സെറീന, നദാല്‍ മൂന്നാം റൗണ്ടില്‍

Friday 20 January 2017 4:54 am IST

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സില്‍ അമേരിക്കയുടെ സെറീന വില്ല്യംസ്, ബ്രിട്ടന്റെ ജോഹന്ന കോണ്‍ട, ഡെന്മാര്‍ക്കിന്റെ കരോലിന വോസ്‌നിയാക്കി, ഡൊമിനിക്ക സിബുല്‍ക്കോവ എന്നിവര്‍ മൂന്നാം റൗണ്ടില്‍. പുരുഷ സിംഗിള്‍സില്‍ കാനഡയുടെ മിലോസ് റാവോനിക്ക്, ആസ്ട്രിയയുടെ ഡൊമിനിക് തീം, ഫ്രാന്‍സിന്റെ ഗെയ്ല്‍ മോണ്‍ഫില്‍സ്, ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ്, സ്പാനിഷ് താരം റാഫേല്‍ നദാല്‍ തുടങ്ങിയവരും മൂന്നാം റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്. രണ്ടാം സീഡ് സെറീന ചെക്ക് റിപ്പബ്ലിക്കിന്റെ ലൂസി സഫറോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. സ്‌കോര്‍: 6-3, 6-4. ഒമ്പതാം സീഡ് ജോഹന്ന കോണ്‍ട 6-4, 6-2 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് ജപ്പാന്റെ നവോമി ഒസാകയെയും സ്ലൊവാക്യയുടെ ഡൊമിനിക്ക സിബുല്‍ക്കോവ 6-4, 7-6 (10-8) എന്ന ക്രമത്തില്‍ ചൈനീസ് തായ്‌പേയിയുടെ ഹീ സു വെയ്‌യിയെയും പരാജയപ്പെടുത്തി. അതേസമയം മൂന്നാം സീഡ് ആഗ്നിയേസ്‌ക റഡ്‌വാന്‍സ്‌ക രണ്ടാം റൗണ്ടില്‍ പുറത്തായി. 6-3, 6-2 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് ക്രൊയേഷ്യയുടെ മിര്‍ജാന ബറോണിയാണ് റഡ്‌വാന്‍സ്‌കയെ അട്ടിമറിച്ചത്. പുരുഷ സിംഗിള്‍സില്‍ ഒമ്പതാം സീഡ് റാഫേല്‍ നദാല്‍ സൈപ്രസിന്റെ മാര്‍ക്കോസ് ബാഗ്ദാത്തിസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍: 6-3, 6-1, 6-3. മൂന്നാം സീഡ് മിലോസ് റാവോനിക്ക് ലക്‌സംബര്‍ഗിന്റെ ഗില്ലസ് മുള്ളറെ 6-3, 6-4, 7-6 (7-4) എന്ന സ്‌കോറിനും ആറാം സീഡ് ഗെയ്ല്‍ മോണ്‍ഫില്‍സ് 6-3, 6-4, 1-6, 6-0 എന്ന സ്‌േകാറിന് ഉക്രെയിന്‍ താരം അലക്‌സാണ്ടര്‍ ഡൊല്‍ഗോപൊലോവിനെയും ഗ്രിഗര്‍ ദിമിത്രോവ് 1-6, 6-4, 6-4, 6-4 ദക്ഷിണ കൊറിയയുടെ ചുങ് ഹ്യൂനെയും പരാജയപ്പെടുത്തി മൂന്നാം റൗണ്ടിലെത്തി.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.