ജന്‍ധന്‍ അക്കൗണ്ടുകാര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ്

Friday 20 January 2017 6:54 pm IST

ന്യൂദല്‍ഹി: പാവപ്പെട്ടവര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി പരിഗണിക്കുന്നു. അപകട ഇന്‍ഷുറന്‍സും ലൈഫ് ഇന്‍ഷുറന്‍സും ഉറപ്പാക്കുന്ന പദ്ധതിക്ക് 9000 കോടി രൂപയാണ് ചെലവ്. രണ്ട് ലക്ഷം രൂപയാണ് ഇന്‍ഷൂറന്‍സ് ലഭിക്കുക. 27 കോടി ജന്‍ധന്‍ അക്കൗണ്ടുകളാണ് രാജ്യത്തുള്ളത്. ആനുകൂല്യങ്ങള്‍ നേരിട്ടെത്തിക്കുന്നതിന്റെ ഭാഗമായി 16 കോടി അക്കൗണ്ടുകള്‍ ഇതിനകം ആധാറുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. അക്കൗണ്ടിലെ തുകയോ ഇടപാടുകളുടെ എണ്ണമോ പരിഗണിക്കാതെയാകും ഇന്‍ഷൂറന്‍സ്. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച നിരവധി നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുന്നതായി അധികൃതര്‍ പറയുന്നു. മൂന്ന് വര്‍ഷത്തേക്ക് പ്രീമിയം സര്‍ക്കാര്‍ അടക്കുന്നതാണ് ഇതിലൊന്ന്. പ്രീമിയത്തിന്റെ പകുതി സര്‍ക്കാര്‍ വഹിക്കുന്നതും ആലോചിക്കുന്നു. അധികാരത്തിലെത്തിയ ഉടന്‍ പാവപ്പെട്ടവര്‍ക്ക് മോദി സര്‍ക്കാര്‍ വിവിധ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ നടപ്പാക്കിയിരുന്നു. പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (പിഎംഎസ്ബിവൈ), പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന (പിഎംജെജെബിവൈ), അടല്‍ പെന്‍ഷന്‍ യോജന (എപിവൈ) എന്നിവയാണ് നിലവിലെ പദ്ധതികള്‍. 330 രൂപ അടച്ചാല്‍ പിഎംജെജെബിവൈയില്‍ ലൈഫ് ഇന്‍ഷൂറന്‍സിന് ചേരാം. 9.72 കോടിയാളുകള്‍ നിലവില്‍ പദ്ധതിയുടെ ഭാഗമാണ്. 44,720 അപേക്ഷകളും ലഭിച്ചു. അപകട ഇന്‍ഷൂറന്‍സിന് പ്രതിവര്‍ഷം 12 രൂപയാണ് പിഎംഎസ്ബിവൈയില്‍ അടക്കേണ്ടത്. ഇതില്‍ 3.06 കോടിയാളുകള്‍ ചേര്‍ന്നിട്ടുണ്ട്. 8,821 അപേക്ഷകള്‍ ലഭിച്ചു. നോട്ട് റദ്ദാക്കലിന് ശേഷം ഭൂരിഭാഗം ജന്‍ധന്‍ അക്കൗണ്ടുകളിലും പണമെത്തിയിട്ടുണ്ട്. അതിനാല്‍ നിലവിലുള്ള പദ്ധതികള്‍ സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.