നീതി തേടുന്ന ഭൂസമരങ്ങള്‍

Friday 20 January 2017 9:11 pm IST

വിപ്ലവപ്രസ്ഥാനങ്ങള്‍ കൊടിക്കുത്തി വാഴുന്ന കേരളത്തില്‍ ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്ന അനേകം ഭൂസമരങ്ങള്‍ നടന്നിട്ടുണ്ട്. ഈ സമരങ്ങളെയൊക്കെ വളര്‍ത്തിയതും കെടുത്തിയതും ചെങ്കൊടി പ്രസ്ഥാനങ്ങളിലെ സവര്‍ണ്ണമേധാവികളായിരുന്നു. അവസരോചിതമായ രാഷ്ട്രീയ ജല്‍പ്പനങ്ങള്‍കൊണ്ട് ഇത്രയും കാലം ഇവര്‍ പലരേയും പിടിച്ചുനിര്‍ത്തിയെങ്കിലും ആദിവാസികളും ഭൂസമരനായകരും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരും തിരിച്ചറിവിന്റെ പാതയിലാണ്. കാതലായ അടിസ്ഥാന പ്രശ്‌നങ്ങളെ കാലാതീതമായി നിലനിര്‍ത്തി കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന പ്രത്യയ ശാസ്ത്രങ്ങളെ പിടിച്ച് നിര്‍ത്തുവാനുള്ള തത്രപ്പാടിലാണ് ചിന്താശേഷി നഷ്ടപ്പെട്ട ചെങ്കൊടി പ്രസ്ഥാനങ്ങള്‍. അധികാരത്തില്‍ എത്തിയപ്പോഴെല്ലാം അവകാശങ്ങള്‍ മറന്ന് പ്രവര്‍ത്തിച്ച പാരമ്പര്യമാണ് ചെങ്കൊടിപ്രസ്ഥാനത്തിനുള്ളത്. പാവപ്പെട്ടവന്റെ ചുടുചോരയില്‍ തീര്‍ത്ത നമ്പൂതിരിപ്പാടിന്റെ ആദ്യ മന്ത്രിസഭ മുതല്‍ ഇതിന്റെ തനിയാവര്‍ത്തനമാണ്. മുത്തങ്ങയിലെയും അരിപ്പയിലെയും ചെങ്ങറയിലെയും ഗവിയിലെയും സമരങ്ങള്‍ മാറിമാറിവന്ന കേരളസര്‍ക്കാരിന്റെ മുമ്പില്‍ നീതിതേടി എത്തിയപ്പോള്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചു. ജന്മിത്വം തകര്‍ക്കാന്‍ സവര്‍ണ്ണരുടെ പത്തായപ്പുരയും നിലവറയും അറകളും തകര്‍ത്തെറിഞ്ഞവര്‍ ഇന്ന് ഗോദ്‌റേജ് കമ്പനിയുടെ സ്‌ട്രോങ്ങ് റൂമിന്റെ ഉടമസ്ഥരായി. കമ്പ്യൂട്ടറിന്റെ വരവിനെ നഖശിഖാന്തം എതിര്‍ത്തവര്‍ സോഷ്യല്‍ മീഡിയയുടെ തമ്പുരാക്കന്മാരാകുന്നു. എടിഎമ്മിനെ തള്ളിപ്പറഞ്ഞവര്‍ എടിഎമ്മില്‍ പൈസയില്ലാത്തതില്‍ പരിതപിക്കുന്നു. പിന്നാക്കക്കാരുടെയും ഭൂരഹിതരുടെയും ദുരിതങ്ങള്‍ വര്‍ദ്ധിക്കുകയാണ്. കേരളത്തില്‍ അരങ്ങേറിയ പ്രധാന ഭൂസമരങ്ങളുടെയെല്ലാം സമരനായകന്മാരും സമരരീതികളും പലതായിരുന്നെങ്കിലും അവരുടെ ലക്ഷ്യം ഒന്നു മാത്രമായിരുന്നു; ഇത്തിരമണ്ണും ഒരു കൊച്ചുവീടും. വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാതിരിക്കാന്‍ മാറി മാറി കേരളം ഭരിച്ച രാഷ്ട്രീയമാടമ്പിമാര്‍ കരുതിക്കൂട്ടി കരുക്കള്‍ നീക്കിക്കൊണ്ടിരിക്കുന്നു. പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ പഞ്ചായത്തിലെ ചെങ്ങറ ഭൂസമരത്തിന് 2017 ആഗസ്റ്റ് മാസം ആകുമ്പോള്‍ പത്ത് വയസ്സ് തികയും. കണ്ണീരിന്റെ നനവ് വീണ മണ്ണ് ഇപ്പോഴും ദുരിതക്കയത്തിലാണ്. 