സിപിഎമ്മിന്റെ കൊലക്കളി

Friday 20 January 2017 8:58 pm IST

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തില്‍ ഒരു കൊലപാതകംകൂടി സിപിഎം നടത്തിയതോടെ കാര്യങ്ങളുടെ പോക്ക് എങ്ങോട്ട് എന്ന് വ്യക്തമാവുകയാണ്. ജില്ലാ ഭരണകൂടത്തിന്റെയും മുഖ്യമന്ത്രിയുടെയും സമാധാനശ്രമങ്ങള്‍ക്കും ആഹ്വാനങ്ങള്‍ക്കും പുല്ലുവിലയേ ഉള്ളൂ. കൊലപാതകത്തെ അപലപിക്കാന്‍പോലും തുനിയാത്ത മുഖ്യമന്ത്രിയും പാര്‍ട്ടിയും എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണ്. ബിജെപി പ്രവര്‍ത്തകന്‍ ധര്‍മ്മടം മുല്ലപ്രം ക്ഷേത്രത്തിന് സമീപം ചോമന്റവിട എഴുത്താന്‍ സന്തോഷിനെയാണ് വീട്ടില്‍ക്കയറി വെട്ടിക്കൊന്നത്. തളിപ്പറമ്പില്‍ ആര്‍എസ്എസ് കാര്യാലയം ബോംബെറിഞ്ഞ് തകര്‍ത്തു. ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര സിപിഎം ഉത്തരവ് പ്രകാരം പോലീസ് മണിക്കൂറുകള്‍ തടഞ്ഞുവച്ചു. ബുധനാഴ്ച രാത്രിയില്‍ തുടങ്ങിയ സിപിഎം അക്രമം കണ്ണൂരിലാകെ സംഘര്‍ഷം വിതച്ചു. കണ്ണൂര്‍ നഗരത്തില്‍ പ്രതിഷേധിച്ച ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെ കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കണ്ണൂര്‍ ജില്ലയില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകനാണ് സന്തോഷ്. നിരവധി നേതാക്കളും പ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടു. പലരും മരണവുമായി മല്ലടിക്കുകയാണ്. ബിജെപി ബൂത്ത് പ്രസിഡന്റായിരുന്നു സന്തോഷ്. നേരത്തെ അണ്ടല്ലൂര്‍ ശാഖാ മുഖ്യശിക്ഷകായിരുന്നു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ധര്‍മ്മടം പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ചതാണ് കൊലപാതകത്തിന് കാരണം. സന്തോഷിനെ ജീവിക്കാനനുവദിക്കില്ലെന്ന് സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയ നിരവധി സംഭവങ്ങളുണ്ട്. ബിജെപി നേതാവായ സന്തോഷിനെ ആര്‍എസ്എസുകാരാണ് കൊലപ്പെടുത്തിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പ്രസ്താവിച്ചിരിക്കുന്നു. എങ്ങനെയാണ് ജയരാജന് ഇത് പറയാനാവുക. പോലീസ് പറയുന്നു ദൃക്‌സാക്ഷികളില്ലെന്ന്. ജയരാജന്‍ ആര്‍എസ്എസിനെ പ്രശ്‌നത്തില്‍ വലിച്ചിടുകയാണ്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ ജയരാജന്റെ അസഹിഷ്ണത പാരമ്യത്തിലെത്തിയിരിക്കുകയാണ്. ആര്‍എസ്എസിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് വീമ്പടിക്കുന്നത്. ആര്‍എസ്എസിന് പ്രവര്‍ത്തിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ അനുവാദം വേണമെന്ന നിര്‍ബന്ധം നടക്കാന്‍ പോകുന്നില്ല. ആര്‍എസ്എസിന്റെ പ്രവര്‍ത്തനം കേരളത്തില്‍ തുടങ്ങിയപ്പോള്‍ ഈ പരിപ്പ് ഈ വെള്ളത്തില്‍ വേവില്ല എന്നായിരുന്നു കമ്മ്യൂണിസ്റ്റുകാരുടെ നിലപാട്. എന്നാല്‍ ഇപ്പോള്‍ പറയുന്നത് ആര്‍എസ്എസിനെയും ബിജെപിയെയും എതിര്‍ക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നാണ്. ആര്‍എസ്എസ് തലശേരിയിലും കേരളത്തിലും മാത്രം പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമല്ല. രാജ്യത്തെല്ലായിടത്തും വിദേശത്തും ആര്‍എസ്എസിന്റെ പ്രവര്‍ത്തനമുണ്ട്. ആര്‍എസ്എസിന്റെ പ്രവര്‍ത്തനം വെറുമൊരു ശാഖാ നടത്തിപ്പിലൊതുങ്ങുന്നതല്ല. അത് സര്‍വവ്യാപിയാണ്. അതിനെ ഉന്മൂലനം ചെയ്‌തേ അടങ്ങൂ എന്ന വാശി അല്‍പം കടന്ന കൈ ആണെന്ന് പിണറായിയും കൊടിയേരിയും ജയരാജനും തിരിച്ചറിഞ്ഞാല്‍ നല്ലത്. സിപിഎം കൊലക്കത്തിക്ക് മൂര്‍ച്ച കൂട്ടി രംഗത്തിറങ്ങുമ്പോള്‍ കൊല്ലപ്പെടുന്നതും അക്രമത്തിനിരയാകുന്നതും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാത്രമല്ല. പ്രതിയോഗികളെ മാത്രമല്ല സ്വന്തം പാര്‍ട്ടിക്കാരെയും കശാപ്പുചെയ്യുന്ന പ്രസ്ഥാനമായി സിപിഎം മാറി. ഈരാറ്റുപേട്ടയില്‍ കൊന്നത് ആരെയാണെന്ന് പ്രത്യേകം പറയേണ്ടതുണ്ടോ? ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്. തങ്ങളല്ലാതെ മറ്റാരേയും ജീവിക്കാന്‍ അനുവദിക്കില്ലെന്ന സിപിഎം മാടമ്പിത്തരത്തിന് ആഭ്യന്തര വകുപ്പ് കുടപിടിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 19 ന് മുഖ്യമന്ത്രിയുടെ നാട്ടില്‍ നിന്ന് തുടങ്ങിയ നരനായാട്ട് പാലക്കാട് പുതുശേരിയില്‍ പാവപ്പെട്ട വീട്ടമ്മയെ ചുട്ടുകൊന്ന സംഭവത്തില്‍ എത്തി നില്‍ക്കുന്നു. പയ്യന്നൂരിലും കൂത്തുപറമ്പിലും തലശേരിയിലും വീട്ടമ്മമാരെ ക്രൂരമയി അക്രമിച്ച സിപിഎം ക്രിമിനലുകളെ പൊലീസ് സംരക്ഷിക്കുകയാണ്. കണ്ണൂരില്‍ എട്ട് വയസ്സുകാരന്റെ കൈവെട്ടിയ സിപിഎം മലപ്പുറത്ത് ഒന്നര വയസ്സുള്ള പിഞ്ചുകുഞ്ഞിനെ നിലത്തടിച്ച് കൊല്ലാന്‍ ശ്രമിച്ചു. രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ സ്ത്രീകളേപ്പോലും ചുട്ടുകൊല്ലുന്ന നാടായി കേരളം മാറി. പണ്ട് കണ്ണൂരിലെ ചാവശേരിയില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് നിര്‍ത്തി പെട്രോള്‍ഒഴിച്ച് കത്തിച്ചത് വിസ്മരിക്കാനാവില്ല. ബസ്സിനോടൊപ്പം നാല് ജീവനാണ് കത്തിയമര്‍ന്നത്. ദളിത് പീഡനങ്ങള്‍ നിത്യസംഭവമായി. പോലീസുകാര്‍ക്കുപോലും രക്ഷയില്ലാത്ത സംസ്ഥാനമായി മാറി. പോലീസ് സ്റ്റേഷനില്‍ സായുധരായെത്തിയ സിപിഎമ്മുകാരെ നേരിടാന്‍പോലും സാധിച്ചില്ല. പോലീസിന്റെ താക്കോല്‍ സ്ഥാനങ്ങളിലെല്ലാം ഏറാന്‍ മൂളികളെ നിശ്ചയിച്ചതിനുശേഷമാണ് തല്ലാനും കൊല്ലാനും അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇങ്ങനെപോയാല്‍ ജനങ്ങള്‍ ആത്മരക്ഷയുടെ മാര്‍ഗം തേടേണ്ടിവരും. അങ്ങനെ വരുമ്പോള്‍ എത്രകാലം നേതാക്കള്‍ കൊടിവച്ച കാറില്‍ ഊരുചുറ്റുമെന്നും ആലോചിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.