മാറാട്: സിബിഐ അന്വേഷണം ഹിന്ദു സംഘടനകളുടെ പരിശ്രമം

Friday 20 January 2017 9:53 pm IST

കോഴിക്കോട്: മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന കണ്ടെത്താന്‍ സിബിഐ അന്വേഷണം ആരംഭിച്ചത് ഹിന്ദു സംഘടനകളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലം.  അരയസമാജമടക്കമുള്ള ഹിന്ദു സംഘടനകളുടെ നിരന്തരമായ ആവശ്യമാണ് ഫലപ്രാപ്തിയിലെത്തിയിരിക്കുന്നത്. സിബിഐ അന്വേഷണത്തില്‍ കുറഞ്ഞ യാതൊരു ഒത്തുതീര്‍പ്പുകള്‍ക്കും ഇല്ലെന്ന് പ്രഖ്യാപിച്ച് മാറാട് അരയസമാജം, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകള്‍ പ്രക്ഷോഭത്തിലൂടെയും നിയമപരമായും പോരാട്ടത്തിലായിരുന്നു. കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് തോമസ് പി. ജോസഫ് കമ്മീഷന്റെ റിപ്പോര്‍ട്ട്, പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച കേരള ഹൈക്കോടതി വിധി എന്നിവയും കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ കേരള സര്‍ക്കാറും സിബിഐയും അന്ന് അന്വേഷണത്തിന് അനുകൂലമല്ലാത്ത നിലപാടാണെടുത്തത്. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കോണ്‍ഗ്രസ്, സിപിഎം, മുസ്ലിംലീഗ് നിലപാടിനെ അനുകൂലമായാണ് ഹൈക്കോടതിയില്‍ നിയമോപദേശങ്ങള്‍ സമര്‍പ്പിക്കപ്പെട്ടത്. എന്നാല്‍ പിന്നീട് മാറാട് അരയസമാജമടക്കമുള്ളവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയെ തുടര്‍ന്നാണ് മാറാട് കൂട്ടക്കൊല സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവായത്. മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഡാലോചന അന്വേഷിക്കാന്‍ അനുകൂലമായ നിലപാടെടുത്ത സിബിഐയുടെ സത്യവാങ് മൂലമാണ് കേസില്‍ വഴിത്തിരിവായത്. 2016 ആഗസ്റ്റ് 10 നാണ് മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചത്. ഇതോടെയാണ് പൊതുതാല്‍പര്യ ഹര്‍ജിയില്‍ മാറാട് അരയസമാജത്തിന് അനുകൂലമായ വിധിയുണ്ടായത്. മുസ്ലിം ലീഗ് സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കി സിബിഐ പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഡാലോചന അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച എഫ്‌ഐആറിന്റെ തുടര്‍ച്ചയായായാണ് സിബിഐ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതോടെ കേരളം കണ്ട ഏറ്റവും വലിയ കൂട്ടക്കൊലയ്ക്കു പിന്നിലെ ആസൂത്രണം, ഭീകരവാദബന്ധം, സാമ്പത്തിക സ്രോതസ്സ് എന്നിവയെകുറിച്ചുള്ള അന്വേഷണത്തിനാണ് തുടക്കമിട്ടിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.