2007 ആഗസ്റ്റില്‍ സമരം തുടങ്ങുമ്പോള്‍ ജനപ്രിയനേതാവ്, സാധാരണക്കാരുടെ അപ്പോസ്തലന്‍ എന്നൊക്കെ വാഴ്ത്തപ്പെടുന്ന അച്യുതാനന്ദന്‍ മന്ത്രിസഭയായിരുന്നു ഭരണത്തില്‍. സമരം പത്ത് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഏതാണ്ട് എട്ട് കിലോമീറ്റര്‍ ചുറ്റളവില്‍ സ്വയം ഭരണപ്രദേശമായി പ്രഖ്യാപിച്ച് അറുനൂറോളം വീടുകള്‍ മതില്‍കെട്ടി കാവലൊരുക്കി കനിവിനായി കാതോര്‍ത്ത് കഴിയുന്നു. വോട്ടവകാശം പോലും നിഷേധിക്കപ്പെട്ട ഇവര്‍ക്ക് വീടിന് നമ്പരോ, റേഷന്‍കാര്‍ഡോ എന്തിന് വെള്ളമോ വെളിച്ചമോ നല്‍കാന്‍ പോലും നാളിതുവരെ മാറിവന്ന ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. അനുഭാവപൂര്‍ണ്ണമായ ഒരു ചര്‍ച്ചയ്ക്കുപോലും കളമൊരുങ്ങിയിട്ടുമില്ല. നീതിനിഷേധിക്കപ്പെടുന്ന സമൂഹമായി ഇവര്‍ ഇരുട്ടില്‍ തപ്പുമ്പോള്‍ മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവര്‍ ഇവരുടെ രോദനം കേള്‍ക്കുമോ? ഉടുതുണിക്ക് മറുതുണിയില്ലാതെ ഒട്ടിയവയറും കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഉണ്ണാതെ ഉറങ്ങാതെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ മറപ്പുരപോലും കാണാതെ പ്രായപൂര്‍ത്തിയായ പെണ്‍മക്കളെയും കെട്ടിപിടിച്ച് വെയിലിലും മഴയിലും തണുപ്പിലും ജനിച്ച മണ്ണില്‍ നിവര്‍ന്ന് നില്‍ക്കാന്‍ എത്ര വര്‍ഷം ഇവര്‍ സമരം ചെയ്യണം. ഈ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഒറ്റപ്പെട്ട സമരമല്ല മറിച്ച് ഒരു ജനകീയ കൂട്ടായ്മയാണ് ഉയര്‍ന്ന് വരേണ്ടത്. ചെറുവള്ളി എസ്റ്റേറ്റിലേക്ക് രമണി സതീശന്‍ നയിച്ച മാര്‍ച്ചും ഭൂരഹിതസമിതിക്കുവേണ്ടി പത്തനംതിട്ട കളക്‌ട്രേറ്റിലേക്ക് മോഹന്‍ദാസ് നയിച്ച മാര്‍ച്ചും ശ്രദ്ധിക്കപ്പെടാതെ പോയത് ഇതിലേക്ക് വിരല്‍ചൂണ്ടുന്നു. ആദിവാസി ഊരിനെക്കാള്‍ പരിതാപകരമായ അവസ്ഥയില്‍ ഇവര്‍ കഴിയുമ്പോള്‍ മന്ത്രിമാരോ എംഎല്‍എമാരോ ഭരണകര്‍ത്താക്കളോ നാളിതുവരെ ഈ സമരഭൂവില്‍ ഇവരെത്തേടി ചെന്നിട്ടില്ല. അന്വേഷിച്ചിട്ടില്ല. ചെങ്കൊടിത്തണലില്‍ മുദ്രാവാക്യം വിളിച്ച് തളര്‍ന്നുറങ്ങുവാന്‍ ഇവരെ കിട്ടില്ലെന്ന് അവര്‍ക്ക് അറിയാവുന്നത് കൊണ്ടാവാം ക്യൂനിന്ന് കയ്യില്‍ മഷി പുരട്ടി ജനാധിപത്യത്തെ പരിപോഷിപ്പിക്കാനും നിര്‍ഭാഗ്യവശാല്‍ ഇവര്‍ക്ക് ആവില്ല. അനുഭവസമ്പത്ത് കൊണ്ട് ഇടതു-വലത് പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ട ഈ പട്ടിണിപ്പാവങ്ങള്‍ പുതിയ ഒരു രാഷ്ട്രീയ സമവായത്തില്‍ ഉണര്‍വ്വിന്റെ സൂര്യകിരണം ദര്‍ശിക്കുന്നു. പ്രകൃതിരമണീയമായ പത്തനംതിട്ട