ജെല്ലിക്കെട്ട്: വിധി പറയുന്നത് ഒരാഴ്ചത്തേയ്ക്ക് നീട്ടി

Friday 20 January 2017 11:51 am IST

ന്യൂദല്‍ഹി: ജെല്ലിക്കെട്ട് കേസില്‍ വിധി പറയുന്നത് സുപ്രീംകോടതി ഒരാഴ്ചത്തേയ്ക്ക് നീട്ടി. കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് ഈ തീരുമാനം. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിന്റെ മുമ്പാകെ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്‌തഗി നേരിട്ട് ഹാജരായാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം ഉന്നയിച്ചത്. സാധാരണ ഒരു കേസ് വിസ്താരം പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റി വച്ചാല്‍, അതിന്മേല്‍ എന്ത് തീരുമാനം എടുക്കണമെന്ന് തീരുമാനിക്കുന്നത് സുപ്രീംകോടതിയാണ്. എന്നാല്‍ അസാധാരണമായ നടപടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ കോടതിയിലെത്തി വിധി പറയുന്നത് ഒരാഴ്ചയെങ്കിലും മാറ്റി വയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു. ജെല്ലിക്കെട്ട് വിഷയവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ ഇപ്പോള്‍ വലിയ സമരം നടക്കുകയാണ്. ഇത് ക്രമസമാധാന പ്രശ്നമായി മാറിയിരിക്കുകയാണ്. ഇത് പരിഹരിക്കുന്നതിനായി കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് ചില നടപടികള്‍ എടുത്തിട്ടുണ്ട്. ക്രമസമാധാനപാലനമാണ് ഏറ്റവും മുഖ്യമെന്ന് കോടതി മനസിലാക്കണം. ഇപ്പോള്‍ ഒരു വിധി വരുകയാണെങ്കില്‍ അത് ഇത്തരം ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കും. പാരമ്പര്യവും മൃഗസംരക്ഷണവും ഒരുപോലെ സംരക്ഷിക്കപ്പെടണം എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടെന്നും അറ്റോര്‍ണി ജനറല്‍ വാദിച്ചു. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് വിധി പറയുന്നത് സുപ്രീംകോടതി നീട്ടിവച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.