന്‍പുമണി രാംദാസ് എന്നിവരും സിനിമ മേഖലയിലെ നിരവധി പ്രമുഖരും സമരത്തിനു പിന്തുണയേകി രംഗതെത്തിയിട്ടുണ്ട്. 2014ലാണ് ജെല്ലിക്കെട്ട് നിരോധിച്ച് സുപ്രീംകോടതി വിധിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.