മുറെ, ഫെഡറര്‍, കെര്‍ബര്‍ പ്രീ ക്വാര്‍ട്ടറില്‍

Friday 20 January 2017 9:33 pm IST

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ ആഞ്ചലിക് കെര്‍ബര്‍, ഏഴാം സീഡ് ഗാര്‍ബിനെ മുഗുരുസ, എട്ടാം സീഡ് സ്വെറ്റ്‌ലാന കുസ്‌നെറ്റ്‌സോവ, 11-ാം സീഡ് വീനസ് വില്ല്യംസ് തുടങ്ങിയവര്‍ പ്രീ ക്വാര്‍ട്ടറില്‍. പുരുഷ സിംഗിള്‍സില്‍ ആന്‍ഡി മുറെ, റോജര്‍ ഫെഡറര്‍, സ്റ്റാനിസ്ലാവ് വാവ്‌റിങ്ക, കി നിഷികോരി, ജോ വില്‍ഫ്രഡ് സോംഗ തുടങ്ങിയവരും നാലാം റൗണ്ടിലേക്ക് മുന്നേറി. പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ ബ്രിട്ടന്റെ ആന്‍ഡി മുറെ അമേരിക്കയുടെ സാം ഖുറെയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു മുറെയുടെ മുന്നേറ്റം. സ്‌േകാര്‍: 6-4, 6-2, 6-4. ജര്‍മ്മനിയുടെ മിഷ സ്വെരേവാണ് മുറെയുടെ നാലാം റൗണ്ട് എതിരാളി. സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ 10-ാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബര്‍ഡിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് പ്രീ ക്വാര്‍ട്ടറിലെത്തി. ഒന്നര മണിക്കൂര്‍ നീണ്ട മത്സരത്തിനൊടുവില്‍ 6-2, 6-4, 6-4 എന്ന സ്‌കോറിനായിരുന്നു ഫെഡ് എക്‌സ്പ്രസ് വിജയം കണ്ടത്. അഞ്ചാം സീഡ് ജപ്പാന്റെ കി നിഷികോരിയാണ് ഫെഡററുടെ അടുത്ത റൗണ്ട് എതിരാളി. സെര്‍ബിയയുടെ ലൂക്കാസ് ലാക്കോയെ 6-4, 6-4, 6-4 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നിഷികോരി പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. നാലാം സീഡ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാവ് വാവ്‌റിങ്ക നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ സെര്‍ബിയയുടെ വിക്ടര്‍ ട്രോയ്‌സിക്കിയെ കീഴടക്കി അടുത്ത റൗണ്ടിലെത്തി. സ്‌കോര്‍: 3-6, 6-2, 6-2, 7-6 (9-7). അടുത്ത റൗണ്ടില്‍ ഇറ്റലിയുടെ ആന്ദ്രെ സെപ്പിയാണ് വാവ്‌റിങ്കയുടെ എതിരാളി. 23-ാം സീഡ് അമേരിക്കയുടെ ജാക്ക് സോക്കിനെ നാല് സെറ്റ് നീണ്ട ആവേശപ്പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തി 12-ാം സീഡ് ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗയും നാലാം റൗണ്ടില്‍. മൂന്ന് മണിക്കൂറും 33 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവില്‍ 7-6 (7-4), 7-5, 6-7 (8-10), 6-3 എന്ന സ്‌കോറിനായിരുന്നു സോംഗ വിജയം കണ്ടത്. ഇംഗ്ലണ്ടിന്റെ ഡാനിയേല്‍ ഇവാന്‍സ് അടുത്ത റൗണ്ടില്‍ എതിരാളി. ഓസ്‌ട്രേലിയയുടെ 27-ാം സീഡ് ബെര്‍ണാഡ് ടോമിക്കിനെ അട്ടിമറിച്ചാണ് ഇവാന്‍സ് നാലാം റൗണ്ടിലേക്ക് മുന്നേറിയത്. വനിതാ സിംഗിള്‍സില്‍ ജര്‍മനിയുടെ കെര്‍ബര്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവയെയാണ് മൂന്നാം റൗണ്ടില്‍ കീഴടക്കിയത്. സ്‌കോര്‍: 6-0, 6-4. കാനഡയുടെ യൂജിന്‍ ബുച്ചാര്‍ഡിനെ അട്ടിമറിച്ചെത്തിയ അമേരിക്കയുടെ കോകോ വാന്‍ഡെവേഗാണ് അടുത്ത റൗണ്ടില്‍ കെര്‍ബറുടെ എതിരാളി. ജര്‍മ്മന്‍ സുന്ദരി മുഗുരുസ 32-ാം സീഡ് ലാത്‌വിയയുടെ അനസ്താസിയ സ്വെസ്‌റ്റോവയെ 6-4, 6-2 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി പ്രീ ക്വാര്‍ട്ടറിലെത്തി. റുമാനിയയുടെ സൊറോന സിര്‍സ്റ്റിയ അടുത്ത റൗണ്ടില്‍ എതിരാളി. സെര്‍ബിയയുടെ യെലേന യാന്‍കോവിച്ചിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തി എട്ടാം സീഡ് റഷ്യയുടെ സ്വറ്റ്‌ലാന കുസ്‌നെറ്റ്‌സോവ നാലാം റൗണ്ടിലേക്ക് മുന്നേറി. സ്‌കോര്‍: 6-4, 7-5, 9-7. പ്രീ ക്വാര്‍ട്ടറില്‍ നാട്ടുകാരിയും 24-ാം സീഡുമായ അനസ്താസിയ പാവ്‌ല്യുചെങ്കോയാണ് സ്വറ്റ്‌ലാനയുടെ എതിരാളി. 11-ാം സീഡ് ഉക്രെയിനിന്റെ എലിന സ്വിറ്റോലിനയെ 7-5, 4-6, 6-3 എന്ന സ്‌കോറിനാണ് അനസ്താസിയ മൂന്നാം റൗണ്ടില്‍ കീഴടക്കിയത്. 13-ാംസീഡ് അമേരിക്കയുടെ വീനസ് വില്ല്യംസ് 6-1, 6-0 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് ചൈനയുടെ യിങ്‌യിങ് ഡുവാനെ പരാജയപ്പെടുത്തി. ജര്‍മ്മനയുടെ മോന ബാര്‍ത്തല്‍ നാലാം റൗണ്ടില്‍ വീനസിനെ വെല്ലുവിളിക്കും. സാനിയ സഖ്യം മുന്നോട്ട് മെല്‍ബണ്‍: വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ സഖ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍. രണ്ടാം റൗണ്ടില്‍ നാലാം സീഡായ സാനിയ മിര്‍സ-ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബോറ സ്‌ട്രൈക്കോവ സഖ്യം ഓസ്‌ട്രേലിയയുടെ സാമന്ത സ്‌റ്റോസര്‍ ചൈനയുടെ ഷാങ് ഷുയി സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തു. സ്‌കോര്‍: 6-1, 6-4. പ്രീക്വാര്‍ട്ടറില്‍ ജാപ്പനീസ് ജോഡികളായ മിയു കാറ്റോ-എറി ഹൊസുമി സഖ്യമാണ് സാനിയ സഖ്യത്തിന്റെ എതിരാളികള്‍. ഫ്രഞ്ച് താരം അലിസെ കോര്‍നെറ്റ് പോളണ്ടിന്റെ മഗ്ഡ ലിനെറ്റ് ജോഡിയെയാണ് മിയു-ഹൊസുമി രണ്ടാം റൗണ്ടില്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 3-6, 6-3, 6-3. അതേസമയം പുരുഷ ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ സഖ്യം രണ്ടാം റൗണ്ടില്‍ പുറത്ത്. ഓസീസ് ജോഡികളായ അലക്‌സ് ബോള്‍ട്ട്, ബ്രാഡ്‌ലി മൗസ്‌ലി സഖ്യത്തോട് മൂന്ന് സെറ്റ് നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് ബൊപ്പണ്ണ-ഉറുഗ്വെയുടെ പാബ്ലോ ക്യുവാസ് ജോഡികള്‍ കീഴടങ്ങിയത്. സ്‌കോര്‍: 6-2, 6-7 (2-7), 4-6. ആദ്യ സെറ്റ് അനായാസം നേടിയശേഷമായിരുന്നു ബൊപ്പണ്ണ സഖ്യം പരാജയം ഏറ്റുവാങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.