ജെല്ലിക്കെട്ട്: പ്രതിഷേധം ശക്തം; അനുമതി ലഭിച്ചേക്കുമെന്ന് പനീര്‍ശെല്‍വം

Friday 20 January 2017 11:56 am IST

ചെന്നൈ: ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി വിധിയില്‍ പ്രതിഷേധം ശക്തമാകുന്നു. അതിനിടെ ജെല്ലിക്കെട്ടിന് ഒന്ന്, രണ്ട് ദിവസത്തിനുള്ളില്‍ അനുമതി ലഭിച്ചേക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ജെല്ലിക്കെട്ട് നിയമവിധേയമാക്കാനുള്ള നിയമഭേദഗതികള്‍ നല്‍കിയിട്ടുണ്ടെന്നും തമിഴ്നാട് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം വ്യക്തമാക്കി. നാലു ദിവസമായി ചെന്നൈ മറീന ബീച്ചില്‍ തുടരുന്ന പ്രതിഷേധ പ്രകടനങ്ങള്‍ അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ പിരിഞ്ഞു പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, തമിഴ്നാട് സര്‍ക്കാരിന് ജെല്ലിക്കെട്ട് പരമ്പരാഗത കായിക ഇനമായി പ്രാബല്യത്തില്‍വരുത്താനുള്ള നിയമനിര്‍മാണം നടത്താനുള്ള അധികാരമുണ്ടെന്ന് അറ്റോണി ജനറല്‍ മുകുള്‍ റോഹതഗി പറഞ്ഞിരുന്നു. ജെല്ലിക്കെട്ട് നിരോധനത്തിനെതിരേ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതായും ഒരു ദിവസം നിരാഹാരം മിരിക്കാന്‍ ഉദ്ദേശിക്കുന്നതായും വ്യാഴാഴ്ച രാവിലെ ഓസ്‌കര്‍ ജേതാവ് എ.ആര്‍. റഹ്മാന്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി വിധി മറികടന്ന് പ്രത്യേക ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നതുള്‍പ്പെടെയുള്ള തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളിയിരുന്നു. ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി ഉത്തരവില്‍ ഇടപെടാനാവില്ലെന്ന് വ്യാഴാഴ്ച തന്നെ ഇക്കാര്യത്തിനായി സന്ദര്‍ശിച്ച പനീര്‍ശെല്‍വത്തെയും സംഘത്തെയും മോദി അറിയിച്ചിരുന്നു.സമരം ശക്തമാകുന്ന പശ്ചാത്തലത്തിലും വിഷയത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് മദ്രാവ് ഹൈക്കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. പ്രത്യേക ഓര്‍ഡിനന്‍സിലൂടെ ജെല്ലിക്കെട്ട് നിയമവിധേയമാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ) എന്ന സംഘടനയാണ് ജെല്ലിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. പെറ്റയ്ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.