ജില്ലയില്‍ പുറംലോകം അറിയാത്ത നീതിനിഷേധത്തിന്റെ മറ്റൊരുമുഖം കൂടി നമുക്ക് ദര്‍ശിക്കാം-ഗവി. പ്രകൃതി കനിഞ്ഞരുളിയ വനസമ്പത്ത് ദേശപ്പെരുമയ്ക്ക് തലപ്പാവ് ചാര്‍ത്തുന്നതും, ദേശാടനകിളികള്‍ രാപ്പാര്‍ക്കാന്‍ ഇടം തേടുന്നതുമായ വശ്യമനോഹരമായ ഗവി. ടൂറിസം മാപ്പില്‍ ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന ശാന്തസുന്ദരമായ സ്ഥലം. വായു മലിനീകരണമില്ലായ്മയില്‍ ലോകത്തിന് തന്നെ മാതൃക. ജില്ലയുടെ കിഴക്കന്‍ വനമേഖലയിലെ ഗവിയില്‍ നൂറുകണക്കിന് മനുഷ്യക്കോലങ്ങള്‍ കല്‍ച്ചങ്ങലകളില്ലാതെ കല്‍ത്തുറുങ്കില്‍ എന്നപോല്‍ കഴിയുന്നു. ഇവരുടെ ദുരന്തകഥകളറിഞ്ഞ് ഈ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ വന്ദ്യവയോധികയുടെ മുഖം മനസ്സില്‍ നിന്ന് മായാതെ അവശേഷിക്കുന്നു. കുടിയേറി പാര്‍ത്തപ്പോള്‍ ലഭിച്ച ഒരു ലയത്തിന്റെ മേല്‍ക്കൂരയില്‍ കെട്ടിയ പഴകി ദ്രവിച്ച ടാര്‍പ്പോളിന്‍ തണലിലിരുന്ന് നിറഞ്ഞ കണ്ണുകളാല്‍ വിറയ്ക്കുന്ന കരങ്ങള്‍ കൂപ്പി ഏങ്ങലടിയോടെ അവ്യക്തമായ ഭാഷയില്‍ അവര്‍ പറഞ്ഞത് ഒന്നുമാത്രം 'ഞങ്ങളെ രക്ഷിക്കണം.' ഈ ഒറ്റവാചകത്തില്‍ നിന്ന് ഗവിയുടെ അരനൂറ്റാണ്ടിന്റെ ചരിത്രം നമുക്ക് വായിക്കാന്‍ കഴിയും. 1975-76 കാലഘട്ടത്തില്‍ സ്ഥിരമായ ജോലിയും താമസസ്ഥലവും വാഗ്ദാനം നല്‍കി കെഎഫ്ഡിസിയുടെ വക ആയിരം ഹെക്ടറോളം വരുന്നതേയിലത്തോട്ടത്തില്‍ പണിയെടുക്കുവാനായി കരാറടിസ്ഥാനത്തില്‍ ശ്രീലങ്കയില്‍ നിന്നുകൊണ്ടുവന്ന ഏകദേശം അഞ്ഞൂറോളം തമിഴ് കുടുംബങ്ങളാണ് ഇന്നിവിടെ നരകയാതന അനുഭവിച്ച് കുടിയിറക്കിന്റെ ഭീഷണിയില്‍ കഴിയുന്നത്. പതിറ്റാണ്ടുകളായി ജോലി നോക്കിയിരുന്ന തേയിലത്തോട്ടങ്ങളില്‍ നിന്നാണ് ഇവരെ നിര്‍ദാക്ഷിണ്യം പടിയിറക്കാന്‍ ശ്രമിക്കുന്നത്. ഒപ്പം ഈ മേഖലയില്‍ തലമുറകളായി കഴിയുന്ന കാടിന്റെ മക്കളായ വനവാസികളും കുടിയിറക്കലിന്റെ ഭീഷണിയിലാണ്. ഗവിയിലും ചേര്‍ന്നുകിടക്കുന്ന മീനാര്‍, കൊച്ചുപമ്പ എന്നിവിടങ്ങളിലുമാണ് ഇവരുടെ ലയങ്ങള്‍. തുടക്കം മുതല്‍ കമ്പനിയുടെ ലയങ്ങളില്‍ കഴിഞ്ഞിരുന്നതുകൊണ്ട് സ്വന്തമായി ഒരിഞ്ച് ഭൂമി പോലും ഇവര്‍ക്കിവിടെയില്ല. പണ്ടിവിടെ പിന്തുടര്‍ച്ചവകാശം നിലനിന്നിരുന്നതിനാല്‍ ഒരാള്‍ പെന്‍ഷന്‍ പറ്റിയാല്‍ അനന്തരാവകാശികള്‍ക്ക് ജോലി ലഭ്യമായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മാറി. പെന്‍ഷന്‍ പറ്റുന്നവര്‍ ലയം വിട്ട് പോകുവാനാണ് കമ്പനി പറയുന്നത്. ആശ്രിതര്‍ക്ക് ജോലിയും നല്‍കുന്നില്ല. തന്നെയുമല്ല ഈ പ്രദേശങ്ങള്‍ പെരിയാര്‍ കടുവാ സംരക്ഷണമേഖലയാകുകയും, ഇക്കോടൂറിസത്തിന്റെ പരിധിയില്‍ വരികയും ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. മലംപണ്ടാരങ്ങള്‍ ഉള്‍പ്പെടെ ആയിരത്തിലധികം ആളുകള്‍ താമസിക്കുന്ന ഇവിടെ യാതൊരു ചികിത്സാ സൗകര്യങ്ങളുമില്ല. പേരിനുമാത്രം ഒരു പ്രാഥമിക ആരോഗ്യകേന്ദ്രം ഉണ്ടെങ്കിലും ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ല. ഡോക്ടറും പ്യൂണും കമ്പോണ്ടറും എല്ലാം നഴ്‌സുമാരാണ്. വല്ലപ്പോഴും സമീപസ്ഥലമായ സീതത്തോട്ടില്‍ നിന്ന് ഡോക്ടര്‍മാര്‍ ആരെങ്കിലും വന്നാല്‍ റോഡരികില്‍ നിര്‍ത്തിയാണ് ഇവരെ പരിശോധിക്കുന്നത്. ഏറ്റവും അടുത്ത ആശുപത്രിയിലെത്താന്‍ കാനനപാതയിലൂടെ 35 കിലോമീറ്റര്‍ സഞ്ചരിച്ച് വണ്ടിപ്പെരിയാറില്‍ എത്തണം. ആറ് മണി കഴിഞ്ഞ് ചെക്‌പോസ്റ്റ് വഴി ഗതാഗതം നിരോധിച്ചിട്ടുമുണ്ട്. കുട്ടികള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ കെഎഫ്ഡിസിയുടെ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എല്‍പി സ്‌കൂള്‍ മാത്രമാണ് ഏക ആശ്രയം. അഞ്ചാം ക്ലാസ്സ് കഴിഞ്ഞാല്‍ തുടര്‍പഠനം നടത്തുവാനും 35 കിലോമീറ്റര്‍ താണ്ടി വണ്ടിപ്പെരിയാറിലെത്തണം. ഈ ദുരിതക്കയത്തില്‍ ആണ്ടുകിടക്കുമ്പോഴും അധികാരികള്‍ക്ക് മുമ്പില്‍ അവര്‍ക്ക് ഒരു അപേക്ഷ മാത്രമാണുള്ളത്. ഞങ്ങളെ കുടിയിറക്കരുത്. ജനിച്ച നാട്ടിലും പിന്നീട് വളര്‍ന്ന നാട്ടിലും ഇവര്‍ അന്യരായി ജീവിക്കുന്നു. വെള്ളവും വെളിച്ചവും ഇല്ലാതെ പകര്‍ച്ച വ്യാധികളെ അതിജീവിച്ച് കാട്ടുമൃഗങ്ങളോട് പോരാടി ഇതുവരെ പിടിച്ചുനിന്ന ഇവര്‍ക്ക് രാഷ്ട്രീയ മേലാളന്മാരുടെ ചട്ടുകമായി പ്രവര്‍ത്തിക്കാത്തതുകൊണ്ട് നിവര്‍ന്ന് നില്‍ക്കുന്ന കാല്‍ച്ചുവട്ടിലെ ഒരുപിടി മണ്ണ് സംരക്ഷിക്കുവാന്‍ പാടുപെടേണ്ടി വരുന്നു. കേരളത്തിലെ ഒട്ടനവധി ഭൂസമരങ്ങളെ ഒറ്റുകൊടുത്തതും ഒറ്റപ്പെടുത്തിയതും സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനമാണന്ന് കാലം തെളിയിച്ചിരിക്കുകയാണ്. പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വ്വം പരിഹരിച്ചാല്‍ വൈരുദ്ധ്യാത്മിക ഭൗതികവാദത്തിന് അടിത്തറ നഷ്ടപ്പെടും. അതുകൊണ്ട് ഇക്കാലമത്രയും ഈ ഭൂസമരങ്ങളെ ഭിന്നിപ്പിച്ച് നിര്‍ത്തി ഇവര്‍ നേട്ടം കൊയ്തു. പുത്തന്‍കാഴ്ചപ്പാടോടെ തിരിച്ചറിവിന്റെ പാതയില്‍ ഗവിയിലെ തോട്ടം തൊഴിലാളികളും വനവാസികളും ഒത്തുചേര്‍ന്ന് ഒരേവേദിയില്‍ കേരളത്തിലെ സമാനമായ മറ്റു സമരങ്ങളെ ഒരുമിച്ച് നിര്‍ത്തിയാല്‍ അത് ചരിത്രത്തില്‍ ഇടംനേടും എന്നതിന് സംശയമില്ല.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.