ലക്ഷങ്ങള്‍ പിരിച്ചെടുത്തിട്ട് 15 വര്‍ഷം; എന്നിട്ടും മുട്ടപ്പള്ളിക്കാര്‍ക്ക് കുടിവെളളമില്ല

Friday 20 January 2017 9:18 pm IST

എരുമേലി: പതിനഞ്ച് വര്‍ഷം മുമ്പ് കുടിവെള്ളം എത്തിക്കാന്‍ നാട്ടുകാരില്‍ നിന്നും ലക്ഷങ്ങള്‍ പിരിച്ചെടുത്തു. എന്നിട്ടും മുട്ടപ്പള്ളിയില്‍ കുടിവെളളം മാത്രം എത്തിയില്ല. ജില്ല പഞ്ചായത്ത് പദ്ധതി പ്രകാരം എരുമേലി പഞ്ചായത്തിലെ മുട്ടപ്പള്ളിയില്‍ ആരംഭിച്ച പദ്ധതിയിലാണ് ലക്ഷങ്ങളുടെ കുടിവെള്ള അഴിമതിയുടെ കഥ നടന്നത്. നൂറു കണക്കിനു വരുന്ന കുടുംബങ്ങള്‍ക്ക് പൈപ്പ് കണക്ഷന്‍ വഴി കുടിവെളളം എത്തിക്കാന്‍ പൈപ്പ് വാങ്ങാനായി ഓരോ കുടുംബത്തില്‍ നിന്നും 500 രൂപാവീതം പിരിച്ചിട്ട് വര്‍ഷങ്ങള്‍കഴിഞ്ഞു. കുടിവെള്ള പദ്ധതിക്കായി എലിവാലിക്കരയില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് ടാങ്ക് നിര്‍മ്മിക്കുകയും ചെയ്തു. എന്നിട്ടും ഒരു തുള്ളി വെള്ളം പോലും കൊടുക്കാന്‍ കഴിഞ്ഞില്ല. നാട്ടുകാര്‍ക്ക് പണവുമില്ല വെള്ളവുമില്ല. ഇതിനിടെ പദ്ധതിയിലെ ലക്ഷങ്ങളുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുകയാണ്. കുടിവെള്ളത്തിനായി വീടുകളിലേക്ക് പൈപ്പു കണക്ഷന്‍ സ്ഥാപിക്കാന്‍ പിരിച്ചെടുത്ത 500 രൂപ തിരിച്ചുനല്‍കുകയോ അല്ലെങ്കില്‍ പദ്ധതി പൂര്‍ത്തീകരിക്കുകയോ വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇതിനിടെ ചില സ്ഥലങ്ങളില്‍ നിലവാരം കുറഞ്ഞപൈപ്പുകള്‍ സ്ഥാപിച്ച് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ആ പൈപ്പുകള്‍ പൊട്ടി തകര്‍ന്നതും വ്യാപകമായ പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ചതോടെ പദ്ധതിക്കായി നിര്‍മ്മിച്ച ടാങ്കും ഒരു സ്മാരകമായി മേഖലയില്‍ നിലനില്‍ക്കുന്നു. മുട്ടപ്പള്ളിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് നിരവധി പദ്ധതികള്‍ തുടങ്ങിയെങ്കിലും ഒരെണ്ണം പോലും പൂര്‍ത്തീകരിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. മിക്ക പദ്ധതികളും പാതിവഴിയില്‍ ഉപേക്ഷിക്കുന്ന പതിവ് കാഴ്ചയാണ് ഇപ്പോള്‍ നാട്ടുകാരെ പ്രകോപിതരാക്കിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.