ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക്

Friday 20 January 2017 10:35 pm IST

ന്യൂദല്‍ഹി/ ചെന്നൈ: തമിഴ്‌നാട്ടിലെ പ്രതിഷേധ പ്രകടനങ്ങള്‍ വ്യാപകമായ സാഹചര്യത്തില്‍ ജെല്ലിക്കെട്ടിന് അനുമതി നല്‍കുന്ന ഓര്‍ഡിനന്‍സിന് കേന്ദ്ര നിയമമന്ത്രാലത്തിന്റെ അംഗീകാരം. രാഷ്ട്രപതിയുടെ പരിഗണനകൂടി ലഭിക്കുന്നതോടെ ഇത് പ്രാബല്യത്തിലാവും. സാംസ്‌കാരിക പൈതൃകമെന്ന നിലയില്‍ ജെല്ലിക്കെട്ട് അനുവദിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. ഓര്‍ഡിനന്‍സിന് പിന്തുണ നല്‍കണമെന്നാവശ്യപ്പെട്ട് ഗതാഗത സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ സംസ്ഥാന സംഘം കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി പനീര്‍സെല്‍വം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയേയും സന്ദര്‍ശിച്ചിരുന്നു. അതിനിടെ കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധി പ്രസ്താവന മാറ്റി. സംസ്ഥാനത്തെ പ്രതിഷേധ പ്രകടനങ്ങള്‍ വ്യാപകമായ സാഹചര്യത്തില്‍ വിധി പ്രസ്താവന ഒരാഴ്ചത്തേയ്ക്ക് നീട്ടണമെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗി കോടതിയില്‍ അറിയിക്കുകയായിരുന്നു. ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പ്രതിഷേധങ്ങളെത്തുടര്‍ന്ന് സംസ്ഥാനത്തെ ക്രമസാമാധാന നില തകരാറിലായിക്കൊണ്ടിരിക്കുകയാണ്. മൃഗസംരക്ഷണവും, പാരമ്പര്യ കായിക വിനോദവും ഒരുപോലെ പരിഗണിക്കേണ്ടതാണെന്നും രോഹത്ഗി പറഞ്ഞു. ജെല്ലിക്കെട്ട് പരമ്പരാഗത കായിക വിനോദമായി പരിഗണിക്കുന്നതിനുള്ള നിയമനിര്‍മാണം നടത്താന്‍ തമിഴ്നാട് സര്‍ക്കാരിന് അധികാരമുണ്ട്. ജെല്ലിക്കെട്ട് നിരോധനം നീക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് പാസാക്കുന്നതുവരെ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചിരുന്നു. സംസ്ഥാനത്ത് ബന്ദിന്റെ പ്രതീതിയാണിപ്പോള്‍.  ഡിഎംകെ നേതാക്കളായ എം. കെ. സ്റ്റാലിന്‍, കനിമൊഴി എന്നിവരും സമരമുഖത്തുണ്ട്. പോലീസ് സ്റ്റാലിനെ കരുതല്‍ തടങ്കലിലാക്കി. ചെന്നൈയില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു. സംഗീത സംവിധായകന്‍ എ. ആര്‍. റഹ്മാന്‍ പ്രക്ഷോഭകരെ പിന്തുണച്ച് ഇന്നലെ നിരാഹാരം ആചരിച്ചു. കൂടാതെ തമിഴ് താര സംഘടനയായ നടികര്‍ സംഘവും പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്ന് തെരുവിലിറങ്ങിയിട്ടുണ്ട്. രജനീകാന്ത്, കമല്‍ഹാസന്‍, സൂര്യ, അജിത്ത്, കാര്‍ത്തി, തൃഷ കൃഷ്ണന്‍ തുടങ്ങിയ പ്രമുഖര്‍ സമരത്തിന് പിന്തുണ നല്‍കി രംഗത്തെത്തി. ജെല്ലിക്കെട്ട് നിരോധനം സംസ്ഥാനത്ത് പ്രക്ഷോഭമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിരോധനത്തിനെതിരെ പ്രത്യേക നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താത്പ്പര്യ ഹര്‍ജി മദ്രാസ് ഹൈക്കേടതി തള്ളി. ഇത്തരത്തില്‍ ഒരു ഉത്തരവ് കൊണ്ടുവരാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് എസ്. കെ. കൗള്‍, ജസ്റ്റിസ് എം. സുന്ദര